
ദോഹ: ഖത്തർ ഫൗണ്ടേഷൻ ഫോർ സോഷ്യൽ വർക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന വയോജന പരിചരണ കേന്ദ്രമായ 'ഇഹ്സാൻ' (Ehsan), കൗൺസിൽ ഓഫ് എൽഡേഴ്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വേനൽക്കാല പരിപാടി വിജയകരമായി സമാപിച്ചു. രാജ്യത്തെ വിവിധ യുവജന കേന്ദ്രങ്ങളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
തലമുറകൾ തമ്മിലുള്ള ആശയവിനിമയം ശക്തമാക്കുക, മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്ത് പുതിയ തലമുറയ്ക്ക് പകർന്നു നൽകുക, സമൂഹത്തിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
വിവിധ സാംസ്‌കാരിക, സാമൂഹിക, ബോധവൽക്കരണ, വിനോദ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. മുതിർന്ന പൗരന്മാരും യുവതലമുറയും ഒന്നിച്ചെത്തിയ വേദിയിൽ അറിവുകളും മൂല്യങ്ങളും സാമൂഹിക പാരമ്പര്യങ്ങളും പരസ്പരം പങ്കുവെക്കപ്പെട്ടു.
മുതിർന്ന പൗരന്മാരെ ശാക്തീകരിക്കുന്നതിനും സമൂഹത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഇത്തരം മുൻകൈകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഇഹ്സാൻ സെന്റർ ചൂണ്ടിക്കാട്ടി. ഇത്തരം സംയുക്ത പരിപാടികൾ സംഘടിപ്പിക്കുന്നതിന് പൂർണ്ണ പിന്തുണ നൽകിയ യുവജന കേന്ദ്രങ്ങൾക്ക് ഇഹ്സാൻ സെന്റർ നന്ദി അറിയിച്ചു.










