
സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞതിന് പിഴയായി ഇതുവരെ 38 ലക്ഷം രൂപ ഈടാക്കിയതായി അധികൃതർ അറിയിച്ചു. എന്നാൽ, വിവരം നൽകിയവർക്ക് പാരിതോഷികമായി 54,700 രൂപ മാത്രമാണ് നൽകിയത്. പലരും പാരിതോഷികത്തിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാത്തതാണ് ഇതിന് ഒരു കാരണം.
മുൻപ്, വിവരം കൈമാറുന്നവർക്ക് പരമാവധി 2500 രൂപയായിരുന്നു പാരിതോഷികം ലഭിച്ചിരുന്നത്. ഇത് കുറവായതിനാൽ വാട്സാപ്പ് വഴി വിവരങ്ങൾ നൽകുന്നതിൽ കുറവുണ്ടായതായി സർക്കാർ വിലയിരുത്തിയിരുന്നു. ഈ സാഹചര്യം പരിഹരിക്കുന്നതിനായി പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികമായി നൽകാൻ കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കി. ഇതോടെ, പരമാവധി പിഴയായ 50,000 രൂപ ചുമത്തുന്ന കേസുകളിൽ 12,500 രൂപ വരെ പാരിതോഷികം ലഭിക്കും.
ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനമാണ് പിഴ ഈടാക്കുന്നത്. കുറ്റം ചെയ്ത വ്യക്തിയോ സ്ഥാപനമോ പിഴ അടച്ചാലുടൻ, വിവരം കൈമാറിയവരെ ബന്ധപ്പെട്ട് അക്കൗണ്ട് വിവരങ്ങൾ ചോദിക്കും. യുവജനങ്ങൾ സഹകരിക്കുന്നുണ്ടെങ്കിലും മറ്റുള്ളവർ വിമുഖത കാട്ടുന്നതായും സർക്കാർ വിലയിരുത്തുന്നു.
മാലിന്യം വലിച്ചെറിയുന്നതും പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം സംബന്ധിച്ചുമുള്ള 8774 പരാതികളാണ് ഇതുവരെ വാട്സാപ്പ് വഴി ലഭിച്ചത്. ഏറ്റവുമധികം പരാതികൾ എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്നാണ്. ഏറ്റവും കുറവ് പരാതികൾ ലഭിച്ചത് വയനാട് ജില്ലയിൽ നിന്നാണ്.
മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സഹായിക്കാം.
9446700800 എന്ന വാട്സാപ്പ് നമ്പറിൽ ചിത്രം സഹിതം വിവരം കൈമാറാം. മാലിന്യം നിക്ഷേപിക്കുന്ന വ്യക്തിയെയോ വാഹനത്തെയോ ചിത്രത്തിൽ തിരിച്ചറിയാൻ സാധിക്കണം. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ഇതിനായി പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. വിവരം കൈമാറുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും.
പ്രധാന പിഴകൾ
* മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ: 5,000 രൂപ വരെ
* പൊതുസ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ മലിനജലം ഒഴുക്കിയാൽ: 10,000 - 50,000 രൂപ
* മാലിന്യമോ വിസർജ്യ വസ്തുക്കളോ ജലാശയങ്ങളിൽ നിക്ഷേപിച്ചാൽ: 10,000 - 50,000 രൂപ (ആറുമാസം മുതൽ ഒരു വർഷം വരെ തടവ്)
* നിരോധിത പ്ലാസ്റ്റിക് വിൽപന: 10,000 - 50,000 രൂപ











