10:54am 13 November 2026
NEWS
ഹെൽമറ്റില്ലെങ്കിൽ പൊലീസ് പിടിക്കും, ഹെഡ്‌സെറ്റാണെങ്കിൽ എക്സൈസും!
13/08/2025  09:53 AM IST
സുരേഷ് വണ്ടന്നൂർ
ഹെൽമറ്റില്ലെങ്കിൽ പൊലീസ് പിടിക്കും, ഹെഡ്‌സെറ്റാണെങ്കിൽ എക്സൈസും!

കേരളം, ഓൺലൈൻ മദ്യവിൽപന എന്ന ആശയത്തെ ആഴത്തിൽ ചിന്തിച്ച് തത്കാലം വേണ്ടെന്ന് വെച്ചിരിക്കുന്നു. എ.ഐ സാങ്കേതികവിദ്യയുടെ സാധ്യതകൾ പൂർണമായി ഉപയോഗിച്ച്, വിരൽത്തുമ്പിൽ സാധനം എത്തിക്കാൻ ബെവ്‌കോ മുന്നോട്ട് വന്നപ്പോൾ, ജനപ്രിയ സർക്കാരിന്റെ ഈ നീക്കം ചരിത്രമായി മാറുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, സ്‌കൂളിലും കോളേജിലും പഠിക്കുന്ന 'കുട്ട്യോൾ' ഇത് ദുരുപയോഗം ചെയ്യുമോ എന്ന ഒരു ചെറിയ സംശയം മന്ത്രിയുടെ മനസ്സിലുദിച്ചു. 23 വയസ്സിന് താഴെയുള്ള ഒരാൾ പോലും ലഹരി ഉപയോഗിക്കുന്നില്ലെന്ന് സർക്കാരിന് ഉറപ്പുള്ളതുകൊണ്ട് മാത്രം ഓൺലൈൻ വിതരണം നടക്കാതെ പോയത് കേരളത്തിന്റെ ഭാഗ്യം.

ഇടതുസർക്കാരിന്റെ മദ്യനയം 'അതിവീര്യം, ബഹുകേമം' എന്ന നിലയിലാണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് മദ്യത്തിൽ വെള്ളമോ സോഡയോ ചേർക്കാൻ ആരെയും അനുവദിക്കില്ല. അതീന്ദ്രിയമായ ആനന്ദവും ദർശനങ്ങളും നൽകാൻ കഴിവുള്ള ഈ ദ്രാവകത്തിന് വില കൂടിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ചാരായനിരോധനം ഒരു 'തുഗ്ലക് പരിഷ്‌കാരം' ആയിരുന്നെന്ന് കോൺഗ്രസ് നേതാക്കൾ അടക്കം പറയുന്നുണ്ടെങ്കിലും, ദീർഘദർശിയായിരുന്ന എ.കെ. ആന്റണിയുടെ ദർശനം തിരിച്ചറിഞ്ഞത് സഖാക്കളാണ്. കാരണം, പാവങ്ങളുടെ ഈ സർക്കാരിന്റെ 'ഇന്ധനം' ഈ സംഗതിയാണ്.

മദ്യവും ലോട്ടറിയും ജീവിതത്തിന്റെ ഭാഗമായി കാണാൻ പ്രേരിപ്പിക്കുന്ന ജനകീയ സർക്കാരാണിത്. ഒന്ന് കാശ് തരുമ്പോൾ മറ്റേത് കാലാതീത ദർശനങ്ങൾ തരുന്നു. കരൾ വാടിപ്പോകരുതെന്ന് കരുതിയാണ് 50 രൂപക്ക് ഉണ്ടാക്കുന്ന സാധനം 1000 രൂപക്ക് വിൽക്കുന്നത്. എന്നിട്ടും ആളുകൾ കുടി നിർത്തുന്നില്ല. ചില രാജ്യങ്ങളിൽ ഇന്ത്യൻ മദ്യത്തിന് വില കുറവായത്, പ്രവാസികളെ കുടിയന്മാരാക്കാനുള്ള ഒരു ആഗോള ഗൂഢാലോചനയാണെന്ന് ഹൃദയപക്ഷത്തുനിന്ന് ചിന്തിക്കുന്നവർക്കേ മനസ്സിലാകൂ.

കരുണാകരന്റെ ശാപം, മുരളിയുടെ തീപ്പൊരി

തൃശൂരിൽ എം.പിയാകേണ്ടിയിരുന്ന കെ. മുരളീധരൻ കോൺഗ്രസിലെ ചില നേതാക്കൾക്കെതിരെ നടത്തിയ വിമർശനം ആരെയാണ് ഉദ്ദേശിച്ചതെന്ന് എല്ലാവർക്കും അറിയാം. രമേശ് ചെന്നിത്തലയെ ഉദ്ദേശിച്ചല്ലെന്ന് മുരളീധരൻ പറയുമ്പോഴും, മുൻപ് ഡി.ഐ.സി എന്ന പാർട്ടിയെ 'ഡിക്ക്' പാർട്ടി എന്ന് വിളിച്ചത് ചെന്നിത്തലയാണെന്ന് ഓർമ്മിപ്പിച്ചത് മുരളിയുടെ ആരാധകരാണ്.
എന്നാൽ, കരുണാകരന്റെ അനുഗ്രഹം ലഭിച്ച ഒരു മിടുക്കൻ ഇപ്പോഴും കോൺഗ്രസിലുണ്ടെന്ന് മുരളി കണ്ടെത്തി. അത് മറ്റാരുമല്ല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അടുത്ത യു.ഡി.എഫ് സർക്കാരിനെ നയിക്കേണ്ടത് സതീശനാണെന്നും മുരളി പറയാതെ പറഞ്ഞു. നല്ലത് പറഞ്ഞവരെ സതീശൻ മറക്കില്ല എന്നൊരു പ്രതീക്ഷയും മുരളിക്കുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img