12:12pm 17 April 2026
NEWS
ആത്മാഭിമാനം ഉണ്ടെങ്കിൽ കോൺഗ്രസ് ഇൻഡ്യാസഖ്യം പിരിച്ചുവിടണം
17/04/2026  06:41 AM IST
അഡ്വ. എം. മനോഹരൻപിള്ള
ആത്മാഭിമാനം ഉണ്ടെങ്കിൽ കോൺഗ്രസ് ഇൻഡ്യാസഖ്യം പിരിച്ചുവിടണം

രാഹുൽഗാന്ധിയുടെ പ്രധാനമന്ത്രിമോഹം എന്ന ആർത്തിയുടെ രാഷ്ട്രീയ പര്യവസാനമായിരുന്നു ഇൻഡ്യാസഖ്യം. കൊട്ടിഘോഷിച്ചുകൊണ്ട് ബീഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ വളർന്നുപന്തലിച്ച് ബീഹാറിന്റെ മണ്ണിൽ കട്ടപ്പുകയായി മാറിയ ഇൻഡ്യാസഖ്യം തൃണമൂൽ കോൺഗ്രസ് വംഗനാട്ടിൽ ഇപ്പോൾ ഊർദ്ധശ്വാസം വലിക്കുകയാണ്. ഇൻഡ്യാസഖ്യത്തിന് ആസൂത്രണ നേതൃത്വം കൊടുത്ത രാഹുൽ ഗാന്ധിയുടെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സും സഖ്യത്തിലെ മുദ്രാവാക്യം വിളിക്കാരായ സി.പി.എമ്മും സി.പി.ഐയും സി.പി.ഐ.എം.എല്ലും മറ്റ് ഇടതുപക്ഷ ബോൾഷെവിക്കുകളും ബംഗാളിൽ ഇൻഡ്യാസഖ്യത്തിന്റെ പുറമ്പോക്കിലുള്ള പിരിവുകക്ഷികളാണ്.

സഖ്യമില്ലാത്തത് കേരളത്തിൽ മാത്രം

സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയുമെല്ലാം പൂർണ്ണമായും പിണറായി വിജയന് വിധേയമാണ്. സീതാറാം യെച്ചൂരിയും വി.എസ്. അച്യുതാനന്ദനും ഒക്കെയുണ്ടായിരുന്ന കാലത്താണെങ്കിൽ ജനാധിപത്യമര്യാദകളും അച്ചടക്കസംവിധാനങ്ങളും നിലവിലുണ്ടായിരുന്നു. പശ്ചിമബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടപ്പെട്ടതോടെ അവിടെയുള്ള നേതാക്കൾക്കും ഏഴാംകൂലികളുടെ അവസ്ഥയായി.

ദൽഹിയിൽ ഇൻഡ്യാസഖ്യം മീറ്റിംഗ് കൂടുമ്പോൾ തങ്ങൾക്ക് ഒരു സങ്കടഹർജി സമർപ്പിക്കാൻ പോലും അവസരം തരുന്നില്ലെന്ന പരാതി കരഞ്ഞുപറഞ്ഞത് സി.പി.ഐയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി. രാജയാണ്. ഇതിന്റെ കാരണം മനസ്സിലാക്കാൻ രാജ കേരളത്തിലെ പാഴൂർപടിവരെ ഒന്നും പോകേണ്ട ആവശ്യമില്ല. കേരളത്തിൽനിന്ന് സി.പി.ഐയ്ക്ക് ലോക്‌സഭാംഗമില്ല. ആകെ ഒരുത്തനുള്ളത് സി.പി.എമ്മിനാണ്. ഒരു കൈ അബദ്ധം. രാജ്യസഭ സി.പി.എമ്മും സി.പി.ഐയും പങ്കിട്ടെടുത്തു. ഓരോന്നുവീതം. പിന്നെ കോൺഗ്രസിന്റെ സൗജന്യത്താൽ ഇൻഡ്യാസഖ്യത്തിന്റെ പേരിൽ തമിഴ്‌നാട്ടിൽ നിന്നും രാജസ്ഥാനിൽ നിന്നും കിട്ടിയതാണ്. ലോക്‌സഭയിൽ ആൾക്കൂട്ടത്തിന്റെയല്ല ആളെണ്ണത്തിന്റെ കണക്കാണ് എടുക്കുന്നത്. ചുരുക്കത്തിൽ കേരളത്തിൽ നിന്ന് ആർ.എസ്.പിക്കും സി.പി.എമ്മിനും ഒരേ വിലയേ ഇൻഡ്യാസഖ്യത്തിലുള്ളൂ.

രാഹുലിനെ ആദ്യം ചീത്ത വിളിപ്പിച്ചത് പിണറായി തന്നെ

രാഹുൽഗാന്ധിയെ ആദ്യം തന്തയ്ക്ക് വിളിപ്പിച്ചത് പി.വി. അൻവറിനെ കൊണ്ടാണ്. രാഹുലിന്റെ ഡി.എൻ.എ പരിശോധിക്കണമെന്നാണ്. അതിനെ ആദ്യം കേരളത്തിൽ പിന്തുണച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

രാഹുലിന്റെ ഡി.എൻ.എ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ ഇൻഡ്യയുടെ മാന്യനായ ഒരു മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ മഹത്വങ്ങളെയാണ്. ബോഫോഴ്‌സ് അഴിമതി ആരോപണങ്ങളിലൂടെ രാജീവ്ഗാന്ധിയെ ചീന്തിയെറിഞ്ഞ വി.പി. സിംഗിന്റെ ജനതാദൾ അനുയായികളായ മുലായം സിംഗിന്റെയും ലാലുപ്രസാദ് യാദവിന്റെയും നിതീഷ്‌കുമാറിന്റെയും സന്തതിപരമ്പരകളെ ഊട്ടിവളർത്തിയാണ് യു.പിയിലും ബീഹാറിലും രാഹുൽഗാന്ധി ഇൻഡ്യാസഖ്യം കെട്ടിപ്പടുത്തത്. തനിക്ക് ജന്മം നൽകിയ ആളിന് പണികൊടുത്ത രാഹുൽഗാന്ധിക്ക് ഡി.എൻ.എ പരിശോധന വിധിച്ച പി.വി. അൻവർ കേരളത്തിലെ നിലപാടുകളുടെ രാജകുമാരൻമാരായ കോൺഗ്രസുകാർ മുസ്ലീംലീഗിന്റെ സമ്മർദ്ദത്താൽ ഇപ്പോൾ അസോസിയേറ്റഡ് മുന്നണി സ്ഥാനാർത്ഥിയായിരിക്കുന്നു.

കോൺഗ്രസ് പാരമ്പര്യമുള്ളവരെ മാത്രം ജനിപ്പിക്കുക

കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അടിത്തറയില്ലാത്ത രാജസ്ഥാൻ, ഉള്ള അടിത്തറ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആന്ധ്ര, ബീഹാർ, തമിഴ്‌നാട് സംസ്ഥാനങ്ങൾ, അടിത്തറ പൂർണ്ണമായും നശിച്ച പശ്ചിമബംഗാൾ, ത്രിപുര സംസ്ഥാനങ്ങൾ, മുന്നണി, ജാതി, മതവർഗ്ഗീയത സംവിധാനങ്ങളുപയോഗിച്ച് അടിത്തറ നിലനിർത്തിപ്പോകാമെന്ന് പ്രതീക്ഷിക്കുന്ന കേരളം പോലുളള സംസ്ഥാനമൊഴിച്ചുള്ളിടങ്ങളിലാണ് സി.പി.എമ്മിന് ഇൻഡ്യാസഖ്യം വേണ്ടത്. മാത്രമല്ല കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ അവർ ഭയപ്പെടുന്നു. കോൺഗ്രസ് മുക്തഭാരതം എന്ന ബി.ജെ.പി മുദ്രാവാക്യത്തിന് ഓശാന പാടുന്നത് സി.പി.എമ്മും ചില ഇടതുപക്ഷ കക്ഷികളുമാണ്.

ബി.ജെ.പി മുന്നണി ഈ തെരഞ്ഞെടുപ്പിൽ, പ്രത്യേകിച്ചും കേരളത്തിൽ കൂടുതലായി പിടിക്കാൻ പോകുന്നത് ഇടതുപക്ഷ വോട്ടുകളാണ്. കേരളത്തിൽ യു.ഡി.എഫ് പിടിക്കാൻ പോകുന്ന മൃഗീയവോട്ട് മുസ്ലീം- ക്രിസ്ത്യൻ വോട്ടുകളാണ്. അതിൽ ഒരു വിഭാഗം തങ്ങൾക്ക് കിട്ടുമെന്ന എൽ.ഡി.എഫിന്റെ പ്രതീക്ഷയാണ് ഇലക്ഷൻ സർവ്വേ നടത്തുന്ന ചാനലുകളെ കബളിപ്പിക്കുന്നതും അവർ അത് ഏറ്റെടുത്ത് ജനങ്ങളെ കളിപ്പിക്കുന്നതും.

ബി.ജെ.പി ആരുടെ വോട്ടുപിടിക്കും?

മൂന്നുമുന്നണികളും ശക്തമായ ത്രികോണമത്സരം നടത്തുമ്പോഴും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2025 ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിലും ഓരോ മുന്നണികളും പിടിച്ച വോട്ടുകൾ ബോധപൂർവ്വം പ്രിന്റ് മീഡിയാകളും വിസ്മരിച്ചിരിക്കുകയാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ നിഴലിച്ച ഭരണവിരുദ്ധവികാരം ഏപ്രിൽ 9-ാം തീയതിയിൽ നടന്ന ജനവിധിയിൽ ആളിക്കത്തിയിരിക്കുകയാണ്. അതിന്റെ പ്രതിഫലനമാണ് ശക്തമായ പോളിംഗ് നിരയും ശതമാനവർദ്ധനവും സൂചിപ്പിക്കുന്നത്.

2024 ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ആസ്ഥാന മാധ്യമങ്ങൾ മലയാള മനോരമയും മാതൃഭൂമിയും വരെ കള്ളക്കണക്കുകൾ പ്രചരിപ്പിക്കുന്നു. 2024 ൽ 18 ലോക്‌സഭ സീറ്റുകളിൽ വിജയിച്ച യു.ഡി.എഫിന്റെയും ഒരു മണ്ഡലത്തിൽ മാത്രം വിജയിച്ച എൽ.ഡി.എഫും പിടിച്ച അസംബ്ലി സീറ്റുകളുടെ കണക്കുകൾ വിസ്തരിച്ച മാധ്യമങ്ങൾ എൻ.ഡി.എ കണക്കുകൾ വിസ്മരിച്ചു. 11 നിയമസഭാ സീറ്റുകളിൽ ഒന്നാം സ്ഥാനത്തും 22 സീറ്റുകളിൽ രണ്ടാമതും ശരാശരി 30000 മുതൽ 60,000 വരെ വോട്ടുകൾ നേടിയ 36 മണ്ഡലങ്ങൾ ഉണ്ടായിട്ടും എൻ.ഡി.എ എന്ന മുന്നണിയെ മാധ്യമങ്ങൾ തമസ്‌ക്കരിച്ചു. എന്നിട്ട് യാതൊരു ഉളുപ്പുമില്ലാത്ത രീതിയിൽ കേന്ദ്ര സർക്കാർ പരസ്യം വാങ്ങി ഞണ്ണുന്ന ചാനലുകളിൽ ജോലി ചെയ്യുന്ന പെണ്ണുങ്ങൾ ചുരുക്കപ്പേരുകൾ വിളിച്ച് ചർച്ചകന്മാർ മാധവിമാരെയും പാറുക്കുട്ടിമാരെയും സുഖിപ്പിക്കുന്ന ചാനലുകൾ തന്നെ ആനന്ദലബ്ധിയിൽ ആറാടുകയാണ്. സർവ്വേ നടത്തുമ്പോൾ കേരളത്തിലെ ആസ്ഥാന ഏജൻസികളുടെ വായിൽ കൊള്ളുന്ന കണക്കുപ്രകാരം ബി.ജെ.പിക്ക് 0 മുതൽ 1 വരെയാണ് സീറ്റ് നിശ്ചയിച്ചിട്ടുള്ളത്. ഇതൊന്നും അധികനാൾ നീളില്ല. മാങ്കൂട്ടത്തിലേതെങ്കിലും ഒന്നിന്റെ കയ്യിലായിരിക്കും ഇത്തരക്കാർ വിധി തീർപ്പാക്കപ്പെടുന്നത്.

യു.ഡി.എഫിന് നൂറ് സീറ്റ് കിട്ടുമോ?

2026 ലെ തദ്ദേശ തെരഞ്ഞടുപ്പിൽ ജനങ്ങൾ എൽ.ഡി.എഫിനെതിരെ വോട്ടുചെയ്തത് അവരുടെ മുനിസിപ്പൽ- പഞ്ചായത്ത്- കോർപ്പറേഷൻ ഭരണം നോക്കി മാത്രമല്ല. പിണറായി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം തന്നെയാണ് വോട്ടായി പ്രതിഫലിച്ചത്. തിരുവനന്തപുരത്ത് യഥാർത്ഥ പകരക്കാർ ബി.ജെ.പിയായതുകൊണ്ട് ജനങ്ങൾ അവരെ വിജയിപ്പിച്ചു. കൊല്ലത്ത് യു.ഡി.എഫ് ജയിച്ചു.

ഇതേ കേരളത്തിലെ ജനങ്ങളാണ് ഏപ്രിൽ 9 നും വോട്ട് ചെയ്തത്. പിണറായി സർക്കാരിനെതിരായി ഭരണവിരുദ്ധ വികാരം മീനച്ചൂടിൽ ആളിക്കത്തി. രാത്രി പത്തുമണിവരെ കേരളത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ മിന്നിത്തിളങ്ങി ചലിച്ചുകൊണ്ടിരുന്നു.

എല്ലാവരും ചോദിക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിക്കുന്ന ടാർജറ്റിൽ എത്തുമോ എന്നാണ്. മുസ്ലീം ക്രിസ്ത്യൻ വോട്ടുകളുടെ കോമ്പിനേഷനാണ് യു.ഡി.എഫിന്റെ ഏറ്റവും വലിയ സമ്പാദ്യം. പല സ്ഥലങ്ങളിലും സി.പി.എമ്മിന്റെയും സി.പി.ഐയുടെയും അടിത്തറയിളക്കിയിട്ടുണ്ട്. പാലോട് രവിയെപ്പോലും തള്ളിയാണ് വാമനപുരത്ത് ഒരു മുസ്ലീം ചെറുപ്പക്കാരനായ സുധീർ ഷായെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയത്. വാമനപുരം മണ്ഡലത്തിലെ സി.പി.എം എം.എൽ.എ ഡി.കെ. മുരളിക്കെതിരെ ഇറക്കിയിരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പേര് നേമത്ത് രാജീവ് ചന്ദ്രശേഖറിനെതിരെയും കേട്ടതാണ്.

സി.പി.ഐയിലും ജാതിപ്പോര്

സി.പി.ഐ മന്ത്രിമാരായ ജി.ആർ. അനിൽ മത്സരിക്കുന്ന നെടുമങ്ങാട്ടും പി. പ്രസാദ് മത്സരിക്കുന്ന ചേർത്തലയിലും ചിഞ്ചുറാണി മത്സരിക്കുന്ന ചടയമംഗലത്തും മത്സരങ്ങൾക്ക് ജാതി-മത മുഖഭാവം കൈവന്നിരിക്കുന്നു. ഒരു ഭാഗത്ത് നായരീഴവ ഐക്യം സി.പി.ഐയിൽ തിരുവനന്തപുരത്തുള്ള നേതാക്കൾ രണ്ട് ചേരികളിലായി നെടുമങ്ങാട്ട് മത്സരിക്കുന്നു. യു.ഡി.എഫ് കൺവീനർ സ്‌പോൺസർ ചെയ്തിരിക്കുന്ന നെടുമങ്ങാട് മണ്ഡലത്തിലെ യു.ഡി.എഫ്- കോൺഗ്രസ് സ്ഥാനാർത്ഥി മുൻ സി.പി.ഐ നേതാവു കൂടിയായ മീനാങ്കൽ കുമാറാണ്. മന്ത്രി ജി.ആർ. അനിലാണ് ഔദ്യോഗിക എൽ.ഡി.എഫ് സ്ഥാനാർത്ഥി.

ബാർ ഉടമയായ ബിജുരമേശിന്റെ പിന്തുണയുള്ള മീനാങ്കൽ കുമാറിന് മുൻ സി.പി.ഐ മന്ത്രി സി. ദിവാകരൻ ആശീർവാദവും ഉള്ളതായി പറഞ്ഞുകേൾക്കുന്നുണ്ട്. ജി.ആർ. അനിലിന്റെ മുഖ്യ എതിരാളി ബി.ജെ.പിയുടെ യുവരാജ് ഗോകുൽ ആണ്. വാമനപുരത്തിന്റെ പകർച്ച പോലെ മുസ്ലീം വോട്ടും മീനാങ്കൽ കുമാറിന് പിടിക്കാൻ കഴിഞ്ഞു എന്ന് കിംവദന്തി അവിടെ പരന്നിട്ടുണ്ട്.

സി.പി.ഐ വിഭാഗത്തിലുള്ള എൽ.ഡി.എഫിലെ ഈഴവ വോട്ടുകളുടെ ചോർച്ച മന്ത്രി പി. പ്രസാദിന്റേയും ചടയമംഗലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി എം.എം. നസീറിന് ലഭിക്കുന്ന മുസ്ലീം വോട്ടുകളുടെ സമാഹരണവും രണ്ട് മന്ത്രിമാരുടേയും വിജയ പ്രതീക്ഷകൾക്ക് ഭീഷണി ഉയർത്തുന്നു.

ഡീൽ, അന്തർധാര എവിടെ?

ഇൻഡ്യാസഖ്യം രൂപീകരിച്ചിട്ട് നരേന്ദ്രമോദി സർക്കാരിന്റെ പ്രായമായ പതിനാറ് വർഷമായിട്ടില്ല. മുലായം സിംഗ്, ലാലുപ്രസാദ് യാദവ്, നിതീഷ്‌കുമാർ, ശരത് പവ്വാർ, എം. കരുണാനിധി എന്നീ സോണിയാഗാന്ധിയെക്കാൾ പ്രായമുള്ള അപ്പൂപ്പന്മാരുടെ കാലത്തെ ആശയമാണ് നരേന്ദ്രമോദിക്കെതിരെ രാഹുൽഗാന്ധി രൂപപ്പെടുത്തിയെടുത്ത ഇൻഡ്യാ മുന്നണി എന്ന ആശയം. ഇതിന്റെ പിന്നിൽ ഒളിച്ചിരിക്കുന്ന ഒരു യുവപ്രധാനമന്ത്രി മോഹം വെളിപ്പെടുത്തിയിരുന്നെങ്കിൽ ഈ മുന്നണിയും തല്ലിക്കുടഞ്ഞ് ഘടകന്മാർ പമ്പ കടന്നേനെ.

ഇടതുപക്ഷം ബി.ജെ.പിയുമായി ഡീൽ തുടങ്ങിയതിന് ജനസംഘത്തിന്റെ പ്രായമുണ്ട്. അടിയന്തിരാവസ്ഥക്കാലമായതോടെ അത് ആർ.എസ്.എസുമായുള്ള ബന്ധമായി മാറി.

കണ്ണൂരിലെ ആർ.എസ്.എസ്- സി.പി.എം സംഘർഷം രമ്യതയിലാക്കിയ പിണറായിയുടെ മനസ്സിൽ കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം എന്ന വ്യാമോഹം ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു. അദ്ദേഹം ഈ സംഘട്ടനം മൂർച്ഛിച്ചിരുന്നപ്പോൾ തിരുവനന്തപുരം- കണ്ണൂർ ട്രെയിൻയാത്ര ഒഴിവാക്കി കാർയാത്ര ആക്കിയിരുന്നു. ഈ രണ്ട് ഭാഗത്തേയും കൊലപാതകങ്ങൾ ഒഴിവാക്കിയുള്ള പരസ്പരസഹായ സമാധാന പരിശ്രമമാണ് യഥാർത്ഥ ഡീൽ. ഈ ഡീലിന്റെ മാധ്യമ ഭാഷയാണ് അന്തർധാര. ഈ സി.പി.എം- ആർ.എസ്.എസ് ഡീലിൽ രാഷ്ട്രീയവുമില്ല. വോട്ടുകച്ചവടവുമില്ല. ബി.ജെ.പിയുടെ പ്രാരംഭകാലങ്ങളിൽ കോൺഗ്രസ്സുകാരും ഇടതുപക്ഷക്കാരും വോട്ടുകച്ചവടം നടത്തിയിട്ടുണ്ട്. ഇപ്പോൾ ആ കച്ചവടക്കാലം ഒക്കെ അസ്തമിച്ചുകഴിഞ്ഞു. ബി.ജെ.പി ഒരു പതിറ്റാണ്ടായി ഇൻഡ്യ ഭരിക്കുന്ന പാർട്ടിയാണ്. ഇൻഡ്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്നു. രാഷ്ട്രീയപ്പാർട്ടികളെയും ഭരിക്കുന്നു. രാഷ്ട്രീയപ്പാർട്ടികളെയും എം.എൽ.എമാരെയും എം.പിമാരെയും വിലയ്‌ക്കെടുക്കാൻ കഴിയുന്ന പാർട്ടിയാണവർ. സി.പി.എമ്മിന് വില നിശ്ചയിക്കാനുള്ള ത്രാണിയവർക്കുണ്ട്. കേരളത്തിൽ നിന്ന് കാശുകൊണ്ടുപോയി ദൽഹിയിലെ എ.കെ.ജി ഭവന്റെ ചെലവ് നടത്തുന്ന സി.പി.എമ്മുമായി ഡീൽ എന്ന ആരോപണം യഥാർത്ഥത്തിൽ ബി.ജെ.പിയെ കളിയാക്കുന്നതിന് തുല്യമാണ്.

മോദി പ്രീതിയിൽ രാഷ്ട്രീയവുമില്ല സ്വാർത്ഥലാഭം മാത്രം പാലങ്ങളും വേണ്ട

ഇൻഡ്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. കേരളത്തിലെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. നരേന്ദ്രമോദിക്ക് പിണറായിയോട് ഏതെങ്കിലും പ്രീതി കാണിക്കുന്നതിനോ അടുപ്പം കാണിക്കുന്നതിനോ ഒരു ഇടനിലക്കാരന്റെയോ പാലങ്ങളുടെയോ ആവശ്യമില്ല. അതിനൊരു പ്രോട്ടോക്കോൾ തടസ്സങ്ങളുമില്ല. പ്രത്യേകിച്ചും പ്രോട്ടോക്കോളും ഒന്നും നോക്കാതെ മുഖ്യമന്ത്രിമാരോട് രാഷ്ട്രീയ അകലങ്ങൾ നോക്കാതെ പെരുമാറുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യക്തിപരമായ എന്തെങ്കിലും ശുപാർശ 2014 മുതൽ രണ്ടുവർഷം മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയോട് ഉണ്ടായിരുന്നോ എന്നാർക്കും അറിയില്ല.

പക്ഷേ പിണറായിയുമായി 10 വർഷത്തെ അടുപ്പവും ബന്ധവും തീർച്ചയായും സൗഹൃദങ്ങളുണ്ടാക്കിക്കാണും. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ അതിന് ഇടങ്കോലുകൾ സൃഷ്ടിക്കുമ്പോൾ മാത്രമേ പ്രശ്‌നങ്ങൾ സൃഷ്ടിക്കാറുള്ളൂ. വ്യക്തിപരമായ ശുപാർശകളിൽ സ്റ്റേറ്റിന്റെ വിഷയങ്ങൾ ഇടപെട്ടാൽ പ്രോട്ടോക്കോൾ തലത്തിലുള്ള പരിശോധനകളാണ് വേണ്ടിവരും. അവയെല്ലാം അന്തർധാരകളുടെയും ഡീലുകളുടെയും ലിസ്റ്റിൽപ്പെടുത്തി മാധ്യമങ്ങൾക്ക് ആസ്വദിക്കാം. ആർക്കും ഒരു പ്രയോജനം ചെയ്യില്ല. കേൾക്കുന്ന ജനങ്ങൾക്കും രാഷ്ട്രീയത്തിനും ഒരു ഗുണവും ചെയ്യില്ല.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.