
ബെംഗളൂരു: ശ്രദ്ധയിൽപ്പെടുന്ന എല്ലാ കാര്യങ്ങളിലും അന്വേഷണം നടത്താനുള്ള ‘സൂപ്പർ പൊലീസ്’ അധികാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനില്ലെന്ന് കർണാടക ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസിന് ആധാരമായ കുറ്റകൃത്യം സംബന്ധിച്ച കേസ് അവസാനിച്ചാൽ, അതിന്റെ അടിസ്ഥാനത്തിലുള്ള കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള നടപടികളും തുടരാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് കെ.വൈ. നഞ്ചെ ഗൗഡയ്ക്കും മറ്റുള്ളവർക്കുമെതിരായ കള്ളപ്പണക്കേസ് നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എം.ഐ. അരുൺ ഈ നിരീക്ഷണം നടത്തിയത്. ഹർജിക്കാരിലൊരാളിൽനിന്ന് പിടിച്ചെടുത്ത വസ്തുക്കൾ തിരികെ നൽകാനും കോടതി നിർദേശിച്ചു.
അന്വേഷണത്തിനിടെ മറ്റൊരു പട്ടികപ്പെടുത്തിയ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചാൽ, പി.എം.എൽ.എയിലെ വകുപ്പ് 66(2) പ്രകാരം ബന്ധപ്പെട്ട അന്വേഷണ ഏജൻസിക്ക് കൈമാറുകയാണ് ഇ.ഡി ചെയ്യേണ്ടത്. ആ വിവരങ്ങളിൽ പ്രാദേശിക പൊലീസ് നടപടിയെടുക്കുന്നില്ലെന്ന കാരണത്താൽ, അന്വേഷണം ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ പരാതി നൽകാനുള്ള അധികാരം പി.എം.എൽ.എ ഇ.ഡിക്ക് നൽകുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഇ.ഡിയുടെ അന്വേഷണാധികാരം അടിസ്ഥാന കുറ്റകൃത്യത്തെ ആശ്രയിച്ചുള്ളതാണ്. കള്ളപ്പണം വെളുപ്പിച്ചതായി സ്വതന്ത്രമായ സംശയം ഉണ്ടായതുകൊണ്ടുമാത്രം സ്വമേധയാ അന്വേഷണം ആരംഭിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കോലാർ ജില്ലയിലെ മാലൂർ ഭൂമി അനുവദിക്കൽ സമിതിയുടെ അധ്യക്ഷനായിരിക്കെ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 38 പേർക്ക് ഏകദേശം 80 ഏക്കർ ഭൂമി അനുവദിക്കാൻ ശുപാർശ ചെയ്തെന്നായിരുന്നു ഗൗഡയ്ക്കെതിരായ ആരോപണം. ഇതുസംബന്ധിച്ച് 2022ൽ നൽകിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിനെ ആധാരമാക്കി ഇ.ഡി 2023ൽ അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിനിടെ കോലാർ–ചിക്കബല്ലാപുര പാൽ ഉൽപാദക യൂണിയനിലെ നിയമനങ്ങളിൽ ക്രമക്കേട് നടന്നതായി സൂചിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചെന്നാണ് ഇ.ഡിയുടെ വാദം. ഈ വിവരങ്ങൾ പ്രാദേശിക പൊലീസിന് കൈമാറിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അടിസ്ഥാന കേസ്, പരാതിക്കാരൻ കേസ് മുന്നോട്ടുകൊണ്ടുപോകാത്തതിനെത്തുടർന്ന് തള്ളപ്പെട്ടു.
തുടർന്ന് നിയമന ക്രമക്കേടിൽ ലോകായുക്ത പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി 2024ൽ സ്വകാര്യ പരാതി നൽകി. ഈ നടപടിയുടെ നിയമസാധുത പരിശോധിച്ച ഹൈക്കോടതി, ഇത്തരത്തിൽ സ്വകാര്യ പരാതി നൽകി അതിനെ ആധാരമാക്കി കള്ളപ്പണ അന്വേഷണം തുടരാനുള്ള അധികാരം പി.എം.എൽ.എ വിഭാവനം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി.










