
ന്യൂഡൽഹി: ഐഡിബിഐ ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും കനേഡിയൻ ധനകാര്യ സ്ഥാപനമായ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിന് കൈമാറാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ബാങ്കിലെ 60.72 ശതമാനം ഓഹരികൾ 52,877.07 കോടി രൂപയ്ക്ക് വിൽക്കാനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇടപാട് പൂർത്തിയാകുന്നതോടെ ഐഡിബിഐ ബാങ്കിന്റെ നിയന്ത്രണം ഫെയർഫാക്സിന്റെ കൈകളിലെത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതിയാണ് ഓഹരി വിൽപനയ്ക്ക് അംഗീകാരം നൽകിയത്. വർഷങ്ങളായി തുടരുന്ന സ്വകാര്യവൽക്കരണ നടപടികളിൽ നിർണായക മുന്നേറ്റമാണിത്. രാജ്യത്തെ ധനകാര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ ഇടപാടുകളിലൊന്നായും ഈ നീക്കം ശ്രദ്ധേയമാണ്.
60.72 ശതമാനം ഓഹരികൾ കൈമാറും
കേന്ദ്ര സർക്കാരും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൽഐസി) കൈവശംവെച്ചിരിക്കുന്ന ഓഹരികളാണ് വിൽക്കുന്നത്. ഇതിൽ കേന്ദ്ര സർക്കാരിന്റെ 30.48 ശതമാനം ഓഹരികളും എൽഐസിയുടെ 30.24 ശതമാനം ഓഹരികളും ഉൾപ്പെടുന്നു.
നിലവിൽ ഐഡിബിഐ ബാങ്കിൽ എൽഐസിക്ക് 49.24 ശതമാനവും കേന്ദ്ര സർക്കാരിന് 45.48 ശതമാനവും ഓഹരികളുണ്ട്. വിൽപനയ്ക്ക് ശേഷം എൽഐസിയുടെ പങ്കാളിത്തം ഏകദേശം 19 ശതമാനമായും കേന്ദ്ര സർക്കാരിന്റേത് 15 ശതമാനമായും കുറയും.
ഓഹരി വിൽപന പൂർത്തിയായാലും ഇരുവരും ചേർന്ന് ബാങ്കിൽ ഏകദേശം 34 ശതമാനം ഓഹരികൾ നിലനിർത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
അഞ്ച് വർഷത്തിലേറെ നീണ്ട നടപടികൾ
ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ വിറ്റഴിക്കാനുള്ള നീക്കത്തിന് 2022-ലാണ് കേന്ദ്ര സർക്കാർ താൽപര്യപത്രം ക്ഷണിച്ചത്. തുടർന്നുള്ള നടപടികൾക്കൊടുവിലാണ് ഫെയർഫാക്സിന് ഓഹരികൾ കൈമാറുന്നതിനുള്ള നിർദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്.
ഐഡിബിഐ ബാങ്കിന്റെ നിയന്ത്രണ ഓഹരി എൽഐസി ഏറ്റെടുത്തതിനു പിന്നാലെ 2019-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിനെ സ്വകാര്യ ബാങ്കുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.
പുതിയ ഇടപാടിലൂടെ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരി ഉടമയായി ഫെയർഫാക്സ് മാറും. സർക്കാർ ഓഹരി വിറ്റഴിക്കൽ നടപടികളിലെ സുപ്രധാന നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. എയർ ഇന്ത്യയുടെ വിൽപനയ്ക്കുശേഷം സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലെ ഏറ്റവും വലിയ ഓഹരി കൈമാറ്റങ്ങളിലൊന്നായും ഈ ഇടപാട് മാറും.










