
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ വായനയും അറിവും സാംസ്കാരിക കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ഒരുക്കിയ പുതിയ ലൈബ്രറി ഇന്ന് (ജൂൺ 8 തിങ്കളാഴ്ച) വായനക്കാർക്കായി തുറന്നുനൽകും. ഐസിസി മന്ദിരത്തിൽ സജ്ജമാക്കിയ ഈ വിജ്ഞാനകേന്ദ്രം ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന വിപുലമായ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യും. ഖത്തർ നാഷണൽ ലൈബ്രറിയിലെ (QNL) മുതിർന്ന ഉദ്യോഗസ്ഥൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി
പങ്കെടുക്കും.
തലമുറകളെ അക്ഷരങ്ങളുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഐസിസി ഈ സംരംഭത്തിന് രൂപം നൽകിയത്. ഇന്ത്യയിലെ വിവിധ പ്രാദേശിക ഭാഷകളിലായി ആറായിരത്തിലധികം (6,000) പുസ്തകങ്ങളാണ് വായനക്കാരെ വരവേൽക്കാൻ ഷെൽഫുകളിൽ ഒരുങ്ങിയിരിക്കുന്നത്.
ഇന്ന് വൈകുന്നേരം നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ സമൂഹത്തിലെ പ്രമുഖരും സാംസ്കാരിക സംഘടനാപ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും വാണിജ്യ പ്രമുഖരും സാന്നിധ്യം വഹിക്കും
കേവലം പുസ്തകങ്ങൾ വായിച്ചു മടങ്ങുന്ന ഒരിടം എന്നതിലുപരി വിദ്യാർത്ഥികൾ, എഴുത്തുകാർ, ചിന്തകർ എന്നിവർക്ക് ഒത്തുചേരാനുള്ള ഒരു 'സാംസ്കാരിക ഹബ്ബ്' ആയി ഈ കേന്ദ്രത്തെ മാറ്റാനാണ് ഐസിസി ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പ്രമുഖ സാഹിത്യകാരന്മാരുമായുള്ള സംവാദങ്ങൾ, അക്ഷരക്കൂട്ടങ്ങൾ, പുസ്തക ചർച്ചകൾ, കുട്ടികൾക്കായുള്ള സർഗ്ഗാത്മക കളരികൾ എന്നിവയും ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കും. ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉജ്ജ്വലമായ ഒരു സാംസ്കാരിക നാഴികക്കല്ലായി ഈ ലൈബ്രറി മാറുമെന്ന്
ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ പറഞ്ഞു











