09:34am 12 November 2026
NEWS
ഐസിസി ലൈബ്രറി ജൂൺ 8 ന് ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്യും; ആറായിരത്തിലധികം പുസ്തകങ്ങളുമായി വിജ്ഞാനകേന്ദ്രം ഒരുങ്ങി
06/06/2026  07:40 PM IST
nila
ഐസിസി ലൈബ്രറി  ജൂൺ 8 ന് ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്യും; ആറായിരത്തിലധികം പുസ്തകങ്ങളുമായി വിജ്ഞാനകേന്ദ്രം ഒരുങ്ങി

 

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ വായനയും അറിവും സാംസ്കാരിക കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC)ഐ സി സി യിൽ നിർമ്മിച്ച പുതിയ ലൈബ്രറി ജൂൺ 8ന് തിങ്കളാഴ്ചരാത്രി 8മണിക്ക് ഇന്ത്യൻ അംബാസിഡർ വിപുൽ ഉത്ഘാടനം ചെയ്യുമെന്ന് ഐ സി സി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഖത്തർ നാഷണൽ ലൈബ്രറിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി സംബന്ധിക്കും.കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ പ്രായക്കാർക്കും വായനയുടെയും അറിവിന്റെയും ലോകം തുറന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐസിസി ഈ വിജ്ഞാനകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.വിവിധ ഇന്ത്യൻ പ്രാദേശിക ഭാഷകളിലായി ആറായിരത്തിലധികം (6,000) പുസ്തകങ്ങളാണ് ഇവിടെ വായനക്കാരെ കാത്തിരിക്കുന്നത്. ഖത്തറിലെ പ്രവാസി കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ രൂപീകരിച്ച ഏറ്റവും വലിയ ഇന്ത്യൻ ഭാഷാ പുസ്തകശേഖരമാണിത്. നോവലുകൾ, കഥകൾ, കവിതകൾ, ജീവചരിത്രങ്ങൾ, യാത്രാവിവരണങ്ങൾ, കുട്ടികളുടെ സാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ, ചരിത്ര-സാംസ്കാരിക പുസ്തകങ്ങൾ എന്നിവയെല്ലാം ലൈബ്രറിയിൽ ലഭ്യമാക്കിയിട്ടുണ്ട്.ഖത്തറിലെ വിവിധ ഇന്ത്യൻ സംഘടനകളും വ്യക്തികളും   സംഭാവനയായി നൽകിയ പുസ്തകങ്ങളാണ് ലൈബ്രറിയെ യാഥാർത്ഥ്യമാക്കിയത്.പ്രവാസി സമൂഹത്തിന് ഭാഷയോടും വായനയോടുമുള്ള ആഭിമുഖ്യവും വരുംതലമുറയ്ക്കായി സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാനുള്ള താല്പര്യവുമാണ് ഈ സംരംഭത്തിലൂടെ വ്യക്തമാകുന്നത്.വെറുമൊരു വായനശാല എന്നതിനപ്പുറം വിദ്യാർത്ഥികൾ, ഗവേഷകർ, എഴുത്തുകാർ എന്നിവർ ഒത്തുചേരുന്ന സജീവമായ ഒരു വിജ്ഞാന കേന്ദ്രമായി ഇതിനെ മാറ്റാനാണ് ഐസിസി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങൾ, പുസ്തക ചർച്ചകൾ, വായനക്കൂട്ടങ്ങൾ, കുട്ടികൾക്കായുള്ള വിദ്യാഭ്യാസ പരിപാടികൾ എന്നിവയും ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ സാംസ്കാരിക മുന്നേറ്റത്തിൽ ഈ ലൈബ്രറി വലിയൊരു നാഴികക്കല്ലാകുമെന്നും ഭാരവാഹികൾ അറിയിച്ചു.ഐ സി സി അശോകഹാളിൽ നടന്നവാർത്താ സമ്മേളനത്തിൽ 
ഐസിസി പ്രസിഡന്റ് എ. പി മണികണ്ഠൻ, വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, സെക്രട്ടറിമാരായ അഫ്സൽ അബ്ദുൽ മജീദ്, പ്രദീപ് പിള്ള, ഫിനാൻസ് ഹെഡ് ബിശ്വജിത് ബാനർജി, ഇൻ-ഹൗസ് ആക്റ്റിവിറ്റീസ് ഹെഡ് വെങ്കപ്പ ഭഗവതുല, എക്സ്റ്റേണൽ ആക്റ്റിവിറ്റീസ് & ലിറ്ററേച്ചർ ക്ലബ്സ് ഹെഡ് പൂർവി ഷ്രോഫ്, അഫിലിയേഷൻ ഹെഡ് രവീന്ദ്ര പ്രസാദ്, കൾച്ചറൽ ആക്റ്റിവിറ്റീസ് ഹെഡ് നന്ദിനി അബ്ബഗൗണി, ഐടി & സോഷ്യൽ മീഡിയ ഹെഡ് സന്ദീപ് ശ്രീരാമറെഡ്ഡി, എച്ച്ആർ, അഡ്മിൻ & കോൺസുലർ ഹെഡ് രാകേഷ് വാഗ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img