
ദോഹ: ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ഐസിസി മലയാളം അനുബന്ധ സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളപ്പപിറവി ദിനാഘോഷം ഇന്ന് (നവംബർ 1, ഞായർ) വൈകുന്നേരം 6:30 മുതൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. കേരള സംഗീത നാടക അക്കാദമി ചെയർമാനും പ്രശസ്ത ഗായകനുമായ ശ്രീ. ജി. വേണുഗോപാലാണ് വിശിഷ്ടാതിഥി.
ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ആഘോഷങ്ങളുടെ ഭാഗമായി നിരവധി സാംസ്കാരിക കലാപരിപാടികൾ അരങ്ങേറും. കേരളപ്പപിറവി ദിനാഘോഷ ചടങ്ങിനോടനുബന്ധിച്ച് ഐസിസി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമാഹരിക്കുന്നതിനായി പ്രത്യേക 'ബുക്ക് ഡൊണേഷൻ ഡ്രൈവ്' സംഘടിപ്പിക്കുന്നുണ്ട്. വൈകുന്നേരം 7:00 മണി മുതൽ വേദിയിലെ ഐസിസി ബുക്ക് ഡൊണേഷൻ കൗണ്ടറിൽ പൊതുജനങ്ങൾക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാം. വായന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഈ സംരംഭത്തിലേക്ക് പ്രവാസി സമൂഹം പുസ്തകങ്ങൾ നൽകി പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.










