09:16pm 15 October 2026
NEWS
ജനങ്ങൾക്കും ഭൂമിക്കും പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യ വേണം ഐ ട്രിപ്ൾ ഇ ഇന്റർനാഷണൽ സിമ്പോസിയം തിരുവനന്തപുരത്ത് തുടങ്ങി
15/10/2026  05:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജനങ്ങൾക്കും ഭൂമിക്കും പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യ വേണം ഐ ട്രിപ്ൾ ഇ ഇന്റർനാഷണൽ സിമ്പോസിയം തിരുവനന്തപുരത്ത് തുടങ്ങി
HIGHLIGHTS

ഐ ട്രിപ്ൾ ഇ ഇന്റർനാഷണൽ സിമ്പോസിയം ഓൺ ടെക്നോളജി ആൻഡ് സൊസൈറ്റി (ഐ എസ്‌ ടി എ എസ്) 2026 സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ശ്രീധർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.  സമ്മേളന ജനറൽ ചെയർമാൻ വർഗീസ് ചെറിയാൻ, ഡോ. ബി എസ് മനോജ്, മൂർത്തി പാലവൂർ, ഡോ. സമീർ ഹസൻ,  ഡോ. എം വി രാജേഷ്, ശാരദ ജയകൃഷ്ണൻ എന്നിവർ സമീപം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 15-ാം പഞ്ചവത്സര പദ്ധതിക്ക് സാങ്കേതികവിദ്യാ നിർദേശങ്ങൾ നൽകാൻ ഐ ട്രിപ്ൾ ഇയെ ക്ഷണിച്ച് സംസ്ഥാന ആസൂത്രണ ബോർഡ് ജനങ്ങൾക്കും പരിസ്ഥിതിക്കും പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യകളുടെ വികസനവും ഉത്തരവാദിത്തപരമായ ഉപയോഗവും ലക്ഷ്യമിട്ട് ഐ ട്രിപ്ൾ ഇ ഇന്റർനാഷണൽ സിമ്പോസിയം ഓൺ ടെക്നോളജി ആൻഡ് സൊസൈറ്റി (ഐ എസ്‌ ടി എ എസ്) 2026 തിരുവനന്തപുരത്ത് ആരംഭിച്ചു. 'ആഗോള വികസനത്തിനായുള്ള സുസ്ഥിര സാങ്കേതികവിദ്യകൾ' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം ഗവേഷകർ, എൻജിനീയർമാർ, നയരൂപീകരണ വിദഗ്ധർ, സാമൂഹിക പ്രവർത്തകർ എന്നിവരെ ഒരുമിച്ചുകൊണ്ടുവരുന്നു.

ഐ ട്രിപ്ൾ ഇ സൊസൈറ്റി ഓൺ സോഷ്യൽ ഇംപ്ലിക്കേഷൻസ് ഓഫ് ടെക്നോളജിയും ഐ ട്രിപ്ൾ ഇ കേരള സെക്ഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനം പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളത്തിലെത്തുന്നത്.

സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ശ്രീധർ രാധാകൃഷ്ണൻ ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആറു വിഷയമേഖലകളിലായി 150-ലധികം പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കാൻ അംഗീകാരം ലഭിച്ചിട്ടുണ്ട്. നയങ്ങളും ഭരണസംവിധാനങ്ങളും, സാങ്കേതികവിദ്യയുടെ സാർവത്രിക ലഭ്യത, തീരപ്രദേശങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയവയാണ് പ്രധാന വിഷയങ്ങൾ. അംഗീകരിച്ച പ്രബന്ധങ്ങളിൽ 70 ശതമാനത്തോളം രണ്ടുദിവസങ്ങളിലായി അവതരിപ്പിക്കും. സമ്മേളനത്തിനു മുന്നോടിയായി കുടുംബശ്രീ അംഗങ്ങൾക്കായി സൈബർ സുരക്ഷാ ശിൽപ്പശാലയും സംഘടിപ്പിച്ചു.

സാങ്കേതികവിദ്യയുടെ വികസനത്തിൽ എൻജിനീയർമാർ പരിസ്ഥിതിയുടെ സംരക്ഷകരായും മാറണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശ്രീധർ രാധാകൃഷ്ണൻ പറഞ്ഞു. എന്തെല്ലാം നിർമിക്കാം എന്നതിനു പുറമേ, എന്തൊക്കെ നിർമിക്കാതിരിക്കണം എന്നതും സാങ്കേതികവിദഗ്ധർ ചിന്തിക്കണം. സംസ്ഥാനത്തിന്റെ 15-ാം പഞ്ചവത്സര പദ്ധതിയിൽ (2027–2032) അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിനും പരിസ്ഥിതിയുടെ പരിധികൾ മാനിക്കുന്നതിനും പ്രാധാന്യം നൽകുന്ന സമീപനമാണ് ആസൂത്രണ ബോർഡ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, കുടിവെള്ളം, വരുമാനം എന്നിവയിലെ സുരക്ഷ എല്ലാവർക്കും ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ അടിസ്ഥാനതലം. അതേസമയം, പരിസ്ഥിതിയുടെ നിലനിൽപ്പിന് ഹാനികരമാകാത്ത പരിധിക്കുള്ളിലായിരിക്കണം വികസനമെന്നതാണ് ഉയർന്ന പരിധി മുന്നോട്ടുവയ്ക്കുന്ന ആശയം. പൊതുസ്വകാര്യ പങ്കാളിത്തം എന്ന അർഥത്തിൽ ഉപയോഗിക്കുന്ന പി പി പി എന്ന ആശയത്തെ 'ജനങ്ങൾ, ഭൂമി, പങ്കാളിത്തം' എന്ന കാഴ്ചപ്പാടിൽ പുനർവിചിന്തനം ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു. കുട്ടികൾക്കെതിരായ ഓൺലൈൻ അതിക്രമങ്ങളും മറ്റ് ഡിജിറ്റൽ ഭീഷണികളും അടിയന്തരമായി പരിഹരിക്കേണ്ട വിഷയങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ 15-ാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണത്തിന് സാങ്കേതികവിദ്യാ രംഗത്തെ വിദഗ്ധരുടെ സഹകരണം തേടി ഐ ട്രിപ്ൾ ഇയെ  ആസൂത്രണ ബോർഡ് അംഗം ക്ഷണിച്ചു. ദുരന്തനിവാരണം, ശുദ്ധജല ലഭ്യത, ചെലവുകുറഞ്ഞ ആരോഗ്യപരിചരണം, സഹായക സാങ്കേതികവിദ്യകൾ, വയോജനപരിചരണം തുടങ്ങിയ മേഖലകളിൽ സമൂഹാധിഷ്ഠിത സാങ്കേതികവിദ്യാ പങ്കാളിത്തം വികസിപ്പിക്കുക, കുട്ടികളെ ഓൺലൈൻ ഭീഷണികളിൽനിന്ന് സംരക്ഷിക്കാൻ തുടർച്ചയായ ഡിജിറ്റൽ സുരക്ഷാ പദ്ധതി നടപ്പാക്കുക, പൊതുസേവനങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിൽ സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ സ്വീകരിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുക എന്നിവയാണ് അദ്ദേഹം മുന്നോട്ടുവച്ച മൂന്ന് സംരംഭങ്ങൾ. മൂന്നുമാസത്തിനകം ഇതുസംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

'നമ്മൾ ഒരു സാങ്കേതിക സമ്മേളനത്തിന് തുടക്കം കുറിക്കുക മാത്രമല്ല, ഒരു സ്വപ്നം യാഥാർഥ്യമാക്കുക കൂടിയാണ് ചെയ്യുന്നത്' എന്ന് സമ്മേളന ജനറൽ ചെയർമാൻ വർഗീസ് ചെറിയാൻ പറഞ്ഞു. കേരളത്തിൽ ഐ എസ്‌ ടി എ എസ് സമ്മേളനം സംഘടിപ്പിക്കണമെന്ന ആശയത്തിന് നേതൃത്വം നൽകിയ അന്തരിച്ച പ്രൊഫ. വി കെ ദാമോദരന്റെ സ്മരണയ്ക്കാണ് സമ്മേളനം സമർപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഐ ട്രിപ്ൾ ഇ സൊസൈറ്റി ഓൺ സോഷ്യൽ ഇംപ്ലിക്കേഷൻസ് ഓഫ് ടെക്നോളജിയുടെ പ്രവർത്തനങ്ങൾ സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച അന്തരിച്ച അമർനാഥ് രാജനെയും ചടങ്ങിൽ അനുസ്മരിച്ചു.

2027-ൽ സൊസൈറ്റിയുടെ അമ്പതാം വാർഷികം ആഘോഷിക്കുമെന്ന് ഐ ട്രിപ്ൾ ഇ എസ് എസ് ഐ ടി  പ്രസിഡന്റ് മൂർത്തി പാലവൂർ പറഞ്ഞു. ഐ ട്രിപ്ൾ ഇ റീജിയൻ 10 പ്രതിനിധി ഡോ. സമീർ ഹസൻ, കേരള സെക്ഷൻ ചെയർമാൻ ഡോ. ബി എസ്  മനോജ് എന്നിവർ ആശംസകൾ നേർന്നു.
 
2018-ലെ പ്രളയകാലത്ത് കേരളത്തിന് സഹായമെത്തിക്കുന്നതിൽ കേരളറെസ്ക്യൂ.ഇൻ ഉൾപ്പെടെയുള്ള സംരംഭങ്ങൾ വഹിച്ച പങ്ക് അവർ അനുസ്മരിച്ചു. യഥാർഥ മനുഷ്യാവശ്യങ്ങളുമായി ബന്ധപ്പെടുമ്പോഴാണ് സാങ്കേതികവിദ്യ അർഥവത്താകുന്നതെന്ന് ഡോ. സമീർ ഹസൻ പറഞ്ഞു.ഐ ട്രിപ്ൾ ഇ കേരള സെക്ഷനു കീഴിലുള്ള എസ് എസ് ഐ ടി ചെയർ ശാരദ  ജയകൃഷ്ണൻ നന്ദി പറഞ്ഞു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img