02:07pm 13 November 2026
NEWS
അങ്കമാലി താലൂക്ക് ആശുപത്രിയിൽ നിന്നും രോഗിക്ക് അണുബാധ മനുഷ്യാവകാശ കമ്മീഷൻ വിശദമായി പരിശോധിക്കും
12/08/2025  11:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അങ്കമാലി താലൂക്ക് ആശുപത്രിയിൽ നിന്നും രോഗിക്ക് അണുബാധ മനുഷ്യാവകാശ കമ്മീഷൻ വിശദമായി പരിശോധിക്കും

എറണാകുളം : അങ്കമാലി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രസവത്തോട് അനുബന്ധിച്ച് നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് രോഗിക്ക് അണുബാധയുണ്ടായെന്ന പരാതി വിശദമായി പരിശോധിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ  ജസ്റ്റിസ് അലക്സാണ്ടർ തോമസ്

തീരുമാനിച്ചു.  ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവരെ കക്ഷി ചേർത്ത് ഇവരെ കേൾക്കാനും കമ്മീഷൻ   തീരുമാനിച്ചു.

സെപ്റ്റംബർ ഒന്നിന് രാവിലെ 10 ന് പത്തടിപാലം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.അമലപുരം അയ്യമ്പുഴ സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി.  പരാതിക്കാരിക്ക് താലൂക്ക് ആശുപത്രിയിൽ നിന്നും എം.ആർ.എസ്.എ. അണുബാധയും ഇ-കോളിബാക്ടീരിയ ബാധയും പിടിപ്പെട്ടെന്നാണ് പരാതി.  അർഹമായ ചികിത്സ ലഭിച്ചില്ലെന്നും ആശുപത്രി ജീവനക്കാരിൽ നിന്നും മോശപ്പെട്ട അനുഭവമുണ്ടായെന്നും പരാതിയിൽ പറയുന്നു.  

കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം പരാതിയെ കുറിച്ച് നേരിട്ട്  അന്വേഷണം നടത്തി.സർക്കാർ ആശുപത്രിയിലെ ചികിത്സാവേളയിൽ എം.ആർ.എസ്.എ. അണുബാധയും ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി.  പരാതിക്കാരിക്ക് അണുബാധയുണ്ടാവാനുള്ള സാഹചര്യത്തെകുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ തലത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്നും അന്വേഷണ വിഭാഗം ശുപാർശ ചെയ്തു.  അങ്കമാലി താലൂക്ക് ആശുപത്രിയിലെ ചികിത്സക്ക് ശേഷം എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ നടത്തിയ പ്ലാസ്റ്റിക് സർജറിയെ തുടർന്ന് മുറിവ് ഭേദപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥൻ മനസിലാക്കി.  അങ്കമാലി താലൂക്ക് ആശുപത്രിയിലെ ഭൗതിക സാഹചര്യം പരിശോധിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കമ്മീഷനെ അറിയിച്ചു.

2022 നവംബർ 8 നാണ് പരാതിക്കാരി അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിസേറിയനിലൂടെ ഒരാൺകുട്ടിക്ക് ജന്മം നൽകിയത്.  അതിനു മുമ്പ് അങ്കമാലി ആശുപത്രിയിൽ ദേശീയ ആരോഗ്യ മിഷൻ വഴി നിയമിതനായ ഒരു ഗൈനക്കോളജിസ്റ്റിന്റെ സ്വകാര്യ ക്ലിനിക്കിലെ ചികിത്സയിലായിരുന്നുപരാതിക്കാരി.  കരാർ അടിസ്ഥാനത്തിൽ സർക്കാർ ആശുപത്രിയിൽ നിയമിതനായ ഡോക്ടർ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തി പണം സമ്പാദിക്കുകയാണെന്ന് കണ്ടെത്തിയതായി ഡി.എം.ഒ അറിയിച്ചു.തുടർന്ന് ഡോക്ടറുമായുള്ള കരാർ അങ്കമാലി താലൂക്ക് ആശുപത്രി അവസാനിപ്പിച്ചു. അങ്കമാലി ആശുപത്രിയിലെ അന്തരീക്ഷം വൃത്തിഹീനമാണെന്നും ജീവനക്കാർക്ക് മനുഷ്യത്വമില്ലെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img