09:17am 04 November 2026
NEWS
വീട്ടിൽ എത്ര മദ്യം സൂക്ഷിക്കാം? കേരളത്തിൽ ഐഎംഎഫ്എൽ 3 ലിറ്റർ, ബിയറും വൈനും 3.5 ലിറ്റർ വീതം
04/11/2026  08:03 AM IST
നിയമകാര്യ ലേഖകൻ
വീട്ടിൽ എത്ര മദ്യം സൂക്ഷിക്കാം? കേരളത്തിൽ ഐഎംഎഫ്എൽ 3 ലിറ്റർ, ബിയറും വൈനും 3.5 ലിറ്റർ വീതം

തിരുവനന്തപുരം: കേരളത്തിൽ ഒരാൾക്ക് പ്രത്യേക പെർമിറ്റില്ലാതെ വീട്ടിൽ മൂന്ന് ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും (ഐഎംഎഫ്എൽ), മൂന്നര ലിറ്റർ ബിയറും മൂന്നര ലിറ്റർ വൈനും വരെ സൂക്ഷിക്കാം. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ഓരോ വിഭാഗത്തിനും പ്രത്യേകം അളവുപരിധിയുണ്ട്.


750 മില്ലിലിറ്ററിന്റെ നാല് കുപ്പി ഐഎംഎഫ്എൽ ചേർന്നാൽ മൂന്ന് ലിറ്ററാകും. അതേ വലുപ്പത്തിലുള്ള അഞ്ചാമത്തെ കുപ്പി കൂടി സൂക്ഷിച്ചാൽ അനുവദനീയ പരിധി കടക്കും. നിയമാനുസൃതമായി വാങ്ങിയ മദ്യം സ്വന്തം ഉപയോഗത്തിനായി വീട്ടിൽ സൂക്ഷിക്കുമ്പോഴും ഈ പരിധി ബാധകമാണ്.


കേരള അബ്കാരി നിയമത്തിലെ 13-ാം വകുപ്പ് സർക്കാർ വിജ്ഞാപനം ചെയ്ത അളവിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. വിദേശമദ്യ ചട്ടങ്ങളിലെ 11എ ചട്ടം അനുസരിച്ച്, നിശ്ചിത പരിധിക്കു മുകളിൽ വിദേശമദ്യം കൈവശം വയ്ക്കുന്നതിനോ സൂക്ഷിക്കുന്നതിനോ പെർമിറ്റ് വേണം. 2025 ഫെബ്രുവരിയിലെ ലിബിൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള കേസിൽ ഹൈക്കോടതി ഈ വ്യവസ്ഥകൾ വിശദീകരിച്ചിട്ടുണ്ട്.


വിവാഹത്തിനോ ആഘോഷത്തിനോ വേണ്ടി മദ്യം വാങ്ങി വീട്ടിൽ സൂക്ഷിക്കുമ്പോഴും ഈ ചട്ടങ്ങൾ ബാധകമാണ്. മറ്റു സംസ്ഥാനങ്ങളിൽ അവിടത്തെ എക്സൈസ് നിയമങ്ങളും വിജ്ഞാപനങ്ങളുമാണ് കൈവശം വയ്ക്കാവുന്ന അളവ് നിശ്ചയിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img