
ന്യൂഡൽഹി: 2024-25 സാമ്പത്തികവർഷത്തിൽ 1,015 കോടി രൂപയാണ് കേരളത്തിലേക്ക് വിദേശസംഭാവനയായി എത്തിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംയുക്ത പാർലമെന്ററി സമിതിയെ അറിയിച്ചതാണ് ഇക്കാര്യം. രാജ്യത്ത് ഏറ്റവും കൂടുതൽ വിദേശസംഭാവന ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഏഴാം സ്ഥാനത്താണ്.
വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി ബിൽ പരിശോധിക്കുന്ന ജെ.പി.സി.യുടെ ആദ്യയോഗത്തിലാണ് ആഭ്യന്തരമന്ത്രാലയം വിശദമായ കണക്കുകൾ അവതരിപ്പിച്ചത്. ബില്ലിലെ വ്യവസ്ഥകളെച്ചൊല്ലി യോഗത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ശക്തമായ അഭിപ്രായവ്യത്യാസമുണ്ടായി. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനാണ് ഭേദഗതികളെന്നാണ് ഭരണപക്ഷത്തിന്റെ വാദം. എന്നാൽ ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
5,834 കോടി രൂപ വിദേശസംഭാവനയായി ലഭിച്ച ഡൽഹിയാണ് പട്ടികയിൽ മുന്നിൽ. 3,164 കോടിയുമായി കർണാടകയും 2,385 കോടിയുമായി മഹാരാഷ്ട്രയും തൊട്ടുപിന്നിലുണ്ട്. തമിഴ്നാടിന് 2,313 കോടിയും ഗുജറാത്തിന് 1,403 കോടിയും പശ്ചിമബംഗാളിന് 1,062 കോടിയും ലഭിച്ചു. കേരളത്തിന് പിന്നാലെ ആന്ധ്രപ്രദേശ് 1,012 കോടി, തെലങ്കാന 997 കോടി, ഉത്തർപ്രദേശ് 666 കോടി എന്നിങ്ങനെയാണ് കണക്കുകൾ.
കേരളത്തിലേക്ക് ലഭിച്ച വിദേശസംഭാവനയിൽ വലിയൊരു പങ്ക് ക്രിസ്ത്യൻ, മുസ്ലിം മതസംഘടനകളുമായി ബന്ധപ്പെട്ടതാണെന്നാണ് മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും ക്രിസ്ത്യൻ സംഘടനകൾക്ക് വിദേശസംഭാവന ലഭിച്ചു. കേരളത്തിന് പുറമേ ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലും മുസ്ലിം സംഘടനകൾക്ക് വിദേശസംഭാവന ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് എത്തിയ സംഭാവനകളിൽ വലിയൊരു വിഹിതം മതപരമായ പ്രവർത്തനങ്ങൾക്കായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. സാമൂഹികം, വിദ്യാഭ്യാസം, മതപരം, സാമ്പത്തികം, സാംസ്കാരികം തുടങ്ങിയ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് രാജ്യത്തെ സംഘടനകൾ വിദേശസംഭാവന ഉപയോഗിക്കുന്നത്.
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണമെത്തിക്കുന്നതിൽ അമേരിക്കയാണ് മുന്നിൽ. 2024-25ൽ അമേരിക്കയിൽ നിന്ന് മാത്രം 12,113 കോടി രൂപ വിദേശസംഭാവനയായി ലഭിച്ചു. യു.കെ.യിൽ നിന്ന് 2,414 കോടിയും ജർമനിയിൽ നിന്ന് 1,782 കോടിയും എത്തി. ക്രിസ്ത്യൻ സംഘടനകൾക്ക് ലഭിക്കുന്ന വിദേശസംഭാവനകളിൽ പ്രധാന പങ്ക് അമേരിക്ക, ജർമനി, ഇറ്റലി എന്നിവിടങ്ങളിൽ നിന്നാണെന്നും മന്ത്രാലയം വ്യക്തമാക്കി.
മുസ്ലിം സംഘടനകൾക്ക് ലഭിച്ച വിദേശസംഭാവനകളിൽ യു.കെ., കുവൈത്ത്, യു.എ.ഇ. എന്നിവിടങ്ങളിൽ നിന്നുള്ള തുകയാണ് പ്രധാനമായും ഉൾപ്പെടുന്നത്.
അതേസമയം, രാജ്യത്ത് ലഭിച്ച വിദേശസംഭാവനയുടെ വലിയൊരു തുക ചെലവഴിക്കാതെ കിടക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. 2024-25ൽ വിദേശസംഭാവനയായി ലഭിച്ച 35,968 കോടി രൂപ ചെലവഴിച്ചിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം.
എഫ്.സി.ആർ.എ. രജിസ്ട്രേഷൻ റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്ത കേസുകളുടെ എണ്ണം 36,488 ആണ്. നിലവിൽ എഫ്.സി.ആർ.എ. പ്രകാരം സജീവ രജിസ്ട്രേഷനുള്ള സംഘടനകൾ 14,450 എണ്ണമാണ്.
മതസംഘടനകൾക്ക് ലഭിച്ച വിദേശസംഭാവനയുടെ കണക്കിലും വ്യത്യാസമുണ്ട്. ക്രിസ്ത്യൻ സംഘടനകൾക്ക് 1,345 കോടി രൂപ ലഭിച്ചപ്പോൾ ഹിന്ദു സംഘടനകൾക്ക് 328 കോടിയും മുസ്ലിം സംഘടനകൾക്ക് 19 കോടി രൂപയുമാണ് ലഭിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം ജെ.പി.സി.യെ അറിയിച്ചു.










