06:15am 22 April 2025
NEWS
ആഷ്‌ലി ജയൻ എങ്ങനെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയി? ഒരു ക്യാമറാക്കണ്ണിലൂടെ...
18/02/2025  08:08 AM IST
ജി.കൃഷ്ണൻ
ആഷ്‌ലി ജയൻ എങ്ങനെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയി? ഒരു ക്യാമറാക്കണ്ണിലൂടെ...

സ്റ്റിൽ ഫോട്ടോഗ്രാഫി രംഗത്തേയ്ക്കും മൂവി ക്യാമറരംഗത്തേയ്ക്കും വനിതകളുടെ കടന്നുവരവ് തുലോം കുറവാണ്. എന്നാൽ, സമീപകാലത്താകട്ടെ, അതിന് കുറെയെല്ലാം മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇന്ന്, ഏതൊരു മേഖലയിലും സ്ത്രീകളുടെ സാന്നിദ്ധ്യവും സാധ്യതകളും വേണ്ടുവോളമുള്ളതിനാൽ ഈ രംഗത്തും പുതിയവർ എത്തിയിട്ടുണ്ട്.

സ്റ്റിൽ ഫോട്ടോഗ്രാഫി രംഗത്തേയ്ക്ക് വന്നിരിക്കുന്ന പുതിയ പെൺകുട്ടിയാണ് ആഷ്‌ലി ജയൻ.

'മൊബൈൽ ഫോൺ സ്വന്തമായി കൈയിൽ കിട്ടിയപ്പോൾ മുതൽ ഫോട്ടോകളെടുക്കാനും ഫോട്ടോ എഡിറ്റ് ചെയ്യാനും തുടങ്ങി. എഡിറ്റിംഗിനെക്കുറിച്ചൊന്നും വലിയ ഗ്രാഹ്യമുണ്ടായിരുന്നില്ലെങ്കിലും അപ്പോഴെല്ലാം എന്റെ ഫ്രണ്ട്‌സിന്റെ സഹായത്തോടെയാണ് ഞാനതെല്ലാം ചെയ്തുകൊണ്ടിരുന്നത്.

പിന്നെ, എന്റെ ചേട്ടന്മാരുടെ കൈയിൽ ക്യാമറ ഉണ്ടായിരുന്നു. അതോടെ പ്രൊഫഷണൽ ക്യാമറയിൽ കൂടുതൽ ഫോട്ടോകളെടുക്കാനുള്ള ക്രേസ് ഉണ്ടായിക്കൊണ്ടിരുന്നു.

എന്റെ ഫ്രണ്ട്‌സിന്റെയും ഫാമിലിയുടെയും പെറ്റിന്റെയുമൊക്കെ ഫോട്ടോകളെടുത്തു. എന്റെ ഫോട്ടോകളെല്ലാം കണ്ടിട്ട് അവരെല്ലാം നല്ല അഭിപ്രായങ്ങൾ പറഞ്ഞതോടെ ഒരാത്മവിശ്വാസം തോന്നിത്തുടങ്ങി. വേറെ ഏത് ജോലി ചെയ്യുമ്പോഴും ഫോട്ടോഗ്രാഫിയിലേക്ക് തിരിയാൻ എന്റെ മനസ്സ് കൊതിച്ചുകൊണ്ടിരുന്നു. സ്വന്തമായി ഒരു ക്യാമറ വാങ്ങണമെന്ന ആഗ്രഹം തോന്നിയതോടെ അതും വൈകാതെതന്നെ സാധിച്ചു.

അങ്ങനെ ഞാൻ ഫീച്ചേഴ്‌സും സെറ്റിംഗ്‌സുമൊക്കെ ശ്രദ്ധയോടെ പഠിക്കാൻ തുടങ്ങി.

ഫോട്ടോഗ്രാഫിയോട് താൽപ്പര്യം വന്നതോടെ എനിക്കറിയുന്ന കോൺടാക്ട്‌സ് വച്ചുകൊണ്ട് ചെറിയ ഫോട്ടോഷൂട്ടുകളൊക്കെ ചെയ്തുതുടങ്ങി. ഇങ്ങനെയൊക്കെയായിരുന്നു ഫോട്ടോഗ്രാഫി രംഗത്തേയ്ക്കുള്ള എന്റെ തുടക്കം.

ഒരു മൂവിക്യാമറ വുമണായി അറിയപ്പെടാനും വർക്ക് ചെയ്യാനും ആഗ്രഹിക്കുന്നുണ്ടോ?

ഒരു മൂവിക്യാമറ വുമണായി ജോലി ചെയ്യാനും അറിയപ്പെടാനും എനിക്കാഗ്രഹമുണ്ട്. എന്നാൽ, എനിക്ക് കുറെക്കൂടി സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ തന്നെ പഠനം നടത്താനുണ്ട്. അസിസ്റ്റന്റായി നിന്ന് കുറെ അനുഭവങ്ങളും പാഠങ്ങളും നേടണം. അങ്ങനെ എല്ലാം നന്നായി പഠിച്ചതിനുശേഷം വേണം മൂവിക്യാമറാ രംഗത്തേയ്ക്ക് വരാൻ. എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ബെറ്ററായി ചെയ്യാൻ വേണ്ടി ഞാൻ ശ്രമിക്കുന്നു.

ഞാനിപ്പോൾ ബിഗിനിംഗ് സ്റ്റേജിലാണ്. സിനിമാഭിനയം വലിയ താൽപ്പര്യമില്ല. എങ്കിലും ഒരു സിനിമയിൽ ഞാൻ മുഖം കാണിച്ചിട്ടുമുണ്ട്. അത് യാദൃച്ഛികമായി വന്നുചേർന്നതാണ്. വിവാഹ ആവാഹനം എന്ന മൂവിയിൽ ഒന്ന് മുഖം കാണിച്ചു. അത്രമാത്രം. ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ രീതിയിൽ.

എന്റെ രണ്ട് ഫ്രണ്ട്‌സ് സിനിമയിൽ അഭിനയിക്കുന്നവരുണ്ട്. ഐഷ്വികയും ഐശ്വര്യയും. തലശ്ശേരിയിൽ ഒരു ഓഡിഷനിൽ പങ്കെടുക്കാൻ അവർ പോയപ്പോൾ ഞാനും വെറുതെയൊന്ന് കൂടെപ്പോയി. പിന്നെ, ഐശ്വര്യ ആ സിനിമയിൽ അഭിനയിച്ചു. മൂന്നാലുദിവസം കഴിഞ്ഞ് നായികയുടെ ഒരു കൂട്ടുകാരിയുടെ വേഷം ചെയ്യാനായി ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ എന്നെ വിളിച്ചു. ആദ്യത്തെ അഭിനയവും ആദ്യത്തെ സിനിമയും അങ്ങനെ നടന്നു. എനിക്ക് ക്യാമറയുടെ മുന്നിൽ നിൽക്കാതെ പിന്നിൽ പ്രവർത്തിക്കാനാണ് താൽപ്പര്യം.ആക്ടിംഗിനോട് ഒരു താൽപ്പര്യമൊക്കെ തോന്നാറുണ്ടെങ്കിലും നല്ല രീതിയിൽ എക്‌സ്പ്രഷൻസൊന്നും എനിക്ക് വരില്ല. അതുകൊണ്ട് അഭിനയരംഗത്ത് നന്നാകുമെന്നുള്ള ആത്മവിശ്വാസവും എനിക്കില്ല.

ഒരു ലേഡി ഫോട്ടോഗ്രാഫർ എന്ന നിലയിൽ അനുഭവങ്ങളെന്തെങ്കിലും പറയാനുണ്ടോ?

പൊതുവെ ഫീമെയിൽ ഫോട്ടോഗ്രാഫേഴ്‌സിന്റെ വരവ് കുറവാണ്. ഫാമിലിയുടെ ഭാഗത്തുനിന്നായാലും പബ്ലിക്കിന്റെ ഭാഗത്തുനിന്നായാലും അതിന്റെ ബുദ്ധിമുട്ടുകൾ എനിക്കനുഭവപ്പെട്ടിട്ടുമുണ്ട്. ഫോട്ടോഗ്രാഫിയെന്നും പറഞ്ഞ് ഈ രംഗത്തേയ്‌ക്കൊന്നും പോകേണ്ടായെന്ന് പറയുന്നവർ ശക്തമായിത്തന്നെ എതിർത്തിരുന്നു. എന്നാൽ കുറച്ചുപേരുടെ സപ്പോർട്ടും എനിക്കുണ്ടായിട്ടുണ്ട്. അവർക്ക് ഞാൻ നന്ദി പറയുന്നു.

ഫോട്ടോഗ്രാഫി തന്നെയാണോ പാഷൻ?

അതെ. ഞാൻ പഠിച്ചത് മെഡിക്കൽ ഫീൽഡാണെങ്കിലും എനിക്കതിനോട് ഒരു താൽപ്പര്യവും ഉണ്ടായിരുന്നില്ല. ഫോട്ടോഗ്രാഫിയോടും ആ വർക്കിനോടും തന്നെയായിരുന്നു മനസ്സിലുള്ള താൽപ്പര്യം. അതാണെന്നെ സന്തോഷിപ്പിക്കുന്നത്. നമുക്ക് എന്തൊക്കെയാണോ ചെയ്യാൻ കഴിയുന്നത്, അത് ഈ ലൈഫിൽ ചെയ്തുതീർക്കുക എന്നതാണ് എന്റെ അഭിപ്രായം. ലൈഫിലുള്ള ഓരോ നിമിഷങ്ങളും ആസ്വദിക്കുക. നമ്മളോട് ഇഷ്ടമുള്ളവർ നമുക്കുവേണ്ടി നല്ല കാര്യങ്ങൾ പറഞ്ഞുതരുന്നത് കേൾക്കുക. അതിൽ നല്ലതെല്ലാം നമ്മുടെ ജീവിതത്തിലേയ്ക്ക് പകർത്താൻ ശ്രമിക്കുക. ഇങ്ങനെയൊക്കെയാണ് ഞാൻ കരുതുന്നത്.

-ആഷ്‌ലി ജയൻ പറഞ്ഞു.

ജി.കൃഷ്ണൻ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.