12:44am 13 November 2026
NEWS
കത്തുന്ന വയറും എരിയാത്ത അടുപ്പും; ഗ്യാസ് പ്രതിസന്ധിയിൽ ഹോട്ടൽ മേഖല സ്തംഭനത്തിൽ
21/03/2026  09:30 AM IST
സുരേഷ് വണ്ടന്നൂർ
കത്തുന്ന വയറും എരിയാത്ത അടുപ്പും; ഗ്യാസ് പ്രതിസന്ധിയിൽ ഹോട്ടൽ മേഖല സ്തംഭനത്തിൽ

​കൊച്ചി: സംസ്ഥാനത്തെ ഹോട്ടൽ മേഖലയിൽ 'ഗ്യാസ് ട്രബിൾ' രൂക്ഷമാകുന്നു. വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം പുനഃസ്ഥാപിക്കുമെന്ന സർക്കാർ ഉറപ്പുകൾ പാളിയതോടെ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലെ 90 ശതമാനം ഹോട്ടലുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. സിവിൽ സപ്ലൈസ് കമ്മിഷണർ നൽകിയ ഉറപ്പിന്മേൽ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) പ്രഖ്യാപിച്ച സമരങ്ങൾ താൽക്കാലികമായി മാറ്റിവെച്ചിരുന്നെങ്കിലും, ഇതുവരെ ഔദ്യോഗിക ഉത്തരവുകൾ ഒന്നും പുറത്തിറങ്ങാത്തതാണ് ഉടമകളെയും തൊഴിലാളികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നത്
​ഉറപ്പുകൾ ജലരേഖയാകുന്നു
​തിങ്കളാഴ്ച മുതൽ വിതരണം സാധാരണ നിലയിലാകുമെന്നും ഹോട്ടലുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുമെന്നുമായിരുന്നു അധികൃതരുടെ ഉറപ്പ്. എന്നാൽ പഴയ ബുക്കിംഗിന്റെ 20 ശതമാനം പോലും വിതരണം ചെയ്യാൻ കമ്പനികൾക്ക് സാധിച്ചിട്ടില്ല. ഇതോടെ വിറകടുപ്പുകളെ ആശ്രയിച്ചാണ് പല ഹോട്ടലുകളും ഇപ്പോൾ ഉച്ചഭക്ഷണം മാത്രം വിളമ്പുന്നത്. ഇന്ധനമില്ലാത്തതിനാൽ അടുപ്പുകൾ എരിയാതായതോടെ സാധാരണക്കാരുടെ ഭക്ഷണശാലകൾ നിശ്ചലമായിരിക്കുകയാണ്.
​ വരുമാനം നിലച്ചു
​പ്രതിസന്ധി നീണ്ടുപോയതോടെ ഹോട്ടൽ തൊഴിലാളികളുടെ ജീവിതവും വഴിമുട്ടി. ഇത്രയും ദിവസം പകുതി ശമ്പളം നൽകി തൊഴിലാളികളെ പിടിച്ചുനിർത്താൻ ഉടമകൾ ശ്രമിച്ചിരുന്നെങ്കിലും വരുമാനം പൂർണ്ണമായും നിലച്ചതോടെ അതും മുടങ്ങി. താമസവും ഭക്ഷണവും പോലും ഉറപ്പില്ലാത്ത സാഹചര്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ്.
​കേന്ദ്ര ഇടപെടലിൽ പ്രതീക്ഷ
​പ്രശ്നപരിഹാരത്തിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് ഇടപെടുമെന്ന ഉറപ്പിലാണ് ഇപ്പോൾ ഉടമകൾ. വാണിജ്യ സിലിണ്ടർ ലഭ്യത 40 ശതമാനമാക്കി ഉയർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു. അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ മുൻപ് നിശ്ചയിച്ചതുപോലെ പ്ലാന്റുകളിലേക്ക് മാർച്ച് നടത്തുന്നതടക്കമുള്ള ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img