
കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പോലീസ് ക്രൂരമായി മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനുപിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്ന് പോലീസ് ക്രൂരതയുടെ മനുഷ്യമനസ്സാക്ഷിയെ വിറങ്ങലിപ്പിക്കുന്ന പരാതികളും തെളിവുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഉയർന്ന സാക്ഷരതയുടെയും മനുഷ്യാവകാശബോധത്തിന്റെയും കാര്യത്തിൽ രാജ്യത്ത് ഏറ്റവും പരിഷ്‌കൃതസമൂഹം എന്നഭിമാനിക്കുന്ന കേരളത്തിലാണ് കാലത്തിന് നിരക്കാത്ത പ്രാകൃതത്വം പോലീസ് കാട്ടുന്നത് എന്നത് ഓരോ മലയാളി പൗരന്റെയും തലകുനിക്കാനിടയാക്കുന്നു.
2016 മുതൽ കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയാണ്. അദ്ദേഹം ആദ്യമായി എം.എൽ.എ ആയിരിക്കേ 1977 മാർച്ച് 30 ന് കേരള നിയമസഭയിൽ നടത്തിയ സ്വന്തം അനുഭവം വിവരിക്കുന്ന വികാരനിർഭരമായ പ്രസംഗം ചരിത്രത്തിന്റെ ഭാഗമാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ 1975 സെപ്റ്റംബർ 28 ന് രാത്രിയിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്തുകൊണ്ടുപോയ പോലീസ് കൂത്തുപറമ്പ് പോലീസ് സ്റ്റേഷന്റെ ലോക്കപ്പ് മുറിയിൽവെച്ച് പ്രത്യേകം നിയോഗിതരായ അഞ്ച് പോലീസുകാർ നടത്തിയ ക്രൂരമായ മർദ്ദനത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു അന്നത്തെ നിയമസഭാപ്രസംഗം. പിണറായി വിജയൻ പ്രസ്ഥാനത്തിനുവേണ്ടി സഹിച്ച ത്യാഗങ്ങൾ ഓർമ്മപ്പെടുത്താൻ ഈ പ്രസംഗം പുരോഗമന കലാസാഹിത്യസംഘം പ്രവർത്തകരൊക്കെ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്.
അന്ന് പിണറായി വിജയനെ മർദ്ദിക്കാൻ ആസൂത്രണം ചെയ്തത് കണ്ണൂർ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന ജോസഫ് തോമസ് ആയിരുന്നു. 2001 ൽ ഡി.ജി.പിയായി വിരമിച്ച ഇദ്ദേഹം 2018 ൽ അന്തരിച്ചു. ജോസഫ് തോമസും പാലാ ഇടമറ്റത്ത് അയൽവാസിയായിരുന്ന മദ്യവ്യവസായി ജോസ് കുരുവിനാകുന്നേലും തമ്മിൽ ഇടവകപ്പള്ളിയിലെ ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കവും പിണക്കവും ഐ.ജിയായിരുന്ന ജോസഫ് തോമസിന് വലിയ ഈഗോ പ്രശ്‌നമായതിനെ തുടർന്ന് ജോസ് കുരുവിനാകുന്നേലിനെയും ബന്ധുക്കളെയും സഹായികളേയും വർഷങ്ങളോളം കള്ളക്കേസുകളിൽ കുടുക്കി പീഡിപ്പിച്ചതും എല്ലാ കള്ളക്കേസുകളേയും നിർദയമായി നേരിട്ട് സുപ്രീംകോടതിയിൽ വരെ പോയി ജോസ് ചെറുത്തുതോൽപ്പിച്ചതുമായകഥ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കാൻ മടിച്ച കാലത്ത് രണ്ടായിരാമാണ്ടിൽ ഓഗസ്റ്റ് 6 ലക്കത്തിൽ 'കേരളശബ്ദം' വിശദമായി പ്രസിദ്ധീകരിച്ചിരുന്നു.
കുരുവിനാകുന്നേൽ കുറുവച്ചന്റെ ജീവിതകഥ സമീപകാലത്ത് 'കടുവ', 'ഒറ്റക്കൊമ്പൻ' സിനിമകൾക്ക് ഇതിവൃത്തമായത് വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും പണ്ടെന്നോ നടന്ന കഥകളല്ലെന്നും 1975 സെപ്റ്റംബർ 28 ന് രാത്രി പിണറായി വിജയൻ അനുഭവിച്ചതിനേക്കാൾ ക്രൂരമായ പോലീസ് പീഡനം സാധാരണക്കാർ മാത്രമല്ല പൊതുപ്രവർത്തകരായ ആളുകളും ഇപ്പോഴും നേരിടുന്നു എന്നതും തെളിയിക്കുന്ന സംഭവങ്ങളുടെ കുത്തൊഴുക്കാണ് മാധ്യമങ്ങളിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത്.
ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ എന്നുപറഞ്ഞൊഴിയാൻ കഴിയില്ലെന്നുമാത്രമല്ല, കുറ്റവാളികളായ പോലീസുകാർക്ക് ആഭ്യന്തര വകുപ്പിന്റെ പൂർണ്ണ സംരക്ഷണം ലഭിച്ചുവെന്നത് ജനങ്ങൾക്ക് നേരെയുള്ള ഭരണാധികാരത്തിന്റെ ഭീഷണിയും വെല്ലുവിളിയുമാണ്. എല്ലാവർക്കും കുരുവിനാകുന്നേൽ കുറുവച്ചനെപ്പോലെ പൊരുതാനുള്ള സാമ്പത്തികശേഷിയും ധൈര്യവും ഉണ്ടാവണമെന്നില്ല. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തും പീച്ചി പോലീസിന്റെ മർദ്ദനമേറ്റ ലാലീസ് ഗ്രൂപ്പ് ഹോട്ടലുടമ കെ.പി. ഔസേഫും ഒക്കെ തങ്ങൾക്ക് മർദ്ദനമേറ്റതിന്റെ തെളിവായ സി.സി.ടി.വി ദൃശ്യങ്ങൾ സമ്പാദിക്കാൻ എത്രയധികം പോരാടേണ്ടി വന്നുവെന്ന് അവർ വിവരിക്കുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുപോയാലുള്ള അപകടങ്ങൾ മുന്നറിയിപ്പോടെ ചൂണ്ടിക്കാട്ടി ജാഗ്രത പുലർത്താൻ എ.ഡി.ജി.പി സർക്കുലർ ഇറക്കി എന്നതായിരുന്നു പോലീസിന്റെ അടിയന്തിര നടപടി.
ശുചിമുറിയുടെ ഉൾവശമൊഴികെ പോലീസ് സ്റ്റേഷനുകളുടെ ഒരു ഭാഗവും സി.സി.ടി.വി ക്യാമറയിൽനിന്ന് മായരുതെന്നാണ് സുപ്രീംകോടതി ഉത്തരവെങ്കിലും ക്യാമറയുടെ കണ്ണെത്താത്ത 'ബ്ലൈൻഡ്'സ്‌പോട്ടുകളിൽ വെച്ചാകണം ഇനിയുള്ള മർദ്ദനം എന്നേ ജാഗ്രത സർക്കുലറിനെ പല എസ്.എച്ച്.ഓമാരും എസ്.ഐമാരും പോലീസുകാരും കണക്കാക്കുന്നുള്ളു.
പോലീസിന്റെ മനോവീര്യത്തേക്കാൾ പ്രധാനപ്പെട്ടതാണ് പൗരന്റെ അന്തസ്സും മനുഷ്യാവകാശവും എന്ന് ഭരണാധികാരികൾ മനസ്സിലാക്കാത്തിടത്തോളം പോലീസ് ഇത്തരം പോലീസ് ഭീകരതകൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്നവരിൽ നിന്ന് പൊതുജനം പ്രതീക്ഷിക്കുന്നത് പോലീസിനുള്ള സാരോപദേശങ്ങളും കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമല്ല,കർശന നടപടി തന്നെയാണ്. അതില്ലാതെ പോയതുകൊണ്ടാണ് കാര്യങ്ങൾ ഇത്ര കൈവിട്ടുപോയത്.










