
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 26ന് അവധി പ്രഖ്യാപിച്ചു. വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി നൽകിയിരിക്കുന്നത്.
പാലക്കാട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയും പ്രവർത്തിക്കില്ല. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. നേരത്തേ തീരുമാനിച്ച മേളകൾ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കി നടത്തണമെന്നും ജില്ലാ കലക്ടർ കെ. സുധീർ അറിയിച്ചു.
വയനാട്ടിൽ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് അവധി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും ജില്ലയിൽ നിലവിൽ മഴ കുറഞ്ഞ സാഹചര്യവും കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി.
തുലാവർഷം ശക്തം; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിച്ചതോടെ മഴ മുന്നറിയിപ്പും കടുപ്പിച്ചു. മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെലോ അലർട്ടും നിലവിലുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കാം.
27 വരെ മഴ തുടർന്നേക്കും; മത്സ്യബന്ധനത്തിന് വിലക്ക്
അറബിക്കടലിൽ ന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പും നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബർ 27 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴക്കെടുതികൾക്കും വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.










