08:20pm 04 May 2026
NEWS
തമിഴ്നാട്ടിൽ ചരിത്രത്തിന്റെ തനിയാവർത്തനം
04/05/2026  07:21 PM IST
nila
തമിഴ്നാട്ടിൽ ചരിത്രത്തിന്റെ തനിയാവർത്തനം

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് ചരിത്രവിജയത്തോട് അടുക്കുകയാണ്. ടിവികെയുടെ കന്നിപ്പോരാട്ടത്തിൽ ഭരണകക്ഷിയായ ഡിഎംകെയെ പരാജയപ്പെടുത്തി വിജയ് തമിഴകത്തിന്റെ മുഖ്യമന്ത്രിയാകും എന്നുറപ്പായി. മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ സ്റ്റാലിനെ പോലും പരാജയപ്പെടുത്തിയാണ് ടിവികെയുടെ പടയോട്ടം. സ്വന്തം മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥിയായ വിഎസ് ബാബുവിനോടാണ് സ്റ്റാലിൻ ദയനീയമായി പരാജയപ്പെട്ടത്. വിജയ് തമിഴകത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് നടന്നടുക്കുമ്പോൾ അത് ചരിത്രത്തിന്റെ തനിയാവർത്തനമാണ്. ചരിത്രത്തിലാദ്യമായി സിനിമാ താരമെന്ന ജനപ്രീതി മുതലെടുത്ത് അധികാരത്തിലെത്തിയത് എംജിആർ എന്ന എംജി രാമചന്ദ്രനായിരുന്നു. അന്നും ഡിഎംകെയെ പരാജയപ്പെടുത്തിയാണ് എംജിആറിന്റെ എഐഎഡിഎംകെ അധികാരം പിടിച്ചത്. പിന്നീട് മരിക്കുന്നതുവരെ എംജിആറായിരുന്നു തമിഴകത്തിന്റെ മുഖ്യമന്ത്രി. 

എംജിആർ ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായത് 1977-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ്. 1972-ൽ ഡിഎംകെയിൽ നിന്ന് പുറത്തുവന്ന് എഐഎഡിഎംകെ രൂപീകരിച്ച ശേഷം അദ്ദേഹം നേരിട്ട ആദ്യത്തെ പ്രധാന തെരഞ്ഞെടുപ്പായിരുന്നു ഇത്. എംജിആറിന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ മുന്നണിയിൽ സിപിഎമ്മും ഫോർവേഡ് ബ്ലോക്കും മുസ്ലീം ലീ​ഗുമുണ്ടായിരുന്നു.  234 സീറ്റുകളിൽ എഐഎഡിഎംകെ 130 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു. സഖ്യകക്ഷിയായ സിപിഎം 12 സീറ്റുകളിൽ വിജയിച്ചപ്പോൾ, ഫോർവേഡ് ബ്ലോക്കും മുസ്ലീം ലീ​ഗും ഓരോ സീറ്റുകളിൽ വിജയിച്ചിരുന്നു. 

ഈ വിജയത്തോടെ 1977 ജൂൺ 30-ന് എംജിആർ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അന്നത്തെ ഭരണകക്ഷിയായിരുന്ന കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെയെ പരാജയപ്പെടുത്തിയാണ് എംജിആർ അധികാരത്തിലെത്തിയത്. 

എംജിആറിന്റെ വിജയവും വിജയ് യുടെ വിജയവും തമ്മിൽ ആകെ ഒരു വ്യത്യാസം മാത്രം. എംജിആർ തെരഞ്ഞെടുപ്പിനെ നേരിടാൻ സഖ്യം രൂപീകരിച്ചിരുന്നു. വിജയ് ആകട്ടെ തന്റെ പാർട്ടിയെ ഒറ്റയ്ക്കാണ് അധികാരത്തിലേക്ക് എത്തിക്കുന്നത്. ഇനി മരിക്കും വരെ തമിഴകത്ത് വിജയ് യു​ഗമാണോ എന്നത് മാത്രമാണ് കാത്തിരുന്ന് കാണേണ്ടത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img