
കൊച്ചി: വാർത്താസമ്മേളനങ്ങളിൽ ഉയർന്നുവരുന്ന മാനനഷ്ടമുണ്ടാക്കുന്ന പ്രസ്താവനകൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിന്റെ പേരിൽ മാധ്യമങ്ങൾക്കോ പത്രപ്രവർത്തകർക്കോ എതിരായി ക്രിമിനൽ കേസെടുക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസ്, ബ്യൂറോ ചീഫ്, എഡിറ്റർ എന്നിവർക്കെതിരെയുണ്ടായിരുന്ന ക്രിമിനൽ മാനനഷ്ടക്കേസ് ജസ്റ്റിസ് സി.എസ്. ഡയസ് റദ്ദാക്കി.
വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നയാൾ എന്താണ് പറയാൻ പോകുന്നതെന്ന് മുൻകൂട്ടി അറിയാൻ മാധ്യമങ്ങൾക്ക് കഴിയില്ല. ഒരാൾ നടത്തുന്ന പ്രസ്താവന മറ്റൊരാൾ സംപ്രേഷണം ചെയ്തു എന്നതുകൊണ്ടു മാത്രം മാധ്യമ സ്ഥാപനത്തിന് ക്രിമിനൽ ബാധ്യതയുണ്ടാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രത്യേകിച്ച് ക്രിമിനൽ ലക്ഷ്യമോ (Criminal Intent), ബോധപൂർവം അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ സജീവമായ പങ്കോ ഉണ്ടെന്ന് തെളിയിക്കുന്ന കൃത്യമായ തെളിവുകളുണ്ടെങ്കിൽ മാത്രമേ മാധ്യമങ്ങൾക്കെതിരെ ഇത്തരത്തിൽ ക്രിമിനൽ നടപടിയെടുക്കാൻ സാധിക്കൂ. വാർത്തകൾ തത്സമയം നൽകുക എന്ന നിർദോഷകരമായ ചുമതല നിർവഹിക്കുന്നതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ വിചാരണ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയാണ് 2022-ലെ (Crl.MC No. 8901 of 2022) ഹർജിയിൽ കേസ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.











