
കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ജുഡീഷ്യറിയെ അവഹേളിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ ഹൈക്കോടതിയുടെ കടുത്ത നടപടി. കോടതിയെ അനാവശ്യമായി കുറ്റപ്പെടുത്തി ഉത്തരവിറക്കിയ സെക്രട്ടറിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസയച്ചു. കേസെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വെള്ളിയാഴ്ച നേരിട്ട് ഹാജരായി ബോധിപ്പിക്കാനാണ് നിർദ്ദേശം. ഈ വിഷയത്തിൽ സെക്രട്ടറിയുടെ മാപ്പപേക്ഷ സ്വീകാര്യമല്ലെന്നും കോടതി കർശനമായി വ്യക്തമാക്കി.
കേസിലെ മുഖ്യപ്രതിയായ ഐ.എൻ.ടി.യു.സി നേതാവ് ആർ. ചന്ദ്രശേഖരനെ വിചാരണ ചെയ്യാൻ അനുമതി നൽകി കെ. ബിജു പുറപ്പെടുവിച്ച ഉത്തരവാണ് കോടതിയെ ചൊടിപ്പിച്ചത്. പ്രോസിക്യൂഷൻ അനുമതി നൽകുന്നത് കോടതിയുടെ നിർബന്ധം കൊണ്ടാണെന്നും, പ്രതികൾക്ക് അപ്പീലിന് അവസരമുണ്ടെന്നും ഉത്തരവിൽ എഴുതിച്ചേർത്തിരുന്നു. മനസ്സിരുത്തിയല്ല ഈ ഉത്തരവ് തയ്യാറാക്കിയതെന്നും അതിൽ പറഞ്ഞിരുന്നു. പ്രോസിക്യൂഷൻ അനുമതി നൽകണമെന്ന് തങ്ങൾ നിർദ്ദേശിച്ചിട്ടില്ലെന്നും, സി.ബി.ഐയുടെ അപേക്ഷ പുനഃപരിശോധിക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും വ്യക്തമാക്കിയ കോടതി, വ്യവസായ സെക്രട്ടറി ഉത്തരവിൽ അനാവശ്യ കാര്യങ്ങൾ എഴുതിച്ചേർത്തത് പ്രതികളെ സഹായിക്കാനാണെന്ന് വിമർശിച്ചു.
"വകുപ്പ് ഭരിക്കുന്നത് പ്രതിയോ?"
ഉദ്യോഗസ്ഥനിലൂടെ പ്രതിയാണ് വ്യവസായ വകുപ്പിന്റെ ഭരണം നടത്തുന്നതെന്ന് കോടതി കഠിനമായ ഭാഷയിൽ വിമർശിച്ചു. സർക്കാർ ഉത്തരവിന്റെ പകർപ്പ് പരാതിക്കാരന് ലഭിക്കുന്നതിന് മുൻപ് പ്രതിക്ക് ചോർത്തി നൽകി. പ്രതി എഴുതി നൽകിയ പരാമർശങ്ങളാണോ സെക്രട്ടറി ഉത്തരവിൽ ഉൾപ്പെടുത്തിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഉദ്യോഗസ്ഥർ പദവിയിൽ തുടരാൻ യോഗ്യരല്ലെന്നും ഇവർക്കെതിരെ അച്ചടക്ക നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. ഈ മണ്ടത്തരങ്ങൾ പുതിയ സർക്കാരും മുഖ്യമന്ത്രിയും അറിഞ്ഞിരിക്കാനിടയില്ലെന്നും കോടതി നിരീക്ഷിച്ചു.
വിവാദ ഉത്തരവ് സർക്കാർ റദ്ദാക്കി
കോടതിയുടെ കടുത്ത നിലപാടോടെ, ജൂലൈ രണ്ടിന് വ്യവസായ സെക്രട്ടറി ഇറക്കിയ വിവാദ ഉത്തരവ് റദ്ദാക്കിയതായി അഡ്വക്കേറ്റ് ജനറൽ ജാജു ബാബു കോടതിയെ അറിയിച്ചു. വിവാദ പരാമർശങ്ങൾ നീക്കി ജൂലൈ 6-ന് ഇറക്കിയ പുതിയ ഉത്തരവ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അഡ്വക്കേറ്റ് ജനറലിന്റെ സത്യസന്ധമായ ഇടപെടലിനെ കോടതി രേഖപ്പെടുത്തിയെങ്കിലും, ജൂലൈ രണ്ടിലെ പഴയ ഉത്തരവ് കോടതിയലക്ഷ്യ, അച്ചടക്ക നടപടികൾക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്ന് വിലക്കിയിട്ടുണ്ട്. കേസിലെ പരാതിക്കാരനായ കടകംപള്ളി മനോജ് നൽകിയ ഉപഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ്.











