
കൊച്ചി: കാക്കനാടിന് സമീപം സ്വകാര്യ ബസിടിച്ച് 28 വയസ്സുകാരിയായ അക്ഷര മരിച്ച സംഭവത്തിൽ കടുത്ത വ്യഥ രേഖപ്പെടുത്തി കേരള ഹൈക്കോടതി. പ്രധാന റോഡുകളിൽ നടപ്പാതകളില്ലാത്തതും ഉത്തരവാദിത്വമില്ലാത്ത ഡ്രൈവിങ്ങും ചേർന്നുണ്ടാക്കുന്ന ദുരന്തത്തിന്റെ ഉദാഹരണമാണ് സംഭവമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയും അതുമൂലമുണ്ടാകുന്ന അപകടങ്ങളും സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. അമിക്കസ് ക്യൂറിമാരുടെ അഭ്യർഥനപ്രകാരം അപകടത്തിന്റെ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. അമിതവേഗത്തിലെത്തിയെന്ന് ആരോപിക്കപ്പെടുന്ന ബസാണ് അക്ഷരയെ ഇടിച്ചുവീഴ്ത്തിയത്.
ഇടറോഡിൽനിന്ന് കാൽനടയാത്രക്കാരി പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിയ സംഭവമല്ല ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി. എതിരെ വരുന്ന വാഹനങ്ങളെ അഭിമുഖീകരിച്ചാണ് യുവതി നടന്നിരുന്നത്. അതുവഴി വാഹനം ഓടിക്കുന്നവർക്ക് അവരെ കാണാൻ കഴിയുമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
അക്ഷരയുടെ മരണം കുടുംബത്തിന്റെ മാത്രം നഷ്ടമല്ലെന്നും സമൂഹത്തിനാകെയുള്ള നഷ്ടമാണെന്നും കോടതി വ്യക്തമാക്കി. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന കോടതി, ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ബന്ധപ്പെട്ട സംവിധാനങ്ങൾ ഗൗരവത്തിലെടുത്തിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു ജീവൻ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാകുമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. യുവതിയെ സംരക്ഷിക്കേണ്ട സംവിധാനത്തിനുണ്ടായ പരാജയത്തിൽ കോടതി ക്ഷമാപണവും രേഖപ്പെടുത്തി.
അപകടങ്ങൾ നടന്നശേഷം പ്രതികരിക്കുന്നതിനു പകരം കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ കെ. പവിത്ര ഓൺലൈനായി കോടതിയിൽ ഹാജരായി. മൂന്ന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാരും നേരിട്ട് ഹാജരായിരുന്നു. പ്രശ്നത്തിന്റെ ഗൗരവം പൊലീസിന് ബോധ്യമുണ്ടെന്നും അമിതവേഗത്തിനും അശ്രദ്ധമായ ഡ്രൈവിങ്ങിനുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡി.സി.പി. കോടതിയെ അറിയിച്ചു.
പൊതുഗതാഗത വാഹനങ്ങളിലെ ജീവനക്കാർക്ക് ക്യു.ആർ. കോഡ് അധിഷ്ഠിത ‘സ്മാർട്ട് ഐ.ഡി.’ സംവിധാനം നടപ്പാക്കിവരുന്നതായും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരുടെ പെരുമാറ്റം ഫലപ്രദമായി നിരീക്ഷിക്കുകയാണ് ലക്ഷ്യം. ഡ്രൈവർമാരുടെയും ജീവനക്കാരുടെയും പ്രവൃത്തികളിൽ വാഹന ഉടമകളുടെയും ഉത്തരവാദിത്വം ഉറപ്പാക്കുന്നതിനുള്ള നടപടിക്രമം രൂപീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
റോഡുകളിലെ നിരവധി നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമാണെന്നും അവ അടിയന്തരമായി പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിച്ചുവരുന്നതായും ഡി.സി.പി. സമ്മതിച്ചു.
കൊച്ചിയിലെ പല പ്രധാന റോഡുകളിലും നടപ്പാതകളില്ലെന്ന് കോർപ്പറേഷന്റെ സ്റ്റാൻഡിങ് കൗൺസൽ കെ. ആനന്ദും കോടതിയെ അറിയിച്ചു. നിലവിലുള്ള നടപ്പാതകളിൽപ്പോലും വ്യാപാരസ്ഥാപനങ്ങളുടെയും മറ്റും കൈയേറ്റങ്ങളും തടസ്സങ്ങളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാൽനടയാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താൻ പൊലീസുമായി ഏകോപിച്ച് പ്രവർത്തിക്കുമെന്ന് കോർപ്പറേഷൻ ഉറപ്പുനൽകി.
നടപ്പാതയ്ക്കുള്ള അവകാശത്തെ മൗലികാവകാശമായി അംഗീകരിച്ച സുപ്രീംകോടതിയുടെ സമീപകാല നിർദേശവും ഹൈക്കോടതി പരാമർശിച്ചു. ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുന്ന ഈ അവകാശം ലംഘിക്കപ്പെടുമ്പോൾ ഉത്തരവാദിത്വം ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.










