04:23am 05 October 2026
NEWS
സ്വപ്നപദ്ധതികൾക്ക് ഹൈക്കമാണ്ട് കടമ്പ; ഡി കെ വിഷമവൃത്തത്തിൽ
04/10/2026  10:47 AM IST
വിഷ്ണുമംഗലം കുമാർ, ബംഗളൂരു
സ്വപ്നപദ്ധതികൾക്ക് ഹൈക്കമാണ്ട് കടമ്പ; ഡി കെ വിഷമവൃത്തത്തിൽ

കോൺഗ്രസ്സ് ഹൈക്കമാണ്ടിന് വളരെയേറെ താല്പര്യമുള്ള നേതാവാണ് കർണാടകത്തിൽ ഉപമുഖ്യമന്ത്രിസ്ഥാനവും പിസിസി അധ്യക്ഷപദവിയും ഒന്നിച്ചുവഹിച്ച് ചരിത്രംസൃഷ്ടിച്ച കരുത്തനായ ഡി കെ ശിവകുമാർ. ഈ വർഷം ജൂൺ മൂന്നിനാണ് ഹൈക്കമാണ്ട് നിർദ്ദേശത്തെത്തുടർന്ന് എതിർപ്പോ വിയോജിപ്പോ കൂടാതെ സിദ്ധരാമയ്യ മുഖ്യമന്ത്രിക്കസേര ഡി കെയ്ക്ക് കൈമാറിയത്. ഉപമുഖ്യമന്ത്രിയായിരിക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഭാവഹാവാദികളോടെയാണ് ഡി കെ പൊതുമണ്ഡലത്തിൽ പെരുമാറിയിരുന്നത്. ഉയർന്ന രാഷ്ട്രീയാവബോധവും പക്വതയും ഭരണപരമായ കഴിവും സർവോപരി 'അഹിന്ദ'യുടെ അചഞ്ചലമായ പിന്തുണയും ഉണ്ടായിരുന്ന സിദ്ധരാമയ്യ ഡി കെയുടെ എടുത്തുചാട്ട പ്രകൃതത്തിന് വലിയ പ്രാധാന്യമൊന്നും കല്പിച്ചിരുന്നില്ല. ഡി കെയുടെ പ്രവർത്തനശൈലിയെക്കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. യഥാർത്ഥത്തിൽ ഭൂരിപക്ഷം എം എൽ എമാരുടെ പിന്തുണയോടെയോ ജനങ്ങളുടെ ആവശ്യമോ കൊണ്ടല്ല, മറിച്ച് ഹൈക്കമാണ്ടിന്റെ താല്പര്യം ഒന്നുകൊണ്ട് മാത്രമാണ് ഡി കെ യ്ക്ക് മുഖ്യമന്ത്രിക്കസേര കിട്ടിയത്. 

മുഖ്യമന്ത്രിയായ ഡി കെയെ അതിന് ശേഷം ഹൈക്കമാണ്ട് നോക്കിക്കണ്ടതും പരിഗണിച്ചതും മറ്റൊരു രീതിയിലാണ്. ചെറിയ കാര്യങ്ങളിൽപോലും സ്വന്തമായി തീരുമാനമെടുക്കാൻ ഡി കെയ്ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. നല്ല സംഘാടകനാണെങ്കിലും അദ്ദേഹത്തിന്റെ ഭരണപരമായ പരിമിതികളെ കുറിച്ച് ഹൈക്കമാണ്ടിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഡി കെയ്ക്ക് മുഖ്യമന്ത്രിക്കസേര ലഭിച്ചിട്ട് നാലുമാസമായിട്ടില്ല. ഇതിനിടയിൽ ഹൈക്കമാണ്ട് അദ്ദേഹത്തിന് നൽകിയ മാനസിക സംഘർഷത്തിനും വൈകാരിക പീഡനത്തിനും കണക്കില്ല. പലപ്പോഴും മുഖ്യമന്ത്രി ഡി കെ ഹൈക്കമാണ്ടിനാൽ അവഗണിക്കപ്പെടുന്നു എന്ന തോന്നൽ പൊതുസമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന് എല്ലാം സഹിക്കുകയല്ലാതെ ഒന്ന് പൊട്ടിത്തെറിക്കാൻ പോലും കഴിഞ്ഞിട്ടില്ല. കൂരമ്പുകൾ നിറഞ്ഞ മുഖ്യമന്ത്രിക്കസേര വേണ്ടായിരുന്നെന്ന് ഇക്കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ പല തവണ ഡി കെയ്ക്ക് തോന്നിയിട്ടുണ്ടാകും. ഉപമുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായിരുന്നപ്പോൾ ഇരട്ടവീര്യത്തോടെ തലയുയർത്തിപ്പിടിച്ച് ഹൈക്കമാണ്ടിനെ സമ്മർദ്ദത്തിലാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മുഖ്യമന്ത്രിയായതോടെ ആ വീര്യവും സ്വാതന്ത്ര്യവും ഇല്ലാതായി. മികച്ച സംഘാടകനും എന്തു റിസ്‌ക്കും വെല്ലുവിളിയോടെ ഏറ്റെടുക്കാൻ ചങ്കുറപ്പുമുള്ള ഡി കെയ്ക്ക് ഈയ്യിടെയായി പലതും തുറന്നുപറയാൻ പോലും കഴിയുന്നില്ല. 

രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയാണ് ഡി കെ. പക്ഷേ ആ പ്രതാപവും കരുത്തും ആശങ്കയില്ലാതെ പ്രകടിപ്പിക്കാവുന്ന രാഷ്ട്രീയ സാഹചര്യമല്ല കർണാടകത്തിൽ നിലവിലുള്ളത്. 'ഡി കെ ശിവകുമാർ കോൺഗ്രസ്സ് ക്രൈസിസ് മാനേജർ, കർണാടകാസ് കിംഗ് മേക്കർ' എന്ന റഷീദ് കിദ്വായുടെ പുസ്തകം കഴിഞ്ഞമാസമാണ് പുറത്തുവന്നത്. അത് വേണ്ടവിധത്തിൽ ചർച്ച ചെയ്യപ്പെടാനുള്ള അവസരമൊരുക്കാൻ പോലും മുഖ്യമന്ത്രിയായിട്ടും ഡി കെ യ്ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ചില കോൺഗ്രസുകാർ തന്നെ ചൂണ്ടിക്കാട്ടുന്നത്. പുസ്തകത്തിന്റെ പ്രചാരത്തിന് ഗവണ്മെന്റ് മെഷിനറി ഡി കെയ്ക്ക് ഉപയോഗിക്കാമായിരുന്നു. ഒരുപക്ഷേ അതിനും ഹൈക്കമാണ്ടിന്റെ അനുമതി ലഭിച്ചിരിക്കില്ല. രാഹുൽ ഗാന്ധി ആ പുസ്തകം ഏറ്റുവാങ്ങുന്ന ഒരു ചിത്രം പോലും പത്രമാധ്യമങ്ങളിൽ കണ്ടിട്ടില്ല. ഡി കെയുടെ സ്വപ്നപദ്ധതികൾക്ക് ഹൈക്കമാണ്ടിൽ നിന്ന് വേണ്ടത്ര പിന്തുണയോ ആവശ്യമായ അനുമതിയോ ലഭിക്കാത്ത സാഹചര്യമാണുള്ളത്. ബിഡിദി ടൗൺഷിപ്പ്, ബംഗളുരു തുരങ്കപ്പാത, മേക്കെദാട്ട് അണക്കെട്ട് എന്നിവയാണ് ഡി കെയുടെ സ്വപ്നപദ്ധതികൾ. ആ മൂന്ന് പദ്ധതികളും നമുക്ക് പരിശോധിക്കാം.

 ബിഡദി ടൗൺഷിപ്പ് പദ്ധതി 

ബംഗളുരു നഗരത്തോട് തൊട്ടുകിടക്കുന്ന, കൃഷിക്ക് പ്രാധാന്യമുള്ള പ്രദേശമാണ് ബിഡദി. നഗരകേന്ദ്രത്തിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെ പടിഞ്ഞാറ് ഭാഗത്തായി മൈസുരു ഹൈവേയ്ക്ക് ഇരുവശങ്ങളിലുമായാണ് ബിഡദിയുടെ കിടപ്പ്. ഡി കെ ഉപമുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മുൻകൈയാൽ സംസ്ഥാന മന്ത്രിസഭ ബംഗളുരു സൗത്ത് എന്ന് പേരുമാറ്റിയ രാമനഗര ജില്ലയിലെ ഒരു താലൂക്കാണ് ബിഡദി. കൃഷിക്ക് ഏറെ പ്രാധാന്യമുള്ള ഈ മേഖലയിൽ നല്ല ഫലഭൂയിഷ്ഠമുള്ള മണ്ണാണ്. കോൺക്രീറ്റ് കാടിന്റെ കടന്നുകയറ്റം തടഞ്ഞുനിർത്തുന്ന ഹരിതഭൂമി.ഡി കെ യുടെ സ്വന്തം തട്ടകമായ കനകപുര ബിഡദിയിൽ നിന്ന് അധികം അകലെയല്ല. 

ഒരുതരത്തിൽ പറഞ്ഞാൽ ബംഗളുരു സൗത്തായി മാറിയ രാമനഗര ജില്ലതന്നെ രാഷ്ട്രീയമായും സാമ്പത്തികാടിസ്ഥാനത്തിലും ഡി കെയുടെ നിയന്ത്രണത്തിലാണ്. താമസം, വ്യവസായം, വാണിജ്യം, തൊഴിൽ, ഗതാഗതം എന്നിവ ഉൾപ്പെടുന്ന ഒരു ആധുനിക ടൗൺഷിപ്പാക്കി ബിഡദിയെ മാറ്റിയെടുക്കുകയാണ് ഡി കെയുടെ സ്വപ്നപദ്ധതി. ബംഗളുരു നഗരം നേരിടുന്ന ബഹുതല സമ്മർദ്ദം കുറക്കാൻ അതുപകരിക്കുമെന്ന് അദ്ദേഹം കരുതുന്നു. ബിഡദിയിലെ ഒമ്പത് ഗ്രാമങ്ങളിലായി പരന്നുകിടക്കുന്ന 7481 ഏക്ര കൃഷിഭൂമിയും തോട്ടങ്ങളും അതിനായി ഏറ്റെടുക്കേണ്ടതുണ്ട്. തലമുറകളായി ഗ്രാമീണരായ കർഷകർ കൃഷിചെയ്തും കന്നുകാലികളെ വളർത്തിയും ഹരിതഭംഗി സംരക്ഷിച്ചു പോരുന്ന പ്രദേശമാണിത്. 18133 കോടി രൂപയാണ് ടൗൺഷിപ്പിനായി വകയിരുത്തിയിട്ടുള്ളത്. എന്നാൽ മണ്ണിനെ സ്‌നേഹിക്കുന്ന നല്ലൊരു വിഭാഗം കൃഷിക്കാർ ടൗൺഷിപ്പിനെതിരാണ്. 

എത്ര വിലകിട്ടിയാലും ഭൂമി വിട്ടുകൊടുക്കില്ല എന്ന നിലപാടിലാണവർ. ഭൂമി ഏറ്റെടുക്കാനുള്ള ആദ്യ വിജ്ഞാപനം ഇറക്കിയതോടെയാണ് കൃഷിക്കാരുടെ എതിർപ്പ് ശക്തമായത്. ബിജെപിയും ജെഡിഎസ്സും കൃഷിക്കാർക്ക് പിന്തുണ നൽകുന്നുണ്ട്. കൃഷിക്കാരുടെ പാർട്ടിയായി അറിയപ്പെടുന്ന ജെഡിഎസ്സ് ബിഡദിയിൽ നിന്ന് ബംഗളുരുവിലെ ഫ്രീഡം പാർക്കിലേക്ക് നടത്തിയ പദയാത്ര പൊതുജനശ്രദ്ധ ആകർഷിച്ചിരുന്നു. ഒരു വിഭാഗം കോൺഗ്രസുകാരും പച്ചപ്പുള്ള ഗ്രാമം ഇടിച്ചുനിരത്തി വൃക്ഷലതാദികൾ വെട്ടി നശിപ്പിച്ച് കാലാവസ്ഥാ വ്യതിയാനം ക്ഷണിച്ചുവരുത്തുന്ന വിധത്തിൽ ബിഡദിയിൽ ടൗൺഷിപ്പ് നിർമ്മിക്കുന്നതിന് എതിരാണ്. എതിർപ്പ് രൂക്ഷമായതിനാൽ ടൗൺഷിപ്പ് പദ്ധതിയെപ്പറ്റി പഠിക്കാൻ മുഖ്യമന്ത്രി ഒരു ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കോൺഗ്രസ്സ് ഹൈക്കമാണ്ട് ടൗൺഷിപ്പ് പദ്ധതിക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിന്റെ പൂർണമായ പിന്തുണയും അനുമതിയും കർഷക സമൂഹത്തിന്റെ സഹകരണവും ലഭിക്കാതെ ബിഡദി ടൗൺഷിപ്പ് പ്രോജക്ടുമായി മുന്നോട്ടുപോകാൻ ഡി കെയ്ക്ക് സാധിക്കുകയില്ല

തുരങ്കപ്പാതയുടെ അടിയൊഴുക്കുകൾ 

ജനസംഖ്യാവർധനവും വാഹനപ്പെരുപ്പവും കൊണ്ട് പൊറുതിമുട്ടുകയാണ് ബംഗളുരു നഗരം. മെട്രോ സർവീസ് വ്യാപകമാവുകയും സബ് അർബൺ റെയിൽവേ ധൃതഗതിയിൽ പുരോഗമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും നഗരം നേരിടുന്ന ഗതാഗതക്കുരുക്കിന് അതൊന്നും ശാശ്വത പരിഹാരമാകുന്നില്ല എന്നതാണ് വാസ്തവം. ഈ സാഹചര്യത്തിലാണ് നഗരത്തിലെ ഏറ്റവും തിരക്കേറിയ, നിരന്തരം ഗതാഗത തടസ്സം അനുഭവപ്പെടുന്ന മേഖലയിൽ തുരങ്കപ്പാത നിർമ്മിക്കുക എന്ന ആശയം ബംഗളുരു നഗര വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയായിരിക്കെയാണ് ഡി കെ മുന്നോട്ട് വെച്ചത്. 

ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെ പതിനേഴ് കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരി തുരങ്കപ്പാത നിർമ്മിക്കുന്ന ബ്രഹത് പദ്ധതിയാണ്. ഉപരിതലത്തിൽ ഉള്ളതിനേക്കാൾ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ആധുനിക തുരങ്കപ്പാത നിർമ്മിക്കാൻ കണക്കാക്കിയ മതിപ്പുചെലവ് 22267 കോടി രൂപയാണ്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും തുരങ്കപ്പാതയുടെ കടലാസ്സുജോലികൾ സാവധാനത്തിലാണ് നീങ്ങിയത്. തുരങ്കപ്പാത കടന്നുപോകേണ്ടത് ബിജെപി എം പിമാരുടെ നിയന്ത്രണത്തിലുള്ള മേഖലയിലൂടെയാണ്. ബിജെപിയുടെ യുവനേതാവും ബംഗളുരു സൗത്ത് എം പി യുമായ തേജസ്വി സൂര്യ തുടക്കം മുതലേ ഈ പ്രൊജക്ടിനു എതിരാണ്. 

പ്രശസ്തമായ ലാൽബാഗ് പൂന്തോട്ടത്തിന് അടിയിലൂടെയാണ് തുരങ്കപ്പാത കടന്നുപോകേണ്ടത്. ലാൽബാഗിന്റെ അഞ്ചേക്കറോളം സ്ഥലം നിർമ്മാണ സാമഗ്രികളും യന്ത്രങ്ങളും സൂക്ഷിക്കാനും താൽക്കാലിക കെട്ടിടങ്ങൾ പണിതുയർത്താനും ഉപയോഗിക്കും. ഇതൊക്കെ ലാൽബാഗിന്റെ ശാന്തതയും സ്വസ്ഥതയും നശിപ്പിക്കുമെന്നും അതനുവദിക്കാനാവില്ലെന്നുമാണ് പരിസ്ഥിതിവാദികളും നഗരവാസികളും അഭിപ്രായപ്പെടുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ലാൽബാഗിലെ പാറക്കെട്ടുകൾക്ക് നാശം സംഭവിക്കാൻ തുരങ്കപ്പാത നിർമ്മാണം കാരണമാകുമെന്ന് ജിയോളജിക്കൽ സർവേയും റിപ്പോർട്ട് നൽകിയതോടെ എതിർപ്പ് രൂക്ഷമായിരിക്കുകയാണ്. നിർമ്മാണക്കരാർ അദാനി ഗ്രൂപ്പിന് നൽകാനാണ് ഗവണ്മെന്റ് ഒരുങ്ങുന്നത്. കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷൻ നൽകിയത് അവരാണ്. മുഖ്യമന്ത്രിയായതോടെ ഈ സ്വപ്നപദ്ധതിക്കായുള്ള നീക്കങ്ങൾ ഡി കെ വേഗത്തിലാക്കിയിട്ടുണ്ട്. എന്നാൽ ഈ ബ്രഹത് പദ്ധതിക്കും ഹൈക്കമാണ്ട് പച്ചക്കൊടി കാട്ടിയിട്ടില്ല.

 മേക്കെദാട്ട് അണക്കെട്ട് 

മുഖ്യമന്ത്രി ഡി കെയുടെ മറ്റൊരു സ്വപ്നപദ്ധതിയാണ് മേക്കെദാട്ട് അണക്കെട്ട്. കാവേരിനദി കർണാടകാതിർത്തിയിലെ പാറയിടുക്കിലൂടെ ഒരു പ്രവാഹമായി തമിഴ് നാട്ടിലേക്കൊഴുകുന്ന പ്രദേശമാണ് മേക്കെദാട്ട്. കുടിവെള്ള സംഭരണത്തിനും വിതരണത്തിനുമായി കാവേരിയിൽ ചെറിയ അണകെട്ടാൻ മേൽത്തട്ട് സംസ്ഥാനമായ കർണാടകയ്ക്ക് നിയമതടസ്സമില്ല. 2018 ലെ സുപ്രീംകോടതി വിധിയിൽ അക്കാര്യം പരാമർശിക്കുന്നുണ്ട്. 2019 ൽ തന്നെ മേക്കെദാട്ടിൽ അണകെട്ടാനുള്ള നീക്കം കർണാടകം ആരംഭിച്ചിരുന്നു. ബിജെപിയാണ് സംസ്ഥാനം ഭരിച്ചിരുന്നത്. എന്നാൽ തമിഴ് നാട്ടിൽ അധികാരത്തിൽ ഇരുന്ന ഡി എം കെ ഗവണ്മെന്റ് അതിനെ നഖശിഖാന്തമെതിർത്തു. കർണാടകം ഏറ്റുമുട്ടലിനൊന്നും പോയില്ല. കേന്ദ്ര ഗവണ്മെന്റ് ആകട്ടെ കർണാടകത്തിന് പിന്തുണ നൽകാൻ മുന്നോട്ടു വന്നതുമില്ല. 

ഇപ്പോൾ മുഖ്യമന്ത്രിയായിരിക്കുന്ന ഡി കെ യുടെ മണ്ഡലമായ കനകപുരയുടെ പരിധിയിലാണ് മേക്കെദാട്ട്. ഇവിടെ ഒരു അണക്കെട്ട് നിർമ്മിച്ച് ബംഗളുരുവിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാരംഭിക്കാൻ ഡി കെ യ്ക്ക് വ്യക്തിപരമായി വളരെയേറെ താല്പര്യമുണ്ട്. അത് മുന്നിൽ കണ്ടാണ് ഉപമുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ജലവിഭവ വകുപ്പ് ചോദിച്ചുവാങ്ങിയത്. എന്നാൽ മുഖ്യമന്ത്രി സിദ്ധരാമയ്യയിൽ നിന്ന് മേക്കെദാട്ട് പദ്ധതിയ്ക്ക് ഡി കെ യ്ക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. മുഖ്യമന്ത്രിയായതോടെയാണ് മേക്കെദാട്ടിനായുള്ള നീക്കം വേഗത്തിലാക്കിയത്. കേന്ദ്ര സഹകരണം ഉറപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.13000 കോടി രൂപയാണ് മേക്കെദാട്ടിൽ അണകെട്ടാനായി ഡി കെ ഗവണ്മെന്റ് വകയിരുത്തിയിട്ടുള്ളത്. 

എന്നാൽ അതിനകം തമിഴ്‌നാട്ടിൽ ഡിഎംകെയെ തോൽപ്പിച്ച് അധികാരം പിടിച്ച വിജയ്‌യും മേക്കെദാട്ടിനെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചത്. തമിഴ്‌നാട്ടിൽ കോൺഗ്രസ്സ് വിജയ്‌യിന്റെ ടി വികെയുടെ കൂടെയാണ്. മാത്രവുമല്ല രാഹുൽ ഗാന്ധി വിജയ്‌യിന്റെ അടുത്ത സുഹൃത്തുമാണ്. വിജയ്‌യിനെ വെറുപ്പിക്കുന്ന തീരുമാനം തൽക്കാലം രാഹുൽ ഗാന്ധിയിൽ നിന്നുണ്ടാവുകയില്ല. അതിനിടയിലാണ് കാവേരി നദീജലം പങ്കിടുന്നതിൽ തമിഴ്‌നാടും കർണാടകവും തമ്മിൽ തർക്കം മൂർച്ചിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മേക്കെദാട്ട് പദ്ധതിയ്ക്ക് ഹൈക്കമാണ്ടിന്റെ പിന്തുണ ഡി കെയ്ക്ക് ലഭിക്കുകയില്ല. ചുരുക്കത്തിൽ മൂന്ന് സ്വപ്നപദ്ധതികളും മരവിപ്പിക്കേണ്ട ദുരവസ്ഥയാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് വന്നുചേർന്നിട്ടുള്ളത്.

 

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img