
ദോഹ: ഖത്തർ പ്രാദേശിക സമുദ്രപരിധിയിൽ ഹെലികോപ്റ്റർ തകർന്നുവീണതിനെത്തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമാക്കി. പ്രതിരോധ മന്ത്രാലയത്തിന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
പതിവ് ഡ്യൂട്ടിക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടവിവരമറിഞ്ഞ ഉടൻ തന്നെ രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ട് രക്ഷാപ്രവർത്തനം ആരംഭിച്ചു.ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്‌സ് ആൻഡ് ബോർഡർ സെക്യൂരിറ്റിയിലെ മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ ടീമും, ആഭ്യന്തര സുരക്ഷാ സേനയിലെ (ലെഖ്‌വിയ) ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.രാജ്യത്തിന്റെ പ്രാദേശിക സമുദ്രപരിധിയിലാണ് (Territorial Waters) അപകടം നടന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായാണ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത്.അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങളോ കൂടുതൽ വിശദാംശങ്ങളോ മന്ത്രാലയം നിലവിൽ പുറത്തുവിട്ടിട്ടില്ല. അത്യാധുനിക സജ്ജീകരണങ്ങളുമായാണ് തിരച്ചിൽ സംഘം കടലിൽ പരിശോധന നടത്തുന്നത്.











