
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെ ചൊല്ലിയുള്ള വിവാദത്തിൽ രൂക്ഷ വിമർശനവുമായി മുൻമന്ത്രി പി. രാജീവ്. ഹെലികോപ്റ്റർ യാത്രയെ ന്യായീകരിക്കാൻ "കാറിലെ പെട്രോൾ ലാഭിക്കാനായിരുന്നു" എന്ന തരത്തിലുള്ള വിശദീകരണമായിരിക്കും മുഖ്യമന്ത്രി നൽകുകയെന്ന് അദ്ദേഹം പരിഹസിച്ചു.
അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാനാണ് മുൻ സർക്കാർ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തിരുന്നതെന്നും, അതിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം വരെ ഉയർന്നിരുന്നുവെന്നും പി. രാജീവ് പറഞ്ഞു. എന്നാൽ, മുൻ മുഖ്യമന്ത്രി ഉപയോഗിക്കാതിരുന്ന പല ആവശ്യങ്ങൾക്കും ഇപ്പോഴത്തെ മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മഴക്കെടുതി നേരിടുന്ന സാഹചര്യത്തിൽ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നതാണ് ഇടത് മുന്നണിയുടെ നിലപാടെന്നും പ്രതിപക്ഷ നേതാവ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ജനങ്ങൾ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പിണറായി വിജയനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ മാധ്യമങ്ങൾ എന്തെല്ലാം വിമർശനങ്ങൾ ഉന്നയിക്കുമായിരുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി.ഡി. സതീശൻ പറഞ്ഞ കാര്യങ്ങളും ഇപ്പോൾ മുഖ്യമന്ത്രിയായ ശേഷം സ്വീകരിക്കുന്ന നിലപാടും തമ്മിൽ വലിയ വൈരുധ്യമുണ്ട്," എന്നും പി. രാജീവ് പറഞ്ഞു.
ദുരന്തസാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രോട്ടോകോളുകൾ നേരത്തെ തന്നെ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അതിന് ശക്തമായ രാഷ്ട്രീയ നേതൃത്വം അനിവാര്യമാണെന്നും, മുന്നറിയിപ്പുകൾ സമയബന്ധിതമായി ലഭിച്ചില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.











