
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നതിനിടെ അടുത്ത മൂന്ന് ദിവസവും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും ഇടിമിന്നലുണ്ടാകാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒക്ടോബർ 20 ചൊവ്വാഴ്ച ഏഴ് ജില്ലകളിലും 21 ബുധനാഴ്ച പത്ത് ജില്ലകളിലും 22 വ്യാഴാഴ്ച എട്ട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലകളിലെ മഴ മുന്നറിയിപ്പ്
ഒക്ടോബർ 20: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
ഒക്ടോബർ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം.
ഒക്ടോബർ 22: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കാലാവസ്ഥ വകുപ്പ് നിർവചിക്കുന്നത്.
മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഇടിമിന്നൽ അനുഭവപ്പെടുമ്പോൾ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുത്. മരങ്ങൾക്കും വൈദ്യുത പോസ്റ്റുകൾക്കും സമീപം അഭയം തേടുന്നതും ഒഴിവാക്കണം.










