09:46pm 05 June 2026
NEWS
അതിശക്തമായ മഴ; നാളെ നാലു ജില്ലകളിൽ അവധി
05/06/2026  08:09 PM IST
nila
അതിശക്തമായ മഴ; നാളെ നാലു ജില്ലകളിൽ അവധി

കേരളത്തിൽ കാലവർഷം ശക്തിപ്രാപിച്ചതോടെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകം.

കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾ, പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമില്ല.

വയനാട്ടിലും റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസുകൾ, സ്പെഷ്യൽ സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയും അവധിയുടെ പരിധിയിൽ ഉൾപ്പെടും. റസിഡൻഷ്യൽ സ്കൂളുകൾക്ക് പതിവുപോലെ പ്രവർത്തിക്കാം.

കോഴിക്കോട് ജില്ലയിലും ശക്തമായ മഴയും വ്യാപകമായ വെള്ളക്കെട്ടും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രഫഷണൽ കോളജുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ലെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കി ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു.

കണ്ണൂർ ജില്ലയിലും കനത്ത മഴ തുടരുന്നതിനാൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫഷണൽ കോളജുകൾ, ഐസിഎസ്ഇ-സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും അവധിയുടെ പരിധിയിൽ വരും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിതീവ്ര മഴ മുന്നറിയിപ്പിലൂടെ സൂചിപ്പിക്കുന്നത്. ഞായറാഴ്ചയും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നതോടെ വടക്കൻ കേരളം അതീവ ജാഗ്രതയിൽ തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img