
ദോഹ:തൊഴിലാളികളുടെ പാസ്പോർട്ടുകൾ നിയമവിരുദ്ധമായി പിടിച്ചുവെക്കുന്ന തൊഴിലുടമകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം രംഗത്ത്. റെസിഡൻസ് പെർമിറ്റ് (ഇഖാമ) നടപടികൾ പൂർത്തിയായ ശേഷവും പാസ്പോർട്ട് തിരികെ നൽകാത്ത തൊഴിലുടമകൾക്ക് 25,000 ഖത്തർ റിയാൽ വരെ പിഴ ചുമത്തുമെന്ന് സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്മെന്റിലെ മേധാവി മേജർ സൗദ് ഹമദ് അൽ ബൂറെദി അറിയിച്ചു. നിയമപരമായ പ്രത്യേക കരാറുകൾ ഇല്ലാത്ത പക്ഷം തൊഴിലാളികളുടെ പാസ്പോർട്ടുകൾ അവർക്ക് തന്നെ തിരികെ നൽകേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി.
മെട്രാഷ്2 ആപ്പ് വഴി പാസ്പോർട്ട് വിവരങ്ങൾ പുതുക്കാം
പുതുതായി പാസ്പോർട്ട് പുതുക്കിയ താമസക്കാർക്ക് ഇനി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് സന്ദർശിക്കാതെ തന്നെ മെട്രാഷ്2 ആപ്പ് വഴി വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാവുന്നതാണ്.വിസ നീട്ടുന്നതിനുള്ള താൽക്കാലിക ഇളവുകൾ അവസാനിപ്പിച്ചു: കാലാവധി കഴിഞ്ഞതോ അവസാനിക്കാറായതോ ആയ എൻട്രി വിസകൾ നീട്ടി നൽകുന്ന താൽക്കാലിക നടപടികൾ ആഭ്യന്തര മന്ത്രാലയം അവസാനിപ്പിച്ചു. വിസ ചട്ടങ്ങൾ സാധാരണ നിലയിലേക്ക് മാറിയതിനാൽ സന്ദർശകർ സമയബന്ധിതമായി വിസ പുതുക്കുകയോ രാജ്യം വിടുകയോ ചെയ്യേണ്ടതാണെന്ന് അധികൃതർവ്യക്തമാക്കി.വിസ നടപടികൾ വേഗത്തിലാക്കാൻ മെട്രാഷ് ആപ്പ് വഴിയുള്ള അപേക്ഷകൾ
സഹായ കരമാകും.
കൃത്യമായ രേഖകൾ സമർപ്പിക്കുകയാണെങ്കിൽ ഏതാനും പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ വിസാനുമതി ലഭിക്കും.










