കൊച്ചി: ഹൃദയമിടിപ്പിലെ താളപ്പിഴകളും, അസ്വഭാവികതകളും, അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്ന ഹൃദ്രോഗവിദഗ്ധരുടെ സംഘടനയായ കേരള ഹാർട്ട് റിഥം സൊസൈറ്റിയുടെ (കെ.എച്ച്.ആർ.എസ്) പതിനഞ്ചാമത് വാർഷിക സമ്മേളനം മെയ് 24, 25 തീയതികളിൽ ഹോട്ടൽ ഹോളിഡേ ഇന്നിൽ നടക്കും.
ഹൃദയ താള വൈകല്യമുള്ള രോഗികളുടെ രോഗനിർണയം, പ്രതിരോധം, ചികിത്സ, പരിചരണം എന്നിവയിലെ നിലവിലെ പുരോഗതിയെക്കുറിച്ചും ഇലക്ട്രോഫിസിയോളജി, പേസ് മേക്കർ തെറാപ്പി എന്നിവയിലെ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും രണ്ട് ദിവസത്തെ ശാസ്ത്ര സമ്മേളനം ചർച്ച ചെയ്യും.
കെഎച്ച്ആർഎസ് പ്രസിഡന്റ് ഡോ. അജിത് തച്ചിൽ ഞായറാഴ്ച (മെയ് 25) സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓർഗനൈസിംഗ് ചെയർമാൻ ഡോ. കെ.യു. നടരാജൻ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. രാംദാസ് നായക്; കെഎച്ച്ആർഎസ് പ്രസിഡന്റ് ഡോ. അജിത് തച്ചിൽ; വൈസ് പ്രസിഡന്റ് ഡോ. ഭീമ ശങ്കർ; സെക്രട്ടറി ഡോ. പ്രവീൺ. ജി. പൈ, ഡോ. അരുൺ ഗോപി എന്നിവർ ഉദ്ഘാടന സെഷനിൽ സംസാരിക്കും.
ഹൃദയപേശികൾ കൃത്യതയോടെ ഒരു കോശത്തിൽ നിന്ന് മറ്റൊന്നിലേക്ക് വൈദ്യുത സിഗ്നൽ കൈമാറുന്നത് വഴിയുണ്ടാവുന്നതാണ് ഹൃദയമിടിപ്പ്. ഇത് അസാധാരണമാകുമ്പോൾ, ഹൃദയത്തിന്റെ പമ്പിങ്ങ് താളം നഷ്ടപ്പെടും. ഓർഗനൈസിംഗ് ചെയർമാൻ ഡോ.കെ.യു.നടരാജൻ പറഞ്ഞു.
‘ഹൃദയത്തിന്റെ മുകളിലെ അറകളുടെ ക്രമരഹിതമായ സ്പന്ദനമാണ് (ഏട്രിയൽ ഫിബ്രിലേഷൻ- എ.എഫ്) ഏറ്റവും കൂടുതൽ കണ്ടു വരുന്നതും ഗുരുതരവുമായ ഹൃദയ താള വൈകല്യങ്ങൾ. ഇത് പിന്നീട് പക്ഷാഘാതത്തിനോ ഹൃദയാഘാതത്തിനോ കാരണമാവും, ഡോ.കെ.യു.നടരാജൻ പറഞ്ഞു.
മറ്റൊരു പ്രധാന ഹൃദയ താള വൈകല്യം ഹൃദയത്തിന്റെ താഴത്തെ അറകൾ (വെൻട്രിക്കിളുകൾ) വളരെ വേഗത്തിൽ മിടിക്കുകയും, മുകളിലെ അറകളുമായുള്ള (ആട്രിയ) സമന്വയം തെറ്റുകയും ചെയ്യുന്നു. ഇത് വെൻട്രിക്കുലാർ ഫിബ്രിലേഷനിലേക്ക് നയിച്ചേക്കാം, അദ്ദേഹം പറഞ്ഞു .
എ.എഫ്, വെൻട്രിക്കുലാർ ടാക്കിക്കാർഡിയ അഥവാ വി.ടി എന്നിവയെക്കുറിച്ചുള്ള രണ്ട് സിമ്പോസിയങ്ങൾ, ക്ലിനിക്കൽ ഇലക്ട്രോഫിസിയോളജി, പുതിയ മരുന്നുകള്‍ കൂടാതെ പേസ് മേക്കര്‍, ഡീഫിബ്രിലേറ്റര്‍ എനിവയിലെ അതി നൂതന സാങ്കേതിക വിദ്യകൾ സംബന്ധിച്ച് ശാസ്ത്ര സെഷനുകൾ നടക്കുമെന്ന് ഓർഗനൈസിംഗ് സെക്രട്ടറി ഡോ. രാംദാസ് നായക് പറഞ്ഞു. ഹാർട്ട് ഫെയിലർ ഉപകരണങ്ങൾ സംബന്ധിച്ചും പ്രത്യേക ശാസ്ത്ര സെഷനുകൾ നടക്കും.സംസ്ഥാനത്തെ 200-ലധികം വിദഗ്ധ കാർഡിയോളജിസ്റ്റുകൾ സമ്മേളനത്തിൽ പങ്കെടുക്കും.











