
ദോഹ:ഖത്തറിലെ ഭക്ഷ്യസുരക്ഷ മേഖലയിൽ സേവനങ്ങളുടെ ഗുണനിലവാരം കൂടുതൽ ഉയർത്തുന്നതിനായി ആരോഗ്യ മന്ത്രാലയം (MOPH) 2025 ലെ ഭക്ഷ്യസ്ഥാപന സംതൃപ്തി സർവേ ആരംഭിച്ചു. സർവെയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ രാജ്യത്തെ എല്ലാ ഭക്ഷ്യസ്ഥാപനങ്ങളോടും മന്ത്രാലയം അഭ്യർഥിച്ചു.
സേവന നടപടികൾ മെച്ചപ്പെടുത്തുക, വേഗത്തിലും കാര്യക്ഷമമായും സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവേ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരമായ ISO 17020 അനുസരിച്ചാണ് സർവേ നടപ്പാക്കുന്നത്. ഭക്ഷ്യസുരക്ഷ വകുപ്പ് ആണ് സർവേയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്.
ഭക്ഷ്യസ്ഥാപനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിച്ച് അവയുടെ അടിസ്ഥാനത്തിൽ സേവന വികസന നടപടികൾ ആസൂത്രണം ചെയ്യുകയാണ് സർവെയുടെ പ്രധാന ഉദ്ദേശ്യം. സർവെയിൽ പങ്കാളികളാകുന്നതിലൂടെ സ്ഥാപനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ അറിയിക്കാനും സേവന പുരോഗതിയിൽ പങ്കുവെക്കാനും അവസരം ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ശേഖരിക്കുന്ന എല്ലാ വിവരങ്ങളും പരിപൂർണ രഹസ്യതയിൽ കൈകാര്യം ചെയ്യുമെന്നും, സേവന മെച്ചപ്പെടുത്തലിനായി മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നും ആരോഗ്യ മന്ത്രാലയം ഉറപ്പുനൽകി. രാജ്യത്തെ ഭക്ഷ്യസുരക്ഷ മേഖലയിൽ ഉയർന്ന നിലവാരവും സംതൃപ്തിയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും MOPH വ്യക്തമാക്കി.











