
ദോഹ: ഖത്തറിലെ ആരോഗ്യ ഇൻഷുറൻസ് സംവിധാനം കൂടുതൽ വികസിപ്പിക്കുമെന്നും ആരോഗ്യമേഖലയ്ക്കുള്ള ഫണ്ടിംഗ് സുസ്ഥിരമാക്കുമെന്നും പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സാദ് അൽ മഹ്മൂദ്. ശൂറ കൗൺസിലിന്റെ പ്രതിവാര സെഷനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024-2030 ദേശീയ ആരോഗ്യ നയത്തിന്റെ (National Health Strategy) പ്രധാന ഭാഗങ്ങൾ അദ്ദേഹം കൗൺസിലിൽ അവതരിപ്പിച്ചു.ഇൻഷുറൻസ് സംവിധാനത്തിൽ കൂടുതൽ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും ആരോഗ്യ വിവരങ്ങൾ ഏകീകരിക്കുന്നതിനും കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമായി സംയോജിത ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.അമിതവണ്ണം (Obesity), പ്രമേഹം (Diabetes) എന്നിവ കുറയ്ക്കുന്നതിനായുള്ള പ്രത്യേക പദ്ധതികൾക്ക് മുൻഗണന നൽകും.മെഡിക്കൽ അപ്പോയിന്റ്മെന്റുകൾ എളുപ്പമാക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും.അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ദീർഘവീക്ഷണത്തോടെയുള്ള നിർദ്ദേശങ്ങൾക്കനുസൃതമായി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് ശൂറ കൗൺസിൽ ചെയർമാൻ ഹസൻ ബിൻ അബ്ദുള്ള അൽ ഗാനിം പറഞ്ഞു.











