10:39pm 30 April 2026
NEWS
രാവിലെ ദുബായിൽ പോയി രാത്രി ബംഗളുരുവിൽ തിരിച്ചെത്തും; സ്വർണ്ണക്കടത്തിൽ അകത്തായ രന്യറാവുവിന്റെ നിഗൂഡയാത്രകൾ
20/03/2025  12:10 PM IST
വിഷ്ണുമംഗലം കുമാർ
രാവിലെ ദുബായിൽ പോയി രാത്രി ബംഗളുരുവിൽ തിരിച്ചെത്തും; സ്വർണ്ണക്കടത്തിൽ അകത്തായ രന്യറാവുവിന്റെ നിഗൂഡയാത്രകൾ

 (വിഷ്ണുമംഗലം കുമാർ)  സിനിമാനടി രന്യറാവുവും അവരുടെ കൂട്ടാളിയും നടനുമായ തരുൺ രാജുവും അറസ്റ്റിലായ ഹൈപ്രൊഫൈൽ സ്വർണ്ണക്കടത്തിനെ പറ്റി ആശ്ചര്യവും അവിശ്വസനീയതയും ജനിപ്പിക്കുന്ന വിവരങ്ങളാണ് ദിവസേനെയെന്നോണം പുറത്തുവരുന്നത്. ദുബായിൽ നിന്ന് ബംഗളുരുവിന് പുറമെ മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇതര നഗരങ്ങളിലേക്കും ഈ സംഘം വൻതോതിൽ സ്വർണ്ണം കടത്തിയതായി തെളിവുലഭിച്ചതിനാൽ ഡി ആർ ഐ കൂടാതെ സിബി ഐയും ഇ ഡിയും ഈ കേസ് കൂലംകഷമായി അന്വേഷിക്കുന്നുണ്ട്. റിമാണ്ടിലായ പ്രതികൾ ജാമ്യത്തിലിറങ്ങുന്നത് തടയാൻ ഏജൻസികൾ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുമ്പോഴാണ് അതൊക്കെ പുറംലോകമറിയുന്നത്. 2023 ജനവരി മുതൽ ഈ വർഷം ഫെബ്രവരി വരെ രന്യറാവു ദുബായ് സന്ദർശിച്ചത് എഴുപതോളം തവണയാണ്. 45 തവണ തനിച്ചും 27 പ്രാവശ്യം തരുൺ രാജുവിനോടൊപ്പവുമായിരുന്നു ആ യാത്രകൾ. പകുതിയോളം യാത്രകൾ രാവിലെ ദുബായിലേക്ക് പോയി രാത്രി ബംഗളുരുവിലോ ഹൈദരബാ ദിലോ തിരിച്ചെത്തുന്ന നിഗൂഢതകൾ നിറഞ്ഞ വൺഡേ ഇന്റർനാഷണൽ ട്രിപ്പുകളാണ്. 2023 ൽ ആണ് രന്യയും തരുണും ചേർന്ന് ദുബായിൽ വൈര ഡയമണ്ട് ട്രേഡിങ് കമ്പനി എന്ന സ്ഥാപനം ആരംഭിച്ചത്. ഇത് സ്വർണ്ണം കടത്താനുള്ള പുകമറയാണോ എന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. ഇരുവർക്കും യുഎഇയുടെ റെസിഡന്റ് ഐഡന്റിറ്റി പാസ്സുണ്ട്. ഹവാല വഴി ബംഗളുരുവിൽ നിന്നും മറ്റും ദുബായിലേക്ക് പണമെത്തിക്കാൻ നേതൃത്വം കൊടുത്തത് തരുൺ രാജും സ്വർണ്ണം കടത്തിയത് രന്യയുമാണെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. സ്വർണ്ണക്കടത്തിന് ആരൊക്കെ എത്ര പണം മുടക്കിയിട്ടുണ്ട്, എത്ര ലാഭം കിട്ടി എന്നൊക്കെ അന്വേഷിച്ചുവരികയാണ്. രന്യറാവുവിന്റെ ഉടമസ്ഥതയിൽ ബംഗളുരുവിലുള്ള മൂന്നു സ്ഥാപനങ്ങളുടെ പണമിടപാടുകൾ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക്  അജ്ഞാത കേന്ദ്രങ്ങളിൽ നിന്ന് വൻ തുകകൾ വരികയും പോവുകയും ചെയ്തിട്ടുള്ളതായി സൂചനയുണ്ട്. രന്യറാവു ഫോട്ടോഗ്രാഫി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 2020 ൽ രന്യ തുടങ്ങിയതാണ്. അയ്റസ് ഗ്രീൻസ് എന്ന സ്ഥാപനം 2021ലും സിറോഡ ഇന്ത്യ എന്ന കമ്പനി 2022ലും ആരംഭിച്ചു. മൂന്ന് സ്ഥാപനത്തിലും ഹർഷവർദ്ധിനി എന്നുകൂടി പേരുള്ള രന്യ ഡയറക്ടറാണ്. അമ്മ പി എച്ച് രോഹിണി അയ് റസ് ഗ്രീൻസിലും സഹോദരൻ കെ റിഷബ് സിറോഡ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലും ഡയറക്ടർമാരാണ്. മാധ്യമങ്ങൾ അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയണമെന്നുള്ള രന്യയുടെ അമ്മ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി അനുകൂല ഉത്തരവ് നൽകിയിട്ടുണ്ട്. കന്നഡയിലെ ചില ടിവി, യൂട്യൂബ് ചാനലുകൾ ഈ കേസ് പൊടിപ്പും തൊങ്ങലും വെച്ച് ആഘോഷിക്കുകയാണ്. തരുൺ രാജുവിന്റെ ജാമ്യഹരജി പ്രത്യേക കോടതി ഇന്നലെ തള്ളിയിരുന്നു. രന്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജില്ലാ സെഷൻസ് കോടതി നാളെത്തേക്ക് മാറ്റിയിട്ടുമുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img