09:05am 13 July 2026
NEWS
എച്ച്ഡിഎഫ്‌സി ബാങ്കിൽ എഐ മുന്നേറ്റം; ഓട്ടോമേഷനിലേക്ക് കടന്നതോടെ 3,343 പേർക്ക് തൊഴിൽ നഷ്ടമായി
13/07/2026  06:10 AM IST
nila
എച്ച്ഡിഎഫ്‌സി ബാങ്കിൽ എഐ മുന്നേറ്റം; ഓട്ടോമേഷനിലേക്ക് കടന്നതോടെ 3,343 പേർക്ക് തൊഴിൽ നഷ്ടമായി

മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഓട്ടോമേഷൻ വ്യാപിപ്പിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കൂടുതൽ പ്രാധാന്യം നൽകിയതോടെ ജീവനക്കാരുടെ എണ്ണം ​ഗണ്യമായി കുറച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ ബാങ്കിലെ ജീവനക്കാരുടെ എണ്ണം 3,343 പേർ കുറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം, വിവിധ പ്രവർത്തന മേഖലകളിൽ ഓട്ടോമേഷനും ഡിജിറ്റൽ സംവിധാനങ്ങളും കൂടുതൽ വ്യാപകമായി നടപ്പാക്കിയതോടെയാണ് ജീവനക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയും പതിവ് ജോലികൾ സാങ്കേതികവിദ്യയിലൂടെ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നിർവഹിക്കുകയുമാണ് ബാങ്കിന്റെ ലക്ഷ്യം.

അതേസമയം, എഐ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനായി 'നീവ്' (Neev) എന്ന പേരിൽ ബാങ്ക് സ്വന്തമായി വികസിപ്പിച്ച ജനറേറ്റീവ് എഐ (GenAI) പ്ലാറ്റ്ഫോമും അവതരിപ്പിച്ചു. ബാങ്കിന്റെ ആഭ്യന്തര പ്രവർത്തനങ്ങൾ, ഉപഭോക്തൃ സേവനങ്ങൾ, ഡാറ്റാ വിശകലനം, ജീവനക്കാരുടെ ഉൽപ്പാദനക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുക.

ബാങ്കിന്റെ വിവിധ വിഭാഗങ്ങളിലായി എഐ അധിഷ്ഠിത പരിഹാരങ്ങൾ വ്യാപകമായി നടപ്പാക്കുന്നതിലൂടെ സേവനങ്ങളുടെ വേഗതയും കൃത്യതയും വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.

ബാങ്കിംഗ് മേഖലയിലാകെ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാകുന്ന സാഹചര്യത്തിൽ, ഓട്ടോമേഷനും ജനറേറ്റീവ് എഐ സാങ്കേതികവിദ്യയും വരും വർഷങ്ങളിൽ കൂടുതൽ വ്യാപകമാകുമെന്ന വിലയിരുത്തലും ശക്തമാകുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img