03:05pm 26 August 2026
NEWS
അന്താരാഷ്ട്ര നിയമനിർമ്മാണത്തിൽ ഏഷ്യയുടെ പങ്ക് ചർച്ച ചെയ്യാൻ അന്താരാഷ്ട്ര കോൺഫറൻസുമായി എച്ച്.ബി.കെ.യു
26/08/2026  06:08 AM IST
nila
അന്താരാഷ്ട്ര നിയമനിർമ്മാണത്തിൽ ഏഷ്യയുടെ പങ്ക് ചർച്ച ചെയ്യാൻ അന്താരാഷ്ട്ര കോൺഫറൻസുമായി എച്ച്.ബി.കെ.യു

ദോഹ: അന്താരാഷ്ട്ര നിയമങ്ങളുടെ വികസനത്തിലും നിർമ്മാണത്തിലും ഏഷ്യൻ രാജ്യങ്ങളുടെ പങ്കാളിത്തം ചർച്ച ചെയ്യുന്നതിനായി ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയിലെ (HBKU) കോളേജ് ഓഫ് ലോ അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുന്നു. 'AsianSIL Intersessional Conference 2026' എന്ന പേരിൽ നടക്കുന്ന ഉച്ചകോടിയിൽ പരിസ്ഥിതി ഭരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിയന്ത്രണം, മാനുഷിക നിയമങ്ങൾ തുടങ്ങിയ സമകാലിക വിഷയങ്ങളിൽ ഏഷ്യയുടെ സ്വാധീനം വിശകലനം ചെയ്യും.
​'ഒരു പുതിയ അന്താരാഷ്ട്ര നിയമക്രമം രൂപപ്പെടുകയാണോ? ഏഷ്യൻ കാഴ്ചപ്പാട്' (Is a New Normative International Legal Order in the Making? The Asian Perspective) എന്ന പ്രമേയത്തിലാണ് രണ്ടുദിവസം നീളുന്ന സമ്മേളനം നടക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും ആഗോള പരിസ്ഥിതി കരാറുകളും, എഐ സാങ്കേതികവിദ്യയും പൊതു അന്താരാഷ്ട്ര നിയമവും, സംഘർഷ മേഖലകളിലെ മാനുഷിക നിയമങ്ങൾ, ചെറു രാജ്യങ്ങളുടെ നയതന്ത്രം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധ ചർച്ചകൾ നടക്കും.അന്താരാഷ്ട്ര നിയമ വിദഗ്ദ്ധർ, നയതന്ത്രജ്ഞർ, ഗവേഷകർ എന്നിവർ പങ്കെടുക്കും. ഒന്നാം ദിവസം ഗവേഷകർക്കായുള്ള പ്രത്യേക വർക്ക്ഷോപ്പും രണ്ടാം ദിവസം പൊതു സമ്മേളനവും നടക്കും.
2007 മുതൽ പ്രവർത്തിക്കുന്ന AsianSIL-ലൂടെ മേഖലയിലെ നിയമ ഗവേഷണങ്ങളും ഉഭയകക്ഷി സഹകരണവും കൂടുതൽ ശക്തമാക്കുകയാണ് സമ്മേളനം കൊണ്ട് ലക്ഷ്യമിടുന്നത്.
​ആഗോളതലത്തിൽ ദ്രുതഗതിയിലുള്ള തന്ത്രപരവും സാങ്കേതികവുമായ മാറ്റങ്ങൾ സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ, പുതിയ നിയമക്രമ രൂപീകരണത്തിൽ ഏഷ്യൻ രാജ്യങ്ങളുടെ പങ്ക് ഏറെ നിർണ്ണായകമാണെന്ന് കോളേജ് ഓഫ് ലോ ഡീൻ ഡോ. സൂസൻ എൽ കാരാമാനിയനും കോൺഫറൻസ് ചെയർമാൻ ഡോ. ഖാലിദ് മുബാറക് അൽ കുവാരിയും വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img