11:35am 26 May 2026
NEWS
അഞ്ചരവർഷത്തെ കണ്ണീരിന് ഒടുവിൽ നീതി; ഹർഷീനയ്ക്ക് സർക്കാർ ജോലി, കത്രിക കുടുങ്ങിയ ദുരന്തത്തിൽ സർക്കാരിന്റെ കൈത്താങ്ങ്
26/05/2026  08:14 AM IST
സുരേഷ് വണ്ടന്നൂർ
അഞ്ചരവർഷത്തെ കണ്ണീരിന് ഒടുവിൽ നീതി; ഹർഷീനയ്ക്ക് സർക്കാർ ജോലി, കത്രിക കുടുങ്ങിയ ദുരന്തത്തിൽ സർക്കാരിന്റെ കൈത്താങ്ങ്

​തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വർഷങ്ങളോളം ദുരിതമനുഭവിച്ച ഹർഷീനയ്ക്ക് ഒടുവിൽ നീതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അസിസ്റ്റന്റായി ഹർഷീനയ്ക്ക് സ്ഥിരം നിയമനം നൽകാൻ സർക്കാർ ഉത്തരവായി. ആശുപത്രി സൂപ്രണ്ട് ഇന്ന് തന്നെ നിയമന ഉത്തരവ് കൈമാറും. നീണ്ട അഞ്ചര വർഷത്തെ വേദനകൾക്കും തെരുവിലെ സമരങ്ങൾക്കും ശേഷമാണ് ഹർഷീനയെ തേടി ഈ വലിയ ആശ്വാസ വാർത്തയെത്തുന്നത്. തനിക്ക് ഒടുവിൽ നീതി ലഭിച്ചെന്നും, തെരുവിൽ സമരം ചെയ്തപ്പോൾ കളിയാക്കിയവർക്കുള്ള മറുപടിയാണ് ഈ തീരുമാനമെന്നും ഹർഷീന മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
​കഴിഞ്ഞ ദിവസം രാവിലെ സെക്രട്ടേറിയറ്റിലെത്തിയ ഹർഷീനയും കുടുംബവും മുഖ്യമന്ത്രി വി.ഡി. സതീശനെയും ആരോഗ്യ മന്ത്രിയെയും നേരിൽ കണ്ടിരുന്നു. ഹർഷീനയ്ക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം ഉറപ്പായും നൽകുമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ അറിയിച്ചു.
​"2017-ൽ വയറ്റിൽ കുടുങ്ങിയ കത്രിക അഞ്ച് വർഷത്തിന് ശേഷമാണ് പുറത്തെടുത്തത്. ഇത്രയും കാലം അനുഭവിച്ച കഠിനമായ പ്രയാസങ്ങൾക്കാണ് ഈ ദിവസം നീതി ലഭിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായപ്പോഴും വി.ഡി. സതീശൻ അന്നും ഇന്നും എന്റെ കൂടെ ഉണ്ടായിരുന്നു."
— ഹർഷീന
​മന്ത്രിസഭായോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നത്. നിലവിലും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ചികിത്സ തുടരുകയാണെന്നും ഹർഷീന വ്യക്തമാക്കി. ആവശ്യമായ ചികിത്സാസഹായം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. ജോലി ലഭിച്ചെങ്കിലും, തനിക്ക് ഈ ദുരവസ്ഥ വരുത്തിവെച്ച പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കും വരെ നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് ഹർഷീന കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img