
ഹമാസ് നേതാവ് യഹ്യ സിൻവർ കൊല്ലപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ഒരു വർഷത്തിലേറെയായി സംഘടന പ്രവർത്തിക്കുന്നത് തലവനില്ലാതെ. യഹ്യ സിൻവർ കൊല്ലപ്പെട്ടതോടെ സംഘടനക്ക് നേരിട്ട തിരിച്ചടിയിൽ നിന്നും കരകയറാൻ ഹമാസ് നീക്കം തുടങ്ങി എന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി പുതിയ മേധാവിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചു.
ഒരു വർഷത്തിലധികം നീണ്ട ഇടവേളയ്ക്കുശേഷമാണ് തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തുടക്കം കുറിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ്, പ്രവാസ ജീവിതത്തിലുള്ള പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി 50 അംഗങ്ങളുള്ള ഹമാസ് ശൂറ കൗൺസിലിൽ രഹസ്യ വോട്ടെടുപ്പിലൂടെയാകും പുതിയ നേതാവിനെ തിരഞ്ഞെടുക്കുക.
ഖത്തറിൽ കഴിയുന്ന മുതിർന്ന നേതാക്കളായ ഖലീൽ അൽ ഹയ്യയും ഖാലിദ് മിഷാലും സ്ഥാനാർഥികളായി മുന്നിലുണ്ടെന്നാണ് വിലയിരുത്തൽ. സിൻവർ കൊല്ലപ്പെട്ടതിന് ശേഷം സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന അഞ്ചംഗ സമിതിയിലെ അംഗങ്ങളാണ് ഇരുവരും. 2025 സെപ്റ്റംബറിൽ ഖത്തറിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഖലീൽ അൽ ഹയ്യയും ലക്ഷ്യസ്ഥാനത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇസ്രയേൽ സൈനിക നടപടി വഴി 2024 ഒക്ടോബറിലാണ് യഹ്യ സിൻവർ കൊല്ലപ്പെട്ടത്. തുടർന്ന് ഹമാസിന്റെ നേതൃത്വത്തിൽ ഉണ്ടായ അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിനായാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് നീക്കങ്ങൾ നടക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.











