
ദോഹ: ലോക അൽഷിമേഴ്സ് മാസാചരണത്തിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) നേതൃത്വത്തിൽ റുമൈല ആശുപത്രിയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. വരുന്ന വ്യാഴാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് പരിപാടി. രോഗനിർണ്ണയം, മുൻകൂട്ടിയുള്ള ലക്ഷണങ്ങൾ തിരിച്ചറിയൽ, നിലവിലുള്ള ചികിത്സാ-പരിചരണ സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം.
"മുൻകൂട്ടി തിരിച്ചറിയാം, മികച്ച പരിപാലനം ഉറപ്പാക്കാം: ഡിമൻഷ്യയുടെ ആദ്യകാല നിർണ്ണയം മാറ്റങ്ങൾ കൊണ്ടുവരും" എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടികൾ. ലോക അൽഷിമേഴ്സ് ദിനമായ സെപ്റ്റംബർ 21-ന് പ്രത്യേക ബോധവൽക്കരണ പ്രദർശനവും സംഘടിപ്പിക്കും.
ഓർമ്മക്കുറവോ ഡിമൻഷ്യയോ നേരിടുന്നവർക്കായി കൃത്യമായ പരിശോധന, മൾട്ടിഡിസിപ്ലിനറി പരിചരണം, പുനരധിവാസം എന്നിവ ഉൾപ്പെടുന്ന സേവന ശൃംഖല ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഉറപ്പാക്കുന്നുണ്ടെന്ന് റുമൈല ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ഹനാദി അൽ ഹമദ് വ്യക്തമാക്കി.
രോഗികൾക്കും പരിചരിക്കുന്നവർക്കും സഹായവും മാർഗ്ഗനിർദ്ദേശവും നൽകാനായി 'രാഹ' (Raha) ഹെൽപ്പ് ലൈൻ (40262222) സേവനവും ലഭ്യമാണ്.











