
ദോഹ: വേനൽക്കാല അവധി സീസൺ അടുത്തിരിക്കെ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (HIA) യാത്രക്കാരുടെ തിരക്ക് വർധിക്കുന്നു. ഖത്തർ എയർവേയ്‌സിന്റെ ശൃംഖല വികസിക്കുന്നതിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 26 അന്താരാഷ്ട്ര വിമാന കമ്പനികൾ നിലവിൽ ദോഹയിലേക്ക് സർവീസ് നടത്തുന്നുണ്ട്.വിവിധ വിമാന കമ്പനികൾ സർവീസുകൾ പുനരാരംഭിക്കുകയും പുതിയ ഷെഡ്യൂളുകൾ അനുവദിക്കുകയും ചെയ്തതോടെ വിമാനത്താവളത്തിലെ എയർ ട്രാഫിക് ഗണ്യമായി വർധിച്ചു.
കൃത്യമായ ബുക്കിംഗും വാലിഡ് ആയ ടിക്കറ്റും ഉള്ള യാത്രക്കാർ മാത്രം വിമാനത്താവളത്തിലേക്ക് എത്തണമെന്ന് എയർപോർട്ട് അധികൃതർ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം (X) വഴി അറിയിച്ചു.യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സുഗമമായ യാത്ര ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സേവനങ്ങളും സൗകര്യങ്ങളും വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.വിമാന സമയത്തെക്കുറിച്ചോ ബുക്കിംഗിനെക്കുറിച്ചോ അറിയാൻ യാത്രക്കാർ നേരിട്ട് ബന്ധപ്പെട്ട വിമാന കമ്പനികളുമായി ബന്ധപ്പെടേണ്ടതാണ്.
അധികൃതരുമായും പങ്കാളിത്ത എയർലൈനുകളുമായും ഏകോപിപ്പിച്ചാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. പുതിയ വിമാന കമ്പനികളെ സ്വാഗതം ചെയ്യുന്നതിനൊപ്പം ആഗോള യാത്രാ ഭൂപടത്തിൽ ദോഹയുടെ പ്രാധാന്യം വർധിപ്പിക്കാനാണ് ഹമദ് വിമാനത്താവളം ലക്ഷ്യമിടുന്നത്.











