
ദോഹ: അനധികൃത വന്യജീവി കടത്തിനെതിരെയുള്ള ആഗോള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി 'യുണൈറ്റഡ് ഫോർ വൈൽഡ്‌ലൈഫ്' ട്രാൻസ്‌പോർട്ട് ടാസ്‌ക് ഫോഴ്‌സിൽ അംഗത്വമെടുത്ത് ഖത്തർ എയർപോർട്ട് ഓപ്പറേഷൻ ആൻഡ് മാനേജ്‌മെന്റ് കമ്പനിയായ 'മതാർ' (MATAR). ബക്കിംഗ്ഹാം പാലസ് പ്രഖ്യാപനത്തിൽ (Buckingham Palace Declaration) ഒപ്പുവെച്ചുകൊണ്ടാണ് മതാർ ഈ പങ്കാളിത്തം ഔദ്യോഗികമാക്കിയത്.
വന്യജീവികളുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും അനധികൃത കടത്ത് തടയുന്നതിനുള്ള കർശന നടപടികൾ ഉൾക്കൊള്ളുന്നതാണ് ബക്കിംഗ്ഹാം പാലസ് പ്രഖ്യാപനം. ബ്രിട്ടനിലെ വില്യം രാജകുമാരന്റെയും റോയൽ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ രൂപീകരിച്ച ഈ കൂട്ടായ്മയിൽ ചേരുന്നതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) കേന്ദ്രീകരിച്ചുള്ള പരിശോധനകളും നിരീക്ഷണങ്ങളും കൂടുതൽ ശക്തമാകും.
വന്യജീവി കടത്ത് തടയുന്നതിനായി ജീവനക്കാർക്കുള്ള പരിശീലനം, കൃത്യമായ റിപ്പോർട്ടിംഗ് സംവിധാനങ്ങൾ, ബന്ധപ്പെട്ട അധികാരികളുമായുള്ള സഹകരണം എന്നിവ വർദ്ധിപ്പിക്കാൻ ഈ പ്രഖ്യാപനം സഹായകരമാകും. ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ പരിസ്ഥിതി സുസ്ഥിരതാ നയത്തിന്റെ ഭാഗമായി ഇതിനകം 14,000-ത്തിലധികം ജീവനക്കാർക്ക് ഇത് സംബന്ധിച്ച പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
2026-ൽ ട്രാൻസ്‌പോർട്ട് ടാസ്‌ക് ഫോഴ്‌സ് രൂപീകരണത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് മതാറിന്റെ ഈ സുപ്രധാന നീക്കം. ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ ഉപകമ്പനിയായ മതാർ, വിമാനത്താവളത്തിലെ വിവിധ പങ്കാളികളുമായും സുരക്ഷാ ഏജൻസികളുമായും ചേർന്ന് തങ്ങളുടെ സസ്റ്റൈനബിലിറ്റി റോഡ്‌മാപ്പ് മുൻനിർത്തി കൂടുതൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകും.










