08:38pm 10 November 2026
NEWS
​രാഷ്ട്രീയം മാറ്റിവയ്ക്കൂ, ഈ കുഞ്ഞുങ്ങളെ കാണൂ; പി.എം ശ്രീ തർക്കത്തിൽ കണ്ണീരൊഴുക്കി അരലക്ഷം ഭിന്നശേഷി കുട്ടികൾ
03/07/2026  09:10 AM IST
സുരേഷ് വണ്ടന്നൂർ
​രാഷ്ട്രീയം മാറ്റിവയ്ക്കൂ, ഈ കുഞ്ഞുങ്ങളെ കാണൂ; പി.എം ശ്രീ തർക്കത്തിൽ കണ്ണീരൊഴുക്കി അരലക്ഷം ഭിന്നശേഷി കുട്ടികൾ

തിരുവനന്തപുരം: പി.എം ശ്രീ (PM SHRI) പദ്ധതി നടപ്പിലാക്കുന്നതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രണ്ടു കോണിൽ നിൽക്കുമ്പോൾ, അതിന്റെ പ്രത്യാഘാതം മുഴുവൻ അനുഭവിക്കുന്നത് സംസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന ഭിന്നശേഷി വിദ്യാർത്ഥികൾ. സമഗ്രശിക്ഷ കേരള (എസ്.എസ്.കെ) പദ്ധതി വഴി സംസ്ഥാനത്തിന് ലഭിക്കാനുള്ള ആയിരം കോടിയോളം രൂപയാണ് കേന്ദ്ര സർക്കാർ തടഞ്ഞുവച്ചിരിക്കുന്നത്. ഭരണകൂടങ്ങൾ തമ്മിലുള്ള ഈ തർക്കം കാരണം ഒരു വർഷത്തോളമായി കുട്ടികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങളും അത്യാവശ്യ ഉപകരണങ്ങളും ലഭിക്കുന്നില്ല. ഇതോടെ നിർധനരായ ഈ കുഞ്ഞുങ്ങളുടെ പഠനവും ദൈനംദിന ജീവിതവും പൂർണ്ണമായി താളംതെറ്റിയിരിക്കുകയാണ്.
​മുടങ്ങിയത് അത്യാവശ്യ സഹായങ്ങൾ; വഴിമുട്ടി ജീവിതം
​കാഴ്ച, കേൾവി പരിമിതിയുള്ള കുട്ടികൾക്കുള്ള പ്രത്യേക ഉപകരണങ്ങൾ, വീൽചെയറുകൾ, മറ്റ് പഠനസഹായ സാമഗ്രികൾ എന്നിവയുടെ വിതരണം പൂർണ്ണമായും പാളി. കഠിനമായ ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കൂളിലെത്താനുള്ള യാത്രാബത്ത, അവരെ സഹായിക്കാൻ കൂടെപ്പോകുന്നവർക്കുള്ള എസ്‌കോർട്ട് അലവൻസ്, പെൺകുട്ടികൾക്കുള്ള പ്രത്യേക സ്റ്റൈപ്പൻഡ് എന്നിവയെല്ലാം മാസങ്ങളായി കുടിശികയാണ്.
​സ്‌കൂളിൽ വരാൻ സാധിക്കാത്ത കുട്ടികളുടെ വീടുകളിൽ റിസോഴ്സ് അദ്ധ്യാപകർ നേരിട്ടെത്തി പഠിപ്പിക്കുന്നുണ്ടെങ്കിലും ഫണ്ടിന്റെ അഭാവം മൂലം സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെയും തെറാപ്പിസ്റ്റുകളുടെയും ശമ്പളം സ്ഥിരമായി വൈകുകയാണ്. ബി.ആർ.സി സെന്ററുകൾ വഴി ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയും നൽകുന്ന തെറാപ്പിസ്റ്റുകൾക്ക് പത്തുവർഷത്തോളമായി ശമ്പള വർദ്ധനവില്ല. ദുരിതം സഹിക്കാനാവാതെ പലരും ജോലി അവസാനിപ്പിക്കുന്നത് സർക്കാർ തെറാപ്പി സെന്ററുകൾ പൂട്ടുന്നതിന് ഇടയാക്കുന്നു. ഇതോടെ ഭാരിച്ച തുക നൽകി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് മാതാപിതാക്കൾ.
​എങ്ങനെ താങ്ങും ഈ സാധാരണ കുടുംബങ്ങൾ?
​വലിയ സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങളിലെ കുട്ടികളാണ് ഈ ഫണ്ട് മുടക്കത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്. വിപണിയിൽ ഭിന്നശേഷി കുട്ടികൾക്കുള്ള ഉപകരണങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയാണ് വില വരുന്നത്:
​ഡിജിറ്റൽ ശ്രവണ സഹായി: ഗുണനിലവാരവും കേൾവിക്കുറവിന്റെ തോതും അനുസരിച്ച് 30,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ.
​ആംഗിൾ ഫൂട്ട് ഓർത്തോസിസ് (സെറിബ്രൽ പാൾസി കുട്ടികൾക്ക്): 5,000 രൂപ മുതൽ 18,000 രൂപ വരെ.
​പേശീബലക്കുറവുള്ള കുട്ടികൾക്ക് നിൽക്കാനുള്ള ഉപകരണം: രോഗത്തിന്റെ കാഠിന്യം അനുസരിച്ച് 40,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ.
​രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറം, ഈ കുഞ്ഞുങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെയെങ്കിലും പ്രത്യേകമായി കണ്ട് അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്നാണ് കുട്ടികളുടെ മാതാപിതാക്കളും സാമൂഹിക പ്രവർത്തകരും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img