
കൊച്ചി∙ വില്ലിങ്ഡൻ ഐലൻഡിലെ റെയിൽവേ പാതയുടെ ഒരു ഭാഗം ദുരൂഹ സാഹചര്യത്തിൽ കാണാതായതായി കണ്ടെത്തി. ഐലൻഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള പാതയിൽ ഏകദേശം അര കിലോമീറ്ററോളം ട്രാക്കാണ് നഷ്ടമായിരിക്കുന്നത്. സംഭവത്തിന് പിന്നിൽ മോഷണസംഘങ്ങളുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.
കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്താണ് സംഭവം. സിഐഎസ്എഫിന്റെയും ആർപിഎഫിന്റെയും നിരീക്ഷണത്തിലുള്ള മേഖലയായിട്ടും ട്രാക്ക് കാണാതായ സംഭവം സുരക്ഷാ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്നതാണ്.
നിലവിൽ ട്രെയിൻ ഗതാഗതമില്ലാത്ത ഈ പാതയിൽ മുമ്പ് ഗർഡറുകൾ അഴിച്ചുമാറ്റി അറ്റകുറ്റപ്പണികൾ നടത്താൻ ശ്രമങ്ങൾ നടന്നിരുന്നു. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രാക്കുകൾ അനധികൃതമായി നീക്കം ചെയ്യപ്പെട്ടതാണോയെന്ന് റെയിൽവേ പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.









