02:06pm 13 November 2026
NEWS
ഗിരീഷ് കാസറവള്ളിയുടെ സിനിമാജീവിതത്തിന് അര നൂറ്റാണ്ട് ; ഡിസംബറിൽ ബെംഗളൂരുവിൽ ചലച്ചിത്രമേള.
13/11/2026  11:27 AM IST
വിഷ്ണുമംഗലം കുമാർ
ഗിരീഷ് കാസറവള്ളിയുടെ സിനിമാജീവിതത്തിന് അര നൂറ്റാണ്ട് ; ഡിസംബറിൽ ബെംഗളൂരുവിൽ ചലച്ചിത്രമേള


ഇന്ത്യൻ സമാന്തര സിനിമയിലെ പ്രമുഖ സംവിധായകനായ ഗിരീഷ് കാസറവള്ളിയുടെ ചലച്ചിത്രജീവിതത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ പ്രത്യേക ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. 'കാസറവള്ളി അറ്റ് 50' എന്ന പേരിലുള്ള മേള ഡിസംബർ 3 മുതൽ 5 വരെ പാലസ് റോഡിലെ കൊണ്ടാജി ബസപ്പ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. കന്നഡ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.
1977-ൽ പുറത്തിറങ്ങിയ 'ഘടശ്രാദ്ധ'യിലൂടെയാണ് ഗിരീഷ് കാസറവള്ളി ചലച്ചിത്രസംവിധാനരംഗത്തേക്ക് കടന്നുവന്നത്. ഇന്ത്യൻ സമാന്തര സിനിമയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ അഞ്ചു പതിറ്റാണ്ട് നീണ്ട സിനിമായാത്രയെ ആദരിക്കുകയാണ് മേളയുടെ ലക്ഷ്യം.
കാസറവള്ളിയുടെ പ്രശസ്ത ചിത്രങ്ങളായ 'ഘടശ്രാദ്ധ'യുടെ 4K പുനഃസ്ഥാപിച്ച പതിപ്പ്, 'ഹസീന', 'ദ്വീപ്', 'തായി സാഹേബ', 'കനസെംബ കുതിരയനേരി', 'തബരണ കഥ' എന്നിവ മേളയിൽ പ്രദർശിപ്പിക്കും.
പ്രശസ്ത സംവിധായകരായ മണിരത്നം, അനുരാഗ് കശ്യപ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഗിരീഷ് കാസറവള്ളിയോടൊപ്പം ഇന്ത്യൻ സമാന്തര സിനിമയുടെ വളർച്ചയും ഭാവിയും സംബന്ധിച്ച ചർച്ചയിലും ഇരുവരും പങ്കുചേരും.

ചലച്ചിത്രപ്രദർശനങ്ങൾക്കു പുറമെ സിനിമയുടെ വിവിധ സാങ്കേതിക മേഖലകളെ പരിചയപ്പെടുത്തുന്ന മാസ്റ്റർ ക്ലാസുകളും ശിൽപശാലകളും സംഘടിപ്പിക്കുന്നുണ്ട്. ഓസ്കാർ ജേതാവായ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി ശബ്ദരൂപകൽപ്പനയെക്കുറിച്ചുള്ള മാസ്റ്റർ ക്ലാസ് നയിക്കും. പ്രശസ്ത എഡിറ്റർ സുരേഷ് അറസ് എഡിറ്റിംഗ് ശിൽപശാലയ്ക്ക് നേതൃത്വം നൽകും. സംഗീതസംവിധായകരായ ഹംസലേഖ, രവി ബസ്രൂർ, കവി ജയന്ത് കൈകിനി എന്നിവർ പങ്കെടുക്കുന്ന ഗാനരചന, സംഗീതസംവിധാനം, റീ-റെക്കോർഡിംഗ് എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക സെഷനും ഉണ്ടായിരിക്കും.
സിനിമാരംഗത്തെ വനിതകളുടെ പങ്കിനെക്കുറിച്ചുള്ള പാനൽ ചർച്ചയിൽ നടിമാരായ താര, കവിത ലങ്കേഷ്, പവിത്ര ലോകേഷ്, മാളവിക അവിനാശ് എന്നിവർ പങ്കെടുക്കും.
അതേസമയം, സിനിമാരംഗത്ത് നിർമിതബുദ്ധിയുടെ (AI) സ്വാധീനത്തെക്കുറിച്ചും ഗിരീഷ് കാസറവള്ളി തന്റെ ആശങ്കകൾ പങ്കുവെച്ചു. സാങ്കേതികവിദ്യയുടെ വളർച്ചയിൽ അത്ഭുതമുണ്ടെങ്കിലും ഒരു സംവിധായകന്റെ വ്യക്തിപരമായ അനുഭവങ്ങളും ജീവിതവീക്ഷണവും സിനിമയുടെ ആത്മാവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യരുടെ യഥാർഥ വികാരങ്ങളും ജീവിതാനുഭവങ്ങളും പൂർണമായി പകർത്താൻ നിർമിതബുദ്ധിക്ക് കഴിയില്ലെന്നും സിനിമയുടെ കലാപരമായ ആഴമാണ് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചലച്ചിത്രമേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img