
ദോഹ: 1448 ഹിജ്റ വർഷത്തിലെ ഹജ്ജ് സീസണി മുന്നോടിയായി മക്കയിലെയും മദീനയിലെയും തീർത്ഥാടകരുടെ താമസകേന്ദ്രങ്ങൾക്കുള്ള ലൈസൻസിംഗ് മാനദണ്ഡങ്ങളിലും നിർദ്ദേശങ്ങളിലും സൗദി ടൂറിസം മന്ത്രാലയം ഭേദഗതി വരുത്തി. ഹജ്ജ് ഹോട്ടലുകളുടെ പ്രവർത്തനം, തരംതിരിക്കൽ മാനദണ്ഡങ്ങൾ, നിയമലംഘനങ്ങൾക്കുള്ള പിഴത്തുക എന്നിവയിലാണ് പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത്.
തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹജ്ജ് വസതികളെ 'ഇക്കണോമി', 'ഫസ്റ്റ് ക്ലാസ്' എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. മുറികളുടെ സൗകര്യം, സ്വീകരണമുറി, ശുചിത്വം, അറ്റകുറ്റപ്പണികൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ വർഗ്ഗീകരണം.
ലൈസൻസ് അനുവദിക്കുന്നതിന് മുമ്പും, തീർത്ഥാടകർ എത്തുന്നതിന് തൊട്ടുമുമ്പും, ഹജ്ജ് സീസണിലുടനീളവും താമസകേന്ദ്രങ്ങളിൽ കൃത്യമായ പരിശോധനകൾ നടക്കും. "നമ്മുടെ അതിഥികൾക്കാണ് മുൻഗണന" (Our Guests Are a Priority) എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. 1448-ലെ ഹജ്ജ് സീസണിൽ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകാൻ ആഗ്രഹിക്കുന്നവർ ലൈസൻസ് നടപടികളും അറ്റകുറ്റപ്പണികളും മുൻകൂട്ടി പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.











