
മാന്നാർ: ശ്രീനാരായണ ഗുരുദേവൻ്റെ 172-ാം മത് ജയന്തിയോടനുബന്ധിച്ച് ഗുരുവസന്തോത്സവം 2026 ൻ്റെ രണ്ടാം ദിവസമായ ആഗസ്റ്റ് 17 ചിങ്ങം 1 ന് തിങ്കൾ രാവിലെ 10 മണിയ്ക്ക് ഗുരുശ്രീ കർഷക ശ്രേഷ്ഠ പുരസ്ക്കാര സമർപ്പണവും കാർഷിക സെമിനാറും നടക്കും. ചടങ്ങുകളുടെ ഉദ്ഘാടനം ചെന്നിത്തല തൃപ്പെരുന്തുറ 3553-ാം നമ്പർ സഹകരണ ബാങ്ക് പ്രസിഡൻ്റ് ഐപ്പ് ചാണ്ടപ്പിള്ള നിർവഹിക്കും. ചടങ്ങിൽ യൂണിയൻ ജോ.കൺവീനർ പുഷ്പ ശശികുമാർ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ്റെ പരിധിയിൽ വരുന്ന 4 മേഖലകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച കർഷകർക്ക് കർഷക ശ്രേഷ്ഠ പുരസ്ക്കാരം നൽകി ചെറുകോൽ ശുഭാനന്ദാശ്രമം ട്രസ്റ്റി സ്വാമി ഗീതാനന്ദൻ ആദരിക്കും. 3451-ാം നമ്പർ ബുധനൂർ വടക്ക് ശാഖാ അംഗം ശശിധര വിലാസത്തിൽ ശശിധരൻ ,6323-ാംനമ്പർ ഗുരുസ്തവം ശാഖാ അംഗം അനീഷ് പി ചേങ്കര,ചെന്നിത്തല 3189-ാംനമ്പർ ഡോ.പൽപ്പുമെമ്മോറിയൽ ശാഖാ അംഗം സഹദേവൻ തകിടിയിൽ, പാവുക്കര 553-ാം നമ്പർ ശാഖാ അംഗം രാമചന്ദ്രൻ തുറവുംമൂട്ടിൽ എന്നിവരെ ആണ് മികച്ച കർഷകരായി തെരഞ്ഞെടുത്തിരിക്കുന്നത്. തുടർന്ന് അപ്പർകുട്ടനാടിൻ്റെ വികസന സാധ്യത എന്ന വിഷയത്തിൽ സെമിനാർ നടക്കും. മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് പ്രമോദ് കണ്ണാടിശ്ശേരിൽ,ബുധനൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ജി രാമകൃഷ്ണൻ,മാവേലിക്കര ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ ചെയർമാൻ ഗോപൻ ചെന്നിത്തല ,ചെന്നിത്തല ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ഹരികുമാർ ,സുഭദ്രഗോപി ഇരമത്തൂർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.യൂണിയൻ അഡ്.കമ്മറ്റിയംഗം പി ബി സൂരജ് സ്വാഗതവും ചെന്നിത്തല മേഖല കൺവീനർ പി മോഹനൻ കൃതജ്ഞതയും പറയും. ഉച്ചകഴിഞ്ഞ് 2.30 ന് മാസ്റ്റർ ഹരികൃഷ്ണൻ എം ഭക്തൻ വാഴപ്പള്ളിയും സംഘവും അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷനും നടക്കും.13 ദിവസങ്ങളിലായി നടക്കുന്ന ഗുരുവസന്തോത്സവം 2026, 28 ന് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളോടെ സമാപിക്കും.










