06:42pm 30 July 2026
NEWS
കോൺഗ്രസ്സിലെ ഗ്രൂപ്പിസം: കെ.സി.ഫോളോവേഴ്‌സ് സതീശനെ അനായാസം മുന്നോട്ടുവിടില്ല
30/07/2026  10:33 AM IST
ചെറുകര സണ്ണീലൂക്കോസ്
കോൺഗ്രസ്സിലെ ഗ്രൂപ്പിസം: കെ.സി.ഫോളോവേഴ്‌സ് സതീശനെ അനായാസം മുന്നോട്ടുവിടില്ല

വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തിയിട്ട് രണ്ടുമാസം പിന്നിട്ടിരിക്കുന്നു. മൂന്നാം തവണയും സംസ്ഥാന ഭരണം ഉറപ്പാണെന്ന് ധരിച്ചുവെച്ചിരുന്ന മുൻഭരണക്കാർക്ക് ഭരണനഷ്ടമായെന്നുള്ള വസ്തുതയെ തീരെ ഉൾക്കൊള്ളാനാവുന്നില്ല. അതുകൊണ്ടവർ പുതിയ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ നടപടികളേയും സത്യപ്രതിജ്ഞാദിനം തൊട്ടുതന്നെ ദിവസവും എന്തെങ്കിലും ഒക്കെ വിമർശനങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചു സംശയത്തിന്റെ നിഴലിലാക്കണം എന്ന് തീരുമാനിച്ചു. ആ തീരുമാനവർ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നുമുണ്ട്.
എന്നാൽ മുഖ്യമന്ത്രിയെ രാഷ്ട്രീയ ശത്രുക്കൾ ഇങ്ങനെ അസാധാരണാമാംവിധം കടന്നാക്രമിക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ സാധാരണ കോൺഗ്രസ് പ്രവർത്തകരും യു.ഡി.എഫ് അനുഭാവികളും പ്രതികരിക്കുന്നുണ്ട് എന്നതൊഴിച്ചാൽ കോൺഗ്രസിന്റെ, യു.ഡി.എഫിന്റെ മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കാൻ ഘടകകക്ഷി മന്ത്രിമാരും നേതാക്കളുമല്ലാതെ കോൺഗ്രസിന്റെ മന്ത്രിമാരോ കോൺഗ്രസിന്റെ പ്രധാന നേതാക്കളോ ആരും രംഗത്തുകാണുന്നില്ല.

അതേസമയം കോൺഗ്രസിലെ ചില നേതാക്കളെങ്കിലും രാഷ്ട്രീയ ശത്രുക്കളെക്കാൾ രൂക്ഷമായ ഭാഷയിൽ ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രിയെ വിമർശിക്കുന്നുണ്ട്. അവരേയും തിരുത്താനോ പ്രതിരോധിക്കാനോ രണ്ടാം നിരയിൽപ്പെട്ട രാജു പി. നായരും, ബി.ആർ.എം. ഷഫീറും പോലുള്ള ചിലർ ഒഴിച്ചാൽ പ്രധാനപ്പെട്ട നേതാക്കളാരും രംഗത്തുവരുന്നതായി കാണുന്നില്ല. മുഖ്യമന്ത്രിക്കസേരയിൽ വി.ഡി. സതീശൻ ഒരു മാസംപോലും തികയ്ക്കും മുമ്പേ സി.പി.എം നേതാക്കളെക്കാൾ രൂക്ഷമായി വിമർശനം ഉന്നയിച്ചുതുടങ്ങിയവരുടെ ഉദ്ദേശം എന്താണ്? ആരോടാണ് കോൺഗ്രസിൽ അവരുടെ കൂറ് എന്നറിയാൻ അവരുടെ  സമൂഹമാധ്യമക്കുറിപ്പുകൾ പരിശോധിച്ചാൽ മതിയാവും. അവരിൽ ചിലരെങ്കിലും ആഗ്രഹിച്ച സ്ഥാനമാനങ്ങൾ ലഭിക്കാത്തതിലുള്ള അതൃപ്തിയും അമർഷവും കൊണ്ടുനടക്കുന്നവരുമാണ്.

സർക്കാരിന്റെയും തന്റെയും പ്രതിച്ഛായ തകർക്കാൻ കോൺഗ്രസ് പാർട്ടിയിലെ ഉത്തരവാദപ്പെട്ടവർ തന്നെ പരസ്യമായി തയ്യാറാകുമ്പോൾ അത് വിലക്കാനോ നിയന്ത്രിക്കാനോ സംഘടനാനേതൃത്വത്തിൽ ആരോട് പരാതിപ്പെടും എന്ന നിസ്സഹായവസ്ഥയിലാണത്രേ മുഖ്യമന്ത്രി. കെ.പി.സി.സി പ്രസിഡന്റും രണ്ട്  വർക്കിംഗ് പ്രസിഡന്റുമാരും മന്ത്രിസഭയിലെ അംഗങ്ങളാണ്. സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി വിചാരിച്ചാൽ ഒരാഴ്ച കൊണ്ട് തീരുമാനിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ കെ.പി.സി.സി പ്രസിഡന്റിനെ. പുതിയ പി.സി.സി അദ്ധ്യക്ഷൻ ആരായിരിക്കണം എന്നത് മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. കെ.സി. വേണുഗോപാലിനോട് വിധേയത്തം പുലർത്തുന്ന ഒരാൾ പി.സി.സി അദ്ധ്യക്ഷനായാൽ സർക്കാരും പാർട്ടിയും രണ്ട് ധ്രുവങ്ങളിൽ സംഘർഷത്തിലേക്ക് പോകും എന്നതുറപ്പാണ്.

വി.ഡി. സതീശൻ കോൺഗ്രസ് എം.എൽ.എമാരുടെയോ നേതാക്കളുടെയോ താൽപ്പര്യമനുസരിച്ച് മുഖ്യമന്ത്രിയായതല്ലെന്നും അതുകൊണ്ട് മുഖ്യമന്ത്രിക്കസേരയിൽ ഒരു വർഷത്തിലധികം ആയുസ്സില്ലെന്നും എ.ഐ.സി.സിയുടെ സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി അടുപ്പക്കാരായറിയപ്പെടുന്നവർ പ്രചരിപ്പിക്കുന്നു എന്നത് നിസ്സാരമായി തള്ളിക്കളയാനാവില്ല. എന്നാൽ ഘടകകക്ഷികളുടെ ഉറച്ചപിന്തുണയാണ് വി.ഡി.എസിന്റെ കരുത്തും പിൻബലവും.

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാൻഡ് മുമ്പാകെ ശക്തമായ നിലപാട് എടുത്ത വി.എം. സുധീരൻ മദ്യം, കരിമണൽ വിഷയങ്ങളിലെടുത്ത സർക്കാർ വിമർശനത്തിലും കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നിലപാടിനെ പിന്തുണച്ചതിലും കെ.സി. വേണുഗോപാൽ പക്ഷം ആഹ്ലാദത്തിലാണ്. തങ്ങൾ ഏതെങ്കിലും നേതാവിന്റെയോ ഗ്രൂപ്പിന്റെയോ ആളുകളല്ല എന്ന് അവകാശപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രിയെ ലക്ഷ്യം വയ്ക്കുന്ന കോൺഗ്രസ് നേതാക്കൾ അമ്പുകൾ തൊടുക്കുന്നതെങ്കിലും അവരുടെ സമൂഹമാധ്യമപോസ്റ്റുകൾക്ക് താഴെ യു.ഡി.എഫ് സർക്കാർ അനുകൂലികളുടെ കെ.സി. വേണുഗോപാലിനെതിരായ കടന്നാക്രമണവും അതിരൂക്ഷമാണ്. സന്ദർഭം മുതലെടുക്കാൻ സി.പി.എം- ബി.ജെ.പി സൈബർ ഹാൻഡിലുകളും പോസ്റ്റുകളിട്ടു കൊഴിപ്പിക്കുന്നുണ്ടാവാം.

മുഖ്യമന്ത്രി വി.ഡി. സതീശനെതിരേയുണ്ടാകുന്ന കടന്നാക്രണങ്ങളെ ചെറുക്കാനോ പ്രതിേരാധിക്കാനോ കോൺഗ്രസിൽ അധികമാരും തന്നെ ധൈര്യം കാണിക്കുന്നില്ലെങ്കിലും കെ.സി. വേണുഗാപോലിനെതിരെയുള്ള വിമർശനങ്ങളെ പ്രതിരോധിക്കാൻ പലരും അറച്ചുനിൽക്കുന്നില്ലെന്ന് കാണാം. ദീപ്തി മേരി വർഗ്ഗീസ്, പഴകുളം മധു, വി.ആർ. അനൂപ്, പി.എം. നിയാസ്, ജിന്റോ ജോൺ, കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവരെല്ലാം കെ.സി. വേണുഗോപാലിനോടുള്ള കൂറും വിധേയത്തവും തങ്ങളുടെ പരസ്യപോസ്റ്റുകളിൽ കൂടിത്തന്നെ പ്രകടിപ്പിക്കുന്നവരാണ്. ഇതേ ആളുകൾ തന്നെ സർക്കാരിനെയും മുഖ്യമന്ത്രിയേയും കുറിച്ച് തങ്ങൾക്കുള്ള അഭിപ്രായവ്യത്യാസമോ വിമർശനമോ പാർട്ടിവേദികളിൽ പറയാൻ നിൽക്കാതെ പരസ്യമായി പ്രകടിപ്പിക്കുന്നു എന്നത് ഒട്ടും യാദൃച്ഛികമല്ലെന്ന് സാമാന്യബുദ്ധിയുള്ളവർക്കെല്ലാം മനസ്സിലാവുന്നതേയുള്ളൂ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രി നാഥിനെ നിയമിച്ചതിനെതിരെയാണ് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് ശക്തമായ ആക്ഷേപം ഉന്നയിച്ചത്. ശേഷാദ്രിനാഥിന് സംഘപരിവാർ ബന്ധമുണ്ടെന്നും നിയമനം കോൺഗ്രസിന്റെ അടിവേര് ഇളക്കുമെന്നും നിയാസ് പരസ്യമായി പ്രതികരിച്ചു. വിഷയം പാർട്ടിയിൽ ചർച്ച ചെയ്തില്ലെന്നതായിരുന്നു നിയാസിന്റെ ആരോപണത്തിന് പ്രേരകമായത്. വി.ഡി. സതീശന്റെ നോമിനിയാണ് ഇദ്ദേഹമെന്നും സതീശൻ വിരുദ്ധർ ധരിച്ചു. എന്നാൽ ശേഷാദ്രിനാഥിന്റെ പേര് നിർദ്ദേശിച്ചത് താനാണെന്നും അദ്ദേഹത്തിന് ആർ.എസ്.എസ് സംഘപരിവാർബന്ധം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും മന്ത്രി കെ.എം.  ഷാജി തുറന്നുപറഞ്ഞതോടെ ഈ ആക്ഷേപം ക്ലച്ചുപിടിക്കാതെ പോയി.

പിന്നീടാണ് ഗവൺമെന്റ്പ്ലീഡർ വിഷയത്തിൽ പരസ്യ ആരോപണവുമായി കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ രംഗത്തുവരുന്നത്. നൂറിലധികം ഗവൺമെന്റ് പ്ലീഡർമാരെ നിയമിക്കുന്നതിൽ രണ്ടുപേരുടെ കാര്യമാണ് വിവാദമാക്കിയത്.

ഒരാൾ ജിയോണ ജെയിംസ്. ലോയേഴ്‌സ് കോൺഗ്രസ് പ്രവർത്തകയെന്ന നിലയിൽ ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് ആണ് മുഖ്യമന്ത്രിയോട് ശുപാർശ ചെയ്തത്. ഇവർ തിരുവനന്തപുരം ലോ കോളേജിൽ പഠിക്കുമ്പോൾ സജീവ എസ്.എഫ്.ഐ പ്രവർത്തകയായിരുന്നുവെന്ന ലോ കോളേജിലെ മുൻ യൂണിറ്റ് പ്രസിഡന്റിന്റെ ആരോപണം അലോഷ്യസ് സേവ്യർ ഏറ്റെടുക്കുകയായിരുന്നു. തൃശൂർ ലോ കോളേജ് വിദ്യാർത്ഥിയായിരിക്കെ എ.ബി.വി.പി പ്രവർത്തകനായിരുന്നു എന്നതായിരുന്നു രണ്ടാമത്തെയാൾക്കെതിരായ ആരോപണം.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയോടോ കെ.പി.സി.സി പ്രസിഡന്റിനോടോ അന്വേഷിക്കുകയോ പരാതിപ്പെടുകയോ ചെയ്യുന്നതിന് മുമ്പ് ജൂലൈ 10 ന് മൂർച്ചയേറിയ എഫ്. ബി. കുറിപ്പ് ഇടുകയും അത് വാർത്തയാക്കുകയുമാണ് അലോഷ്യസ് ചെയ്തത്. എഫ്.ബി. കുറിപ്പിലെ ആദ്യവാചകം തന്നെ വെള്ളം കോരിയവരെയും വിറകുവെട്ടിയവരേയും നോക്കുകുത്തിയാക്കുന്ന നയം അംഗീകരിക്കാനാവില്ല എന്നായിരുന്നു. വഴിയിൽക്കൂടി പോകേണ്ടവരെയൊക്കെ ചുമക്കണ്ട ബാധ്യത യു.ഡി.എഫ് സർക്കാരിനില്ല എന്നുതുടങ്ങി നിശിതമായ വിമർശനം മർദ്ദനമേറ്റ കെ.എസ്.യു പ്രവർത്തകരുടെ ചിത്രങ്ങൾ സഹിതം പ്രസിദ്ധീകരിച്ചതോടെയാണ് അലോഷ്യസ് സേവ്യർ വാർത്തകളിലെ താരമായത്.

അതേസമയം മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചത് സംഘടനയുടെ സംസ്ഥാന സമിതിയും ഹൈക്കോടതി യൂണിറ്റ് കമ്മിറ്റിയും നൽകിയ ശുപാർശയിൽ ഈ പേരുണ്ട് എന്നായിരുന്നു. അവരുടെ പശ്ചാത്തലം അടക്കം പരിശോധിച്ചു. തിരുവനന്തപുരം ലോ കോളേജിലെ കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയല്ല ഗവൺമെന്റ് പ്ലീഡർമാരെ നിയമിക്കുന്നത് എന്നുമാണ്. ഇത് മുഖ്യമന്ത്രി കെ.എസ്.യുവിനെ അപമാനിച്ചു എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെട്ടു.

അതേസമയം ബി.ജെ.പി നേതാവായിരുന്ന സന്ദീപ് വാര്യർക്ക് കോൺഗ്രസിൽ ചേർന്ന് എം.എൽ.എയാകാമെങ്കിൽ മുൻ സി.പി.എംകാർക്ക് കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കാമെങ്കിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐയോ, എ.ബി.വി.പിയോ ആയിരുന്നവർക്ക് പിന്നീട് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിച്ചുകൂടെ എന്ന കെ.എസ്.യുവിലെ മറുപക്ഷക്കാരുടെ യുക്തിസഹമായ ചോദ്യത്തിന് ആരും മറുപടി പറഞ്ഞുകേട്ടില്ല.
ചിലരുടെ മോഹഭംഗമാണ് അവരെ സി.പി.എം ഭാഷയിൽ പരസ്യപ്രതികരണത്തിന് പ്രേരിപ്പിക്കുന്ന ചേതോവികാരമെന്നും അവർ ആരോപിച്ചിരുന്നു. അലോഷ്യസ് സേവ്യർ പൂഞ്ഞാർ സീറ്റ് ആഗ്രഹിച്ചിരുന്നെങ്കിലും ലഭിക്കാതെ പോയത് വി.ഡി. സതീശൻ കാരണമാണെന്ന് കരുതുന്നുണ്ടാവാം. ജിന്റോ ജോണിനും, ദീപ്തി മേരി വർഗ്ഗീസിനും സീറ്റ് ലഭിക്കാത്ത അസംതൃപ്തിയുണ്ട്. ദീപ്തിമേരി കോർപ്പറേഷൻ ചെയർപേഴ്‌സൺ പദവി ആഗ്രഹിച്ചെങ്കിലും ലഭിക്കുകയുണ്ടായില്ല.

പഴകുളം മധു, പി.എം. നിയാസ്, വി.ആർ. അനൂപ് തുടങ്ങിയവർ കെ.സിയുടെ ചാവേറുകൾ എന്ന നിലയിലാണ് പരസ്യപ്രതികരണത്തിന് മടിക്കുന്നത്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ എം.എൽ.എ കെ.സി. വേണുഗോപാലിനെതിരെ സൈബർ ആക്രമണം നടത്തുന്നതിനെതിരെ പത്രസമ്മേളനത്തിന് തയ്യാറായെങ്കിൽ ചില ഡി.സി.സി പ്രസിഡന്റുമാരും ചില കെ.പി.സി.സി ഭാരവാഹികളും ചില എം.എൽ.എമാരും സംഘടനാച്ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായി നിരന്തര സമ്പർക്കത്തിലാണ്. മുഖ്യമന്ത്രിയുടെ അഹങ്കാരത്തേയും ധാർഷ്ട്യത്തേയും കുറിച്ച് അവർ മാധ്യമ പ്രവർത്തകരോട് വാചാലരുമാണ്.

അപ്രിയസത്യങ്ങൾ ഏത് സഹപ്രവർത്തകരുടെയും മുഖത്ത് നോക്കിപ്പറയുകയും, പെട്ടെന്ന് ക്ഷോഭിക്കുകയും ഉമ്മൻചാണ്ടിയെയോ രമേശ് ചെന്നിത്തലയേയോപോലെ അഭിപ്രായ സംഘർഷങ്ങളുണ്ടാകുമ്പോൾ അനുനയവഴി സ്വീകരിക്കാത്തതും അങ്ങനെ അഭിനയിക്കാൻ പോലും അറിയാത്തതും വി.ഡി. സതീശന്റെ പാർട്ടിയിലെ എതിരാളികൾക്ക് മുതലെടുപ്പിനുള്ള അവസരമായി തീരുന്നുണ്ട് എന്നാണ് പാർട്ടിക്കുള്ളിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ. എന്തായാലും മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തുള്ളപോലെതന്നെ വീഴ്ചയാഗ്രഹിക്കുന്നവർ സ്വന്തം പാർട്ടിയിലുമുണ്ടെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് ഓരോ ചുവടും സൂക്ഷിച്ചുവയ്‌ക്കേണ്ടിവരും മുഖ്യമന്ത്രി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img