06:48am 02 November 2026
NEWS
മുല്ലമ്പള്ളി പാക്കേജ് ഉത്തരവ് പ്രകാരം തൊഴിൽ ഉറപ്പാക്കാൻ സർക്കാർ ശക്തമായി ഇടപെടും
മന്ത്രി റോജി എം ജോൺ

31/10/2026  08:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുല്ലമ്പള്ളി പാക്കേജ് ഉത്തരവ് പ്രകാരം തൊഴിൽ ഉറപ്പാക്കാൻ   സർക്കാർ ശക്തമായി ഇടപെടും    മന്ത്രി റോജി എം ജോൺ

കൊച്ചി : പാക്കേജ് ഉത്തരവ് പ്രകാരം ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിച്ചു എന്നുറപ്പാക്കേണ്ടത്  സർക്കാരിൻ്റെ ഉത്തരവാദിത്വം ആണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ റോജി എം ജോൺ വ്യക്തമാക്കി.   കളക്ടർ നേതൃത്വം കൊടുക്കുന്ന പാക്കേജ് മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനം  സമിതി അംഗങ്ങൾ മന്ത്രി സമക്ഷം നേരിട്ട് സമർപ്പിച്ച വേളയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2008 മാർച്ച് 19ന് വിജ്ഞാപനം ചെയ്ത പുനരധിവാസ ഉത്തരവിൽ (19/03/2008 GO(MS) 02/08/RD.) പദ്ധതിക്ക് വേണ്ടി കുടി ഒഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളിലെ ഓരോ ഉദ്യോഗാർത്ഥികൾക്കു വിധം വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് പദ്ധതിയിൽ തൊഴിൽ നൽകുമെന്ന്  വ്യക്തമാക്കിയിട്ടുണ്ട്.  31/09/2026ൽ ചേർന്ന് യോഗത്തിൻ്റെ  ( DCEKM/4900/2024 C6) മിനിറ്റ്സ് പ്രകാരം  നിരീക്ഷണ സമിതി മീറ്റിംഗിൽ കുടുംബങ്ങളുടെ പ്രതിനിധികൾ ഈ ഉത്തരവ് നടപ്പിലാക്കണമെന്ന് കളക്ടർ ജി പ്രിയങ്കയുടെ ശ്രദ്ധയിൽ വീണ്ടും ഉണർത്തി . ഇതിനെ  തുടർന്നാണ് കളക്ടറുടെ കത്ത് സർക്കാറിലേക്ക് അയച്ചത്. കൊച്ചി തുറമുഖ അതോറിറ്റിയുടെ പ്രതിനിധികളും  പങ്കെടുത്ത പ്രസ്തുത യോഗത്തിൽ അവരുടെ നിലപാട് വ്യക്തമാക്കുവാൻ കളക്ടർ ആവശ്യപ്പെട്ടു.  തുടർന്നാണ് നിരീക്ഷണ സമിതി അംഗങ്ങൾ ജില്ലയുടെ ചാർജ് വഹിക്കുന്ന  മന്ത്രി എന്ന നിലയിൽ ശ്രീ റോജി എം ജോണിനെ നേരിട്ട് കാണുവാൻ തീരുമാനിച്ചത്. വല്ലാർപാടം പദ്ധതിയുടെ യഥാർത്ഥ ഗുണഭോക്താക്കൾ കൊച്ചിൻ പോർട്ട് അതോറിറ്റിയാണ്." കൊച്ചിയെ സിംഗപ്പൂർ ആക്കും "എന്ന് വാഗ്ദാനം നൽകിയാണ് 2008 ൽ എൽഡിഎഫ് സർക്കാർ   മുളവുകാട് മൂലംപള്ളി , കോതാട്, ചേരാനല്ലൂര്, ഏലൂർ , മഞ്ഞുമ്മൽ, പടിഞ്ഞാറേ കടുങ്ങല്ലൂർ, ഇളമക്കര , പോണേക്കര, വടുതല എന്നീ പ്രദേശങ്ങളിൽ നിന്ന് 316 കുടുംബങ്ങളെ ഒയിപ്പിച്ചത്. കേന്ദ്ര പദ്ധതിയാണെങ്കിലും സ്ഥലം ഏറ്റെടുത്തത് സംസ്ഥാന റവന്യൂ വകുപ്പാണ്.  പുനരധിവാസ ഉത്തരവ് വിജ്ഞാപനം ചെയ്ത സംസ്ഥാന സർക്കാരിന് ആനുകൂല്യങ്ങൾ നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം ഉണ്ടെന്ന് കുടുംബങ്ങളുടെ പ്രതിനിധികൾ നിരീക്ഷണ സമിതി യോഗത്തിൽ സ്ഥാപിച്ചു. വികസനത്തിന്റെ നേട്ടങ്ങൾ കിടപ്പാടങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ലഭ്യമാക്കണം എന്ന് യോഗത്തിൽ സമവായം ഉണ്ടായി. നിരീക്ഷണ സമിതി അംഗങ്ങളായ അഡ്വക്കേറ്റ് സിആർ നീലകണ്ഠൻ , കെ.രജികുമാര്‍ , ഫ്രാൻസിസ് കളത്തിങ്കൽ എന്നിവരോടൊപ്പം  വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യ സമിതിയുടെ ചെയർമാൻ ഫാദർ ഫ്രാൻസീസ് സേവിയർ താന്ദിക്കപറമ്പിൽ, സിലിയ ഫെലിക്സ്, ജൂലിയൻ ജെയിംസ് എന്നിവർ അടങ്ങിയ  സംഘമാണ് അങ്കമാലിയിൽ ജില്ലയുടെ ചാർജ് വഹിക്കുന്ന മന്ത്രിയുടെ വസതിയിൽ എത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് എത്രയും പെട്ടെന്ന് എറണാകുളത്ത് വച്ച് തന്നെ മന്ത്രി തലത്തിലുള്ള ഒരു യോഗം വിളിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. ആരോഗ്യ കാരണങ്ങളാൽ മന്ത്രിയെ നേരിട്ട് സന്ദർശിക്കുവാൻ കഴിയാതിരുന്ന പ്രൊഫസർ കെ അരവിന്ദാക്ഷൻ  തൽസമയം ഫോണിൽ സംസാരിച്ച് വിഷയത്തിന്റെ അടിയന്തര  പ്രാധാന്യം മന്ത്രിയോട് വിശദീകരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img