
രാജ്യത്ത് പകർച്ചപനിയുടെ കാലമാണിത്. കുട്ടികളെയും ശ്വാസതടസ്സം ഉൾപ്പെടെ ഗുരുതര രോഗങ്ങളുള്ള മുതിർന്നവരെയുമാണ് പകർച്ചപനി ഗുരുതരമായി ബാധിക്കുന്നത്. ജനുവരി മുതൽ മാർച്ച് വരെയും ഓഗസ്റ്റ് - ഒക്ടോബർ വരെയുമാണ് പൊതുവെ ഇന്ത്യയിൽ പകർച്ചപനി റിപ്പോർട്ടു ചെയ്യുന്നത്. നിലവിൽ രാജ്യതലസ്ഥാനത്തുൾപ്പെടെ ഇത്തരം പകർച്ചപനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പകർച്ചപനി വരാതിരിക്കണമെങ്കിൽ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ വാക്സിനേഷൻ നടത്തേണ്ടതുണ്ട്. എന്നാൽ, കേരളത്തിൽ ഇനിയും ഇത്തരം വാക്ലിനേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.
പകർച്ചവ്യാധികൾ കുട്ടികളിലാണ് കുടുതൽ സങ്കീർണതകൾ സൃഷ്ടിക്കുന്നത്. പകർച്ചവ്യാധികൾ കൊണ്ട് കൂടുതൽ ബുദ്ധിമുട്ട് നേരിടാനിടയുള്ള നിത്യ രോഗികളും കലാവസ്ഥാ പനിയെ പ്രതിരോധിക്കാൻ കുത്തിവെപ്പ് എടുക്കേണ്ടതാണ്. നിത്യരോഗങ്ങളായ പ്രമേഹം, ആസ്തമ, ഹൃദയശ്വാസകോശ രോഗങ്ങൾ, വൃക്ക, അർബുദ രോഗികൾ, 65 വയസ്സിന് മുകളിലുള്ളവർ, ആറ് മാസത്തിനും അഞ്ച് വയസ്സിനുമിടയിലുള്ള കുട്ടികൾ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർഎന്നിവർ നിർബന്ധമായും കുത്തിവെപ്പെടുക്കണം.
വാക്സിനേഷൻ ഫലപ്രദമായി നടപ്പാക്കിയാൽ പകർച്ചപനി ജീവനെടുക്കുമെന്ന ആശങ്കയില്ലാതെ മലയാളികൾക്ക് സ്വസ്ഥമായി ജീവിക്കാനാകും. അതുകൊണ്ട് തന്നെ ഇനിയും കാലതാമസം വരുത്താത്തെ പകർച്ചപനിക്കെതിരായ വാക്സിനേഷൻ ക്യാമ്പയിൻ സംസ്ഥാന സർക്കാർ ആരംഭിക്കേണ്ടതുണ്ട്.











