04:31am 13 November 2026
NEWS
ശബരിമല യുവതീപ്രവേശനത്തിൽ സർക്കാർ നിലപാട് തിരുത്തണം: വെള്ളാപ്പള്ളി നടേശൻ
16/02/2026  04:53 PM IST
nila
ശബരിമല യുവതീപ്രവേശനത്തിൽ സർക്കാർ നിലപാട് തിരുത്തണം: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ സർക്കാർ ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ലെന്നും, യുവതീപ്രവേശനത്തിന് എതിരാണ് എസ്എൻഡിപി യോഗം എന്ന നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ പ്രവർത്തനങ്ങളിലൂടെ വിഷയത്തിൽ ഒരു പരിധിവരെ തിരുത്തൽ ഉണ്ടായതായി കണ്ടതായും, കേസുകൾ പിൻവലിക്കണോ എന്നത് സർക്കാർ തീരുമാനിക്കേണ്ട കാര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. “സർക്കാർ തിരുത്തണം, തിരുത്തേണ്ടത് തിരുത്തണം. ജനവികാരം സർക്കാർ കണ്ടതല്ലേ. അന്ന് അനുകൂലിച്ചവർ ഇന്ന് എതിർക്കുന്നു. ജി സുകുമാരൻ നായർ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എല്ലാം കേട്ടിട്ട് സർക്കാർ തീരുമാനിക്കട്ടെ,” അദ്ദേഹം കൂട്ടിച്ചേർത്തു.ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്കുകളിലെ ശരിയും തെറ്റും കോടതി കണ്ടെത്തട്ടെയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം, ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുൻ നിലപാട് തിരുത്തണമെന്ന് സംസ്ഥാന സർക്കാരിനോടും ദേവസ്വം ബോർഡിനോടും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു. യുവതീപ്രവേശന വിഷയത്തിൽ എൻഎസ്എസിന്റെ നിലപാടിൽ മാറ്റമില്ലെന്നും, കഴിഞ്ഞ ആറുവർഷമായി സർക്കാർ ആചാരങ്ങളിൽ മാറ്റമില്ലാതെ മുന്നോട്ടുപോയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ ഇപ്പോഴാണ് കേസിൽ ഇടപെടുന്നതെന്നും, കേന്ദ്രം എങ്ങനെയാണ് മുന്നോട്ട് പോകുക എന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തെ തകർത്തുകൊണ്ടുള്ള പുരോഗമന ചിന്ത ആവശ്യമില്ലെന്നും, ആചാര സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ നിലപാട് എടുക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ദീർഘകാല പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ 7 മുതൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചു. മറ്റൊരു ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസ് പൂർത്തിയായതിന് പിന്നാലെ ശബരിമല കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും 2026 മാർച്ച് 14-നോ അതിനുമുമ്പോ തങ്ങളുടെ എഴുത്തുപരമായ വാദങ്ങൾ സമർപ്പിക്കണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.