
തിരുവനന്തപുരം: സംസ്ഥാനത്തെ ഡിപ്ലോമ, ഐ.ടി.ഐ (യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് സർവ്വകലാശാലകളിലെ പരമ്പരാഗത ബിരുദ കോഴ്‌സുകളിൽ പ്രവേശനം നേടുന്നതിന് ചരിത്രപരമായ തിരുമാനവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) പ്രകാരം ത സാങ്കേതിക വിദ്യാഭ്യാസ മേഖലയെയും പരമ്പരാഗത ഉന്നതവിദ്യാഭ്യാസത്തെയും കൂട്ടിയോജിപ്പിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയും (KSHEC) സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷന്റെയും (SBTE) ശുപാർശകൾ അംഗീകരിച്ചാണ് ഗവർണറുടെ ഉത്തരവ്.
പ്രധാന മാറ്റങ്ങളും പ്രവേശന രീതികളും:
1. ഡിപ്ലോമക്കാർക്ക് രണ്ടാം വർഷ ബിരുദ കോഴ്‌സിലേക്ക് നേരിട്ട് പ്രവേശനം (Lateral Entry):
പോളിടെക്നിക് ഡിപ്ലോമ പാസായവർക്ക് നാല് വർഷ ബിരുദ കോഴ്‌സിന്റെ (FYUGP) രണ്ടാം വർഷത്തിലേക്ക് (മൂന്നാം സെമസ്റ്റർ) നേരിട്ട് പ്രവേശനം നേടാം.
മൂന്ന് വർഷ ഡിപ്ലോമ:
പത്താം ക്ലാസിന് ശേഷം മൂന്ന് വർഷ സാങ്കേതിക ഡിപ്ലോമ നേടിയവർ.
2 വർഷ ഡിപ്ലോമ (LET): പ്ലസ് ടുവിന് ശേഷം രണ്ട് വർഷ ഡിപ്ലോമ നേടിയവർ.
(ഇവരുടെ യോഗ്യത നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് NCrF Level 4.5 ആയി നിശ്ചയിച്ചിട്ടുണ്ട്. ഇത് ഡിഗ്രി ആദ്യ വർഷത്തിന് സമമാണ്.)
ഐ.ടി.ഐ (ITI) പൂർത്തിയാക്കിയവർക്ക് ഒന്നാം വർഷ ഡിഗ്രി പ്രവേശനം:
പത്താം ക്ലാസിന് ശേഷം ഐ.ടി.ഐ യോഗ്യത നേടുകയും, അതിനോടൊപ്പം ആവശ്യമായ 12 ക്രെഡിറ്റ് ലാംഗ്വേജ് (ഭാഷാ) കോഴ്‌സ് പൂർത്തിയാക്കുകയും ചെയ്ത വിദ്യാർത്ഥികൾക്ക് നാല് വർഷ ബിരുദ കോഴ്‌സിന്റെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
(ഇത് NCrF Level 4.0 ആയി പരിഗണിക്കും.)
എന്നു മുതൽ നടപ്പിലാകും?
ഈ പുതിയ ഉത്തരവും പ്രവേശന മാനദണ്ഡങ്ങളും 2027-28 അക്കാദമിക് വർഷം മുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും അവയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് / സ്വയംഭരണ (Autonomous) കോളേജുകളിലും നടക്കുന്ന നാല് വർഷ ബിരുദ (FYUGP) പ്രവേശനങ്ങൾക്ക് ഈ നിയമം ബാധകമായിരിക്കും.
സംസ്ഥാനത്ത് ഏകീകൃതമായ രീതിയിൽ ഇത് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ നോഡൽ അതോറിറ്റിയായി ചുമതലപ്പെടുത്തിയിട്ടുണ്ട്.










