
തിരുവനന്തപുരം: തുടർച്ചയായ ഡ്യൂട്ടിയും ജോലിഭാരവും നേരിടുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസമാകുന്ന നിർണായക നീക്കം. എസ്.എച്ച്.ഒമാർ ഉൾപ്പെടെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും അവധി നൽകണമെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ നിർദേശം നൽകി.
ഇക്കാര്യം ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്. അടിയന്തര സേവനങ്ങളുടെ സ്വഭാവം കണക്കിലെടുത്ത് ഡ്യൂട്ടി ക്രമീകരിക്കുമ്പോഴും ഓരോ ഉദ്യോഗസ്ഥനും ആഴ്ചയിലെ അവധി കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് നിർദേശം.
ഉദ്യോഗസ്ഥരുടെ അവധി മുൻകൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം. വളരെ അടിയന്തരമോ അത്യന്താപേക്ഷിതമോ ആയ സാഹചര്യങ്ങളിലൊഴികെ അർഹമായ ആഴ്ചയിലെ അവധി നിഷേധിക്കാനും പാടില്ല.
പോലീസുകാർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാനും മതിയായ സമയം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് നിർദേശത്തിന്റെ ലക്ഷ്യം. കുടുംബവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചടങ്ങുകളിലും ആവശ്യങ്ങളിലും ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദീർഘമായ ജോലി സമയവും തുടർച്ചയായ ഡ്യൂട്ടിയും മൂലം സമ്മർദം നേരിടുന്ന പോലീസ് സേനാംഗങ്ങൾക്ക് നിർദേശം ഏറെ ആശ്വാസകരമാകുമെന്നാണ് പ്രതീക്ഷ.











