
തിരുവനന്തപുരം:: രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ വോട്ട് രേഖപ്പെടുത്തുന്ന സ്ത്രീകളുടെ എണ്ണം കാലാകാലങ്ങളായി വർദ്ധിച്ചുവരികയാണെങ്കിലും, നിയമനിർമ്മാണ സഭകളിലെ അവരുടെ പ്രാതിനിധ്യം ഇന്നും നിരാശാജനകമായി തുടരുന്നു. ഏറ്റവും ഒടുവിൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലടക്കം സ്ത്രീകൾ ആവേശത്തോടെ പങ്കുചേർന്നത് നാം കണ്ടതാണ്. എന്നാൽ ഈ ജനപങ്കാളിത്തം നിയമസഭകളിലോ പാർലമെന്റിലോ പ്രതിഫലിക്കുന്നില്ലെന്നത് പകൽപോലെ വ്യക്തമായ സത്യമാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 49 ശതമാനത്തോളം വരുന്ന സ്ത്രീസമൂഹത്തിന് നിയമസഭകളിൽ കേവലം 9 ശതമാനവും ലോക്സഭയിൽ 14 മുതൽ 15 ശതമാനം വരെയും മാത്രമാണ് പ്രാതിനിധ്യമുള്ളത്.
ഈ വലിയ വിടവ് നികത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന 33 ശതമാനം വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടത് രാജ്യത്തെ സ്ത്രീസമൂഹത്തിന് ലഭിക്കുമായിരുന്ന വലിയൊരു സുവർണാവസരമാണ് നഷ്ടപ്പെടുത്തിയത്. ലോക്സഭയുടെ അംഗബലം 543-ൽ നിന്ന് 850 ആയി ഉയർത്താനും അതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാനുമായിരുന്നു ബിൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ചരിത്രപരമായ ഈ നീക്കത്തിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല. 298 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തു. ബിൽ പാസ്സാക്കാൻ ആവശ്യമായിരുന്ന 352 വോട്ടുകൾ തികയാതെ വന്നതോടെ രാജ്യം കാത്തിരുന്ന ആ വലിയ മാറ്റം അട്ടിമറിക്കപ്പെട്ടു.
പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങളിലൂടെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് വലിയ പ്രാതിനിധ്യം നൽകിയ രാജീവ് ഗാന്ധിയുടെ കാലത്തെ വിപ്ലവകരമായ നീക്കത്തിന്റെ തുടർച്ചയായിരുന്നു ഈ ബിൽ. കോൺഗ്രസ് മുൻകൈയെടുത്ത് കൊണ്ടുവന്ന ആശയമായിരുന്നിട്ടും, അത് പ്രായോഗികമാകാൻ പോകുന്ന ഘട്ടത്തിൽ രാഷ്ട്രീയമായ കാഴ്ചപ്പാടുകളോടെ അതിനെ എതിർത്തു തോൽപ്പിച്ചത് ജനാധിപത്യ വിശ്വാസികളെ അത്ഭുതപ്പെടുത്തുന്നു. 2023-ൽ എല്ലാവരും ഒരുപോലെ കയ്യടിച്ച് പാസ്സാക്കിയ നിയമമാണിതെന്ന് ഓർക്കുമ്പോഴാണ് ഇപ്പോഴത്തെ പരാജയം കൂടുതൽ ചർച്ചയാകുന്നത്.
രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളുടെ വികാരങ്ങളെ മാനിക്കണമെന്നും മനഃസാക്ഷിയുടെ വോട്ട് രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിൽ അഭ്യർത്ഥിച്ചിരുന്നു. ഈ ഭേദഗതി പാസ്സായിരുന്നെങ്കിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ വനിതകൾക്കും വലിയ തോതിൽ പ്രാതിനിധ്യം ലഭിക്കുമായിരുന്നു. കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകൾ വർദ്ധിപ്പിക്കുന്നത് ജമ്മു കാശ്മീർ അടക്കമുള്ള മേഖലകൾക്കും ഗുണകരമാകുമായിരുന്നു. എന്നാൽ, സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ സുവർണാവസരം വന്നപ്പോൾ പുറംതിരിഞ്ഞു നിൽക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. രാഷ്ട്രീയ സമവായത്തിലൂടെ നടപ്പിലാക്കേണ്ടിയിരുന്ന ഈ വലിയ ലക്ഷ്യം അട്ടിമറിക്കപ്പെട്ടതോടെ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഒരു നിർണ്ണായക അധ്യായമാണ് പൂർത്തിയാകാതെ പോയത്.










